നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫും കോന്നിയില്‍ എല്‍.ഡി.എഫും വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. ഫോട്ടോഫിനിഷിലേക്ക് നീളുന്ന അരൂരില്‍ എല്‍.ഡി.എഫിനും വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനും ഒരു ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയാണ് എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്
പെരുമഴകൊണ്ട് ജനമെഴുതിയ വിധിയിലേക്കുള്ള സൂചനകളില്‍ ഏറ്റവുംവലിയ അട്ടിമറി നടന്നത് കോന്നിയിലാണ്. രണ്ടുപതിറ്റാണ്ടായി യു.ഡി.എഫിന്റെ സുരക്ഷിതകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം 46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. യു.ഡി.എഫിനെ 41 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചപ്പോള്‍ വന്‍ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എന്‍.ഡി.എയെ തുണച്ചത് 12 ശതമാനംപേര്‍ മാത്രം.
ശക്തമായ ത്രികോണമല്‍സരം നടന്ന വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ജനാഭിപ്രായവും പ്രവചാനതീതം തന്നെ. ഫോട്ടോഫിനിഷില്‍ 37 ശതമാനം പേരുടെ പിന്തുണയുമായി യു.ഡി.എഫ് മുന്നിലുണ്ടെങ്കിലും 36 ശതമാനംപേരുടെ രാഷ്ട്രീയമനസ് ഇടതുമുന്നണിക്കൊപ്പമാണ്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍.ഡി.എയ്ക്കൊപ്പം ഇക്കുറി 26 ശതമാനം വോട്ടര്‍മാര്‍ മാത്രമെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈവരിച്ച അസാധാരണ മുന്നേറ്റത്തോടെ രാഷ്ട്രീയ പ്രാധാന്യം കൈവന്ന അരൂരിലെ അന്തിമഫലവും പ്രവചനാതീതമെന്നാണ് അഭിപ്രായസര്‍വെഫലം അടിവരയിടുന്നത്. 44 ശതമാനത്തിന്റെ മേല്‍ക്കൈയോടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തുമ്പോഴും 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി യു.ഡി.എഫ്. വിജയത്തിനരികെ തന്നെയാണ്.എന്‍.ഡി.എയ്ക്ക് ലഭിച്ചത് 11 ശതമാനം പിന്തുണ.
എറണാകുളത്തിന്റെ ജനമനസ് യു.ഡി.എഫിനൊപ്പംതന്നെയെന്ന് പ്രഖ്യാപിച്ചത് 55 ശതമാനം വോട്ടര്‍മാരാണ്. എല്‍.ഡി.എഫിന് 30 ശതമാനവും എന്‍.ഡി.എയ്ക്ക് 12 ശതമാനവും വോട്ടര്‍മാര്‍ എറണാകുളത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കിയ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചാണ് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നാണ് എക്സിറ്റ്പോള്‍ ഫലം നല്‍കുന്ന സൂചന.
36 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എയും 31 ശതമാനം വീതം ജനപിന്തുണയോടെ അഭിപ്രായ സര്‍വെകളില്‍ ഒപ്പമെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. വോട്ടെടുപ്പുദിനത്തില്‍ ഓരോ മണ്ഡലത്തിലും ശരാശരി തൊള്ളായിരം പേരെ നേരില്‍ക്കണ്ട് ശേഖരിച്ച അഭിപ്രായങ്ങള്‍ സമാഹരിച്ച് ശാസ്ത്രീയ വിശകലനത്തിലൂടെയാണ് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ്പോള്‍ ഫലത്തിന്റെ അന്തിമസൂചനകളിലെത്തിയത്.
എന്നാൽ അങ്ങ് മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രമുഖ എക്സിറ്റ് പോളുകളിലൊന്നും കോണ്‍ഗ്രസിനോ യുപിഎയ്ക്കോ പ്രതീക്ഷക്ക് വക നല്‍കുന്ന വിവരങ്ങളൊന്നും തന്നെയില്ല. എന്‍ഡിഎയ്ക്ക് ഒരു ഈസി വാക്കോവർ പ്രവചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലും എക്സിറ്റ്പോളുകൾ.
മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളിൽ ബിജെപി-സേന സഖ്യം 166 മുതൽ 243 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ റ്റുഡേ 166 മുതൽ 194 വരെ സീറ്റുകളാണ് ബിജെപി-സേന സഖ്യത്തിന് നൽകുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. മറ്റുള്ളവർ 22-34 സീറ്റുകളിലും ജയിക്കുമെന്നാണ് ഇന്ത്യാ റ്റുഡേ പറയുന്നത്. ടിവി9 ബിജെപി-സേന സഖ്യത്തിന് പ്രവചിച്ചിരിക്കുന്നത് 197 സീറ്റും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 75 സീറ്റുമാണ്. ടിവി9 മറ്റുള്ളവർക്ക് 16 സീറ്റുകളാണ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്‍റെ പ്രവചനമനുസരിച്ച് ബിജെപി സഖ്യം നേടുക 230 സീറ്റാണ്. കോണ്‍ഗ്രസ് സഖ്യത്തിന് 48ഉം മറ്റുള്ളവർക്ക് 10ഉം സീറ്റുകൾ ടൈംസ് നൗ പ്രവചിക്കുന്നു. എബിപി ന്യൂസ് സർവേ പ്രകാരം ബിജെപി സേന സഖ്യം 204 സീറ്റിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യം 69 സീറ്റിലും മറ്റുള്ളവർ 15 സീറ്റിലും വിജയിക്കും. ന്യൂസ്18 ബിജെപി സഖ്യത്തിന് 243 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 41 സീറ്റും മറ്റുള്ളവർക്ക് 4 സീറ്റും പ്രവചിക്കുന്നു. ജന്‍ കി ബാത് ആവട്ടെ മഹായുതിക്ക് 223 സീറ്റ് ആണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 54 സീറ്റിലും മറ്റുള്ളവർ 11 സീറ്റിലും ജയിക്കുമെന്നും ജന്‍ കി ബാത് പറയുന്നു. ഇതേ പ്രവചനം തന്നെയാണ് റിപബ്ലിക്ക് ടിവിയുടേതും. എൻഡിടിവിയുടെ പോൾ ഓഫ് പോളും ബിജെപി-സേന സഖ്യത്തിന് 211 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ്-എൻസിപി സഖ്യം 64 സീറ്റിലും മറ്റുള്ളവർ 13 സീറ്റിലും വിജയിക്കുമെന്ന് എന്‍ഡിടിവി പറയുന്നു.
ഹരിയാനയിലേക്ക് വന്നാലും കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും പ്രതീക്ഷക്ക് വകയുള്ളതൊന്നും എക്സിറ്റ് പോളുകളില്‍ കാണുന്നില്ല. ഐഎന്‍എല്‍ഡി-അകാലിദൾ സഖ്യവും എക്സിറ്റ് പോൾ ചിത്രത്തിലില്ല. ആകെ 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയിലുള്ളത്. ന്യൂസ് എക്സ് ബിജെപിക്ക് 77 സീറ്റുകളാണ് ഇവിടെ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 11ഉം ഐഎന്‍എല്‍ഡി-അകാലിദള്‍ സഖ്യത്തിന് രണ്ട് സീറ്റും ന്യൂസ് എക്സ് പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപിക്ക് 71 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും മറ്റുള്ളവർക്ക് 8 സീറ്റുമാണ് പറയുന്നത്. ടിവി9 സർവേ പ്രകാരം ബിജെപി 69 സീറ്റ് നേടും. കോണ്‍ഗ്രസ് 11 ഉം ഐഎന്‍എല്‍ഡി-അകാലിദൾ സഖ്യം ഒരു സീറ്റും നേടുമെന്ന് അവർ പറയുന്നു. മറ്റുള്ളവർക്ക് 9 സീറ്റും ടിവി9 സർവേ പ്രകാരം ലഭിക്കും. ന്യൂസ്18 ഹരിയാനയില്‍ 75 സീറ്റാണ് ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നത്. കോണ്‍ഗ്രസിന് 10 ഉം മറ്റുള്ളവർക്ക് 5 സീറ്റുമാണ് ന്യൂസ്18 സർവേ പ്രകാരം ലഭിക്കുക. റിപബ്ലിക് ടിവി 56 മുതൽ 63 വരെ സീറ്റുകളാണ് ബിജെപിക്ക് കിട്ടാൻ സാധ്യതയായി പറയുന്നത്. കോണ്‍ഗ്രസിന് 15-19 സീറ്റ് വരെ റിപബ്ലിക് ടിവി പ്രവചിക്കുന്നു. ജന്‍ കി ബാത് ബിജെപിക്ക് 57ഉം കോണ്‍ഗ്രസിന് 17ഉം മറ്റുള്ളവർക്ക് 16 സീറ്റും പ്രവചിക്കുന്നു. എന്‍ഡിടിവി പോൾ ഓഫ് പോൾ ബിജെപിക്ക് 66, കോണ്‍ഗ്രസിന് 14, ഐഎന്‍എല്‍ഡി അകാലിദൾ സഖ്യത്തിന് 2 മറ്റുള്ളവർക്ക് 8 എന്ന ക്രമത്തിലാണ് സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്.
Leave a Reply