ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദമായി. അര്‍ധരാത്രിക്കുശേഷം രാമനാഥപുരത്തിനും തൂത്തുക്കുടിക്കുമിടയില്‍ കരയിലെത്തും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. കേരളത്തിലെത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയാകും എന്നാണ് അനുമാനം.

സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടക്കം അവധി ബാധകമാണ്. ദുരന്ത നിവാരണം, അവശ്യ സർവീസ്, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് ‌ അവധി ബാധകമല്ല.

തെക്കന്‍തമിഴ്നാട്ടിലാകെ മഴയും കാറ്റും സൃഷ്ടിച്ചുകൊണ്ടാണ് ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്തേക്ക് എത്തുന്നത്. തൂത്തുക്കുടി, തിരുനല്‍വേലി പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം കോട്ടയം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

കൊല്ലം തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് കടക്കുമ്പോള്‍ ന്യൂനമര്‍ദത്തിന് വീണ്ടും ശക്തി കൈവരാം. സംസ്ഥാനത്തെ ദുരന്തനിവാരണസംവിധനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്, ദേശീയ ദുരന്തനിവാരണസേനയും അഗ്നിശമന സേനയും സജ്ജമാണ്. ജില്ലാതലത്തില്‍കലക്ടര്‍മാരും താലൂക്കുകളില്‍തഹസീല്‍ദാര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ദുരിതാശ്വാസക്യാമ്പുകള്‍തുറക്കാനും സര്‍ക്കാര്‍ നിര്‍േശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡും ജലവിഭവവകുപ്പും ജലസംഭരണികളിലെ നീരൊഴുക്ക് നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശത്തും കനത്തജാഗ്രത തുടരുകയാണ്.

സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും.വിവിധ സേനാവിഭാഗങ്ങളുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2891 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടര്‍മാരെ സഹായിക്കാന്‍ സെക്രട്ടറിമാരെയും നിയോഗിക്കും. മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം രാവിലെ പത്തുമുതല്‍ ആറുവരെ അടച്ചിടും. എറണാകുളം വരെ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. അതിതീവ്രമായി മഴ പെയ്താല്‍ മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവിൽ പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.