ബെർക്‌ഷയർ: ഇന്ത്യൻ പൈതൃകം കാരണം പ്രാദേശിക ദത്തെടുക്കൽ സേവനം ലഭ്യമാകാതെ പോയ ദമ്പതികൾ അവരുടെ നിയമപരമായ പോരാട്ടത്തിൽ വിജയം കൈവരിച്ചു. റോയൽ ബറോ ഓഫ് വിൻഡ്‌സർ ആൻഡ് മൈഡൻഹെഡ് കൗൺസിലിനെതിരെ പോരാടിയാണ് ഇന്ത്യൻ വംശജരായ ദമ്പതികൾ സന്ദീപും റീന മന്ദറും വിജയിച്ചത്. ഇന്ത്യൻ പൈതൃകം ആരോപിച്ചതുമൂലം അവർക്ക് അപേക്ഷ നൽകാൻ പോലും സാധിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ആവും കൂടുതൽ ദത്തെടുക്കൽ സേവനം ലഭിക്കുകയെന്നും അധികൃതർ പറയുകയുണ്ടായി.
വംശത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികളോട് വിവേചനം കാണിച്ചതായി ജഡ്ജി മെലിസ ക്ലാർക്ക് പറഞ്ഞു. തങ്ങളുടെ ഇന്ത്യൻ പൈതൃകം കാരണം ദത്തെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒരു വിവേചനം അനുഭവപ്പെട്ടതായി ദമ്പതികൾ തുറന്നുപറഞ്ഞു. വിധിയെ സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞു ; “നിങ്ങൾ ഏത് വംശമോ മതമോ വർണ്ണമോ ആണെങ്കിലും, നിങ്ങളെ തുല്യമായി പരിഗണിക്കുകയും മറ്റുള്ളവരെപ്പോലെ നിങ്ങൾക്ക് ദത്തെടുക്കാൻ കഴിയുകയും വേണം. ഈ വിധി അതാണ് ഉറപ്പാക്കുന്നത്. ഒരു മാറ്റം അനിവാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി.” മറ്റ് ദമ്പതികൾക്ക് സമാനമായത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദമ്പതികൾക്ക് പൊതുവായ നഷ്ടപരിഹാരം 29,454.42 പൗണ്ട് വീതവും വിദേശത്ത് നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ചെലവായ 60,013.43 പൗണ്ട് പ്രത്യേക നഷ്ടപരിഹാരവും ജഡ്ജി വിധിച്ചു. അതിനുശേഷം ഈ ദമ്പതികൾ അമേരിക്കയിൽ നിന്നുള്ള ഒരു കുട്ടിയെ ദത്തെടുത്തു. സ്നേഹം നിറഞ്ഞൊരു വീട് ആഗ്രഹിക്കുന്ന ഓരോ ബ്രിട്ടീഷ് കുട്ടിയുടെയും വിജയം കൂടിയാണ് ഈ വിധിയെന്ന് ദമ്പതികളുടെ വക്കീൽ അഭിപ്രായപ്പെട്ടു. എന്നാൽ കൗൺസിലിന് എതിരെയുള്ള ദമ്പതികളുടെ വാദം കൗൺസിൽ പൂർണമായി നിഷേധിച്ചു.
Leave a Reply