ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ എയർവേയ്‌സ് തങ്ങളുടെ പ്രതിദിന ദോഹ സർവീസ് പുനഃസ്ഥാപിച്ചു കൊണ്ട് മൂന്ന് വർഷത്തിന് ശേഷം ബിർമിംഗ്ഹാം എയർപോർട്ടിലേക്ക് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചു. പകർച്ചവ്യാധിമൂലം 2020 തിൻെറ തുടക്കത്തിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന് ശേഷം ആദ്യമായാണ് ദോഹ ആസ്ഥാനമാക്കിയുള്ള പ്രതിദിന ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ജൂലൈ 10-നാണ് ബോയിംഗ് 787 ഡ്രീംലൈനർ ബിർമിംഗ്ഹാം എയർപോർട്ടിൽ നിന്നുള്ള സർവീസുകൾ പുനരാംഭിക്കുക. എന്നാൽ 800ലധികം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന A380 മോഡലിന്റെ സർവീസ് ബിർമിംഗ്ഹാം എയർപോർട്ടിൽ പുനരാംഭിക്കുമോയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഖത്തർ എയർവേയ്‌സിന്റെ തിരിച്ചുവരവിനെ യുകെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്‌തിരിക്കുന്നത്‌. നിലവിൽ ബിഎച്ച്‌എക്‌സിൽ അഭാവം ദോഹയിലേക്കുള്ള യാത്രക്കാരുടെ ഓപ്ഷനുകളെ പരിമിതപ്പെടുത്തിയിരുന്നു. ഇതുമൂലം യുഎഇയിൽ സേവനം നൽകുന്ന മറ്റ് ഓപ്പറേറ്റർമാർ ടിക്കറ്റ് വില ഉയർത്തിയിരുന്നു. നേരത്തെ എമിറേറ്റ്സ് ഈ വേനൽക്കാലത്ത് ബിർമിംഗ്ഹാം എയർപോർട്ടിൽ നിന്ന് തങ്ങളുടെ A380 സേവനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് എന്ന് അറിയിച്ചിരുന്നു.

2016-ലാണ് ഖത്തർ എയർവേയ്‌സ് ബർമിംഗ്ഹാം എയർപോർട്ടിൽ സേവനം ആദ്യം ആരംഭിച്ചത്. ഖത്തർ എയർവേയ്‌സിൻെറ തിരിച്ചുവരവിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ബിർമിംഗ്ഹാം എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ബാർട്ടൺ പറഞ്ഞു.