അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം
സ്ഥിരമായി ഹെയർ ഡൈയും സ്ട്രെയ്റ്റനിങ്ങും ചെയ്യുന്ന സ്ത്രീകളിൽ സ്തനാർബുധത്തിനുള്ള സാധ്യത 60% ആണെന്ന് ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിന്റെ പഠന റിപ്പോർട്ട്. 45000 സ്ത്രീകളിൽ നടത്തിയ പഠനമാണ് ഹെയർ ഡൈയും സ്തനാർബുദവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദീകരിക്കുന്നത്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളിലാണ് ഇത് കൂടുതലും ബാധിക്കാനുള്ള സാധ്യത. ഇവ അർബുദത്തിന് നേരിട്ടുള്ള കാരണം ആകുന്നില്ലെങ്കിൽക്കൂടി സൗന്ദര്യവർധകവസ്തുക്കളിലെ കാർസിനോജനുകൾ രോഗാവസ്ഥയ്ക്കുള്ള സാധ്യത കൂട്ടുന്നു. സ്ഥിരമായി ഡൈ ചെയ്യുന്ന സ്ത്രീകളിൽ അർബുദത്തിനുള്ള സാധ്യത 9% ആണ്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളിൽ ഇത് 45 % ആയി ഉയരും. എന്നാൽ അമിതമായി ഹെയർ ഡൈ ഉപയോഗിക്കുന്നവരിൽ 45%എന്നത് 60 % വരെയായി ഉയരാം. ഉപയോഗിക്കുന്നത് ഇരുണ്ട നിറത്തിലുള്ള ഡൈ ആണോ ഇളം നിറത്തിലുള്ള ഡൈ ആണോ എന്നതും രോഗ സാധ്യതയെ നിർണയിക്കാം. ഇളം നിറത്തിലുള്ള ഡൈകൾ കറുത്ത സ്ത്രീകളിൽ 46% വും വെളുത്ത സ്ത്രീകളിൽ 12%വും സാധ്യത നൽകുന്നു. എന്നാൽ ഇരുണ്ട നിറത്തിലുള്ള ഡൈകൾ കറുത്ത സ്ത്രീകളിൽ 51 %വും വെളുത്ത സ്ത്രീകളിൽ 8%വും സാധ്യത നൽകുന്നുണ്ട്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾക്ക് നൽകുന്ന ഉൽപ്പന്നങ്ങളിലെ ഉയർന്ന അളവിലുള്ള രാസവസ്തുക്കൾ രോഗസാധ്യത കൂട്ടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് മുൻപുള്ള പഠനങ്ങളും സൂചിപ്പിക്കുന്നു.
ഇതോടൊപ്പം ഹെയർ സ്ട്രെയ്റ്റനിങ്ങും സ്തനാർബുദവും തമ്മിലുള്ള ബന്ധവും ശാസ്ത്രജ്ഞർ അടിവരയിടുന്നു. സ്ട്രൈറ്റനിങ് ചെയ്യുന്ന 30 % സ്ത്രീകളിലും സ്തനാർബുദത്തിനുള്ള സാധ്യത ഉണ്ട്. വെളുത്ത വരെ അപേക്ഷിച്ച് കറുത്തവർഗക്കാർ കൂടുതൽ സ്ട്രൈറ്റനിങ് ചെയ്യുന്നതിനാൽ അവരിലാണ് അർബുദത്തിനുള്ള സാധ്യത കൂടുതൽ.
പഠനം നടത്തിയ ശാസ്ത്രജ്ഞർ ഹെയർ ഡൈയെയും സ്ട്രൈറ്റനങ്ങിനെയും കുറിച്ച് പറയുമ്പോഴും അതിനേക്കാൾ പ്രാധാന്യം നൽകേണ്ട മറ്റു ചില കാര്യങ്ങളെക്കുറിച്ച് കൂടി സൂചിപ്പിക്കുന്നുണ്ട്. അമിതവണ്ണവും ഭക്ഷണവും വ്യായാമക്കുറവും ഇതിനേക്കാളൊക്കെ ഏറെ എല്ലാ സ്ത്രീകളിലും അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പഠനങ്ങൾ കൂടുതൽ ഗവേഷണങ്ങളിലേക്ക് നയിക്കപ്പെടെണ്ടതുണ്ട്
Leave a Reply