പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ദിനാഘോഷത്തിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ.കുലാസ്. ഒൗദ്യോഗികമായി വിളിച്ചത് അനില്‍ രാധാകൃഷ്ണൻ മേനോനെ മാത്രമാണെന്നും ബിനീഷിനെ വിളിച്ചിരുന്നില്ലെന്നും മുഖ്യാതിഥിയായി വരുന്നതും അറിഞ്ഞിരുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബിനീഷിനെ തടഞ്ഞിട്ടില്ലെന്നും പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിച്ചിട്ടും ബിനീഷ് വന്നില്ലെന്നും ഡോ. കുലാസ് പറഞ്ഞു.
എന്നാൽ ബിനീഷിനെ അപമാനിച്ചെന്ന വിവാദം തെറ്റിദ്ധാരണമൂലമെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് പ്രതികരിച്ചു. ബിനീഷിന് ഇനിയും അവസരം നല്‍കും. ഇനി പൊതുപരിപാടികള്‍ക്കില്ലെന്നും അനില്‍ രാധാകൃഷ്ണന് മേനോന് വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ ഇടപെട്ടിരുന്നു. പ്രിന്‍സിപ്പലിനോട് നേരിട്ട് ഹാജരാകാന്‍ മന്ത്രി എ.കെ ബാലന് നിര്‍ദേശിച്ചു. സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മാപ്പ് പറഞ്ഞു. താന്‍ മാത്രമേ ഉണ്ടാകൂ എന്നാണ് കോളജ് അധികൃതര്‍ അറിയിച്ചത്. സഭാകമ്പം ഉള്ളത് കൊണ്ട് മറ്റുള്ള ആരും പാടില്ല എന്ന് പറഞ്ഞിരുന്നുവെന്നും ബിനീഷിനോട് കസേരയില്‍ ഇരിക്ക് എന്നു പറഞ്ഞിട്ടും കേട്ടില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിനീഷിന് വിഷമം ഉണ്ടായെങ്കില്‍ ഹൃദയത്തില്‍ നിന്ന് മാപ്പ് ചോദിക്കുന്നു. മൂന്നാംകിട നടന് എന്ന് പറഞ്ഞിട്ടില്ല, യൂണിയന് ചെയര്മാന് പറഞ്ഞത് കള്ളമാണെന്നും അനിൽ പറഞ്ഞു.
ബിനീഷിനൊപ്പം വേദി പങ്കിടാൻ അനിൽ രാധാകൃഷ്ണ മേനോൻ തയാറായില്ലെന്ന് പാലക്കാട് മെഡി. കോളജ് യൂണിയന് അധ്യക്ഷൻ കെ.വൈഷ്ണവ് പറഞ്ഞിരുന്നു.ആദ്യം അതിഥിയായി നിശ്ചയിച്ചത് അനിലിനെ മാത്രമായിരുന്നുവെന്നും തൊട്ടുതലേന്നാണ് ബിനീഷ് വരുമെന്നറിയിച്ചതെന്നും കെ.വൈഷ്ണവ് പറഞ്ഞു. വേദിയിലേക്ക് കയറിയപ്പോള്‍ ആദ്യം തടഞ്ഞത് പ്രിന്‍സിപ്പല്‍ ആണെന്നും ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറിയെന്നും ബിനീഷ് ബാസ്റ്റിൻ ആരോപിച്ചിരുന്നു.
Leave a Reply