ലണ്ടന്‍: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5000 നഴ്‌സുമാര്‍ക്കുവേണ്ടി ഫണ്ട് അനുവദിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിലാണ് പ്രഖ്യാപനം. ഓരോ വര്‍ഷവും നഴ്‌സിംഗ് പരിശീലനത്തിനുള്ള സീറ്റുകളില്‍ 25 ശതമാനം വര്‍ദ്ധന വരുത്താനാണ് ഉദ്ദേശിക്കുന്നത്. എന്‍എച്ച്എസില്‍ തുടരുന്ന റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. 40,000 തസ്തികകള്‍ എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നുണ്ട്. അതേസമയം നഴ്‌സിംഗ് പരിശീലനത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ഈ വര്‍ഷം 8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

നഴ്‌സിംഗ് പരിശീലനത്തിന് ലഭിച്ചിരുന്ന 6000 പൗണ്ട് ബര്‍സറി ഒഴിവാക്കിയതോടെയാണ് അപേക്ഷകളില്‍ കുറവുണ്ടായത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ നഴ്‌സിംഗ് പരിശീലനത്തിന് ആശുപത്രികള്‍ക്ക് ചിലവാകുന്ന പണം തിരികെ നല്‍കാനായി 35 മില്യന്‍ പൗണ്ട് വകയിരുത്താനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ശ്രമിക്കുന്നത്. ഈ ഫണ്ടിംഗ് കൂടുതല്‍ നഴ്‌സിംഗ് സീറ്റുകള്‍ അനുവദിക്കാന്‍ യൂണിവേഴ്‌സിറ്റികളെ പ്രോത്സാഹിപ്പിക്കുമെന്നും ഈ വര്‍ഷത്തെ 20,680 സീറ്റുകള്‍ എന്നത് 2018-19 വര്‍ഷത്തോടെ 25,850 ആയി മാറുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.

രണ്ട് വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ചെയ്യുന്ന നഴ്‌സിംഗ് അസിസ്റ്റന്റുമാരുടെ എണ്ണം 5500 ആയി ഉയര്‍ത്തുമെന്നും ഹണ്ട് അറിയിച്ചു. നഴ്‌സുമാരില്ലാതെ എന്‍എച്ച്എസ് ഇല്ല, നിങ്ങളുടെ കഴിവുകളും, അനുകമ്പയും ഞങ്ങള്‍ക്ക് ആവശ്യമാണെന്നും ഹണ്ട് പറഞ്ഞു. ഈ പ്രഖ്യാപനത്തോടെ നഴ്‌സിംഗ് പരിശീലന പരിപാടിയില്‍ എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ധതിക്കാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.