ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യോർക്ക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ 2024 ഒലിവർ അവാർഡ് നൈറ്റിൽ ശ്രദ്ധേയകേന്ദ്രമായി മാറിയത് മലയാളി ഷെഫായ അജിത് കുമാറാണ്. ഷെഫ് ഓഫ് ദി ഇയർ അവാർഡ് നേടിയ അജിത് കുമാർ, ലീഡ്‌സിലെ തറവാട് എന്ന പ്രസിദ്ധമായ റസ്റ്റോറന്റിലെ ഷെഫാണ്. മാർച്ച്‌ 18 ന് ന്യൂ ഡിക്ക് ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് മലയാളികൾക്ക് അഭിമാനമാകുന്ന ഈ സുവർണ്ണ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്. 2009 മുതൽ ലീഡ്‌സിലെ റെസ്റ്റോറന്റ്, പബ്ബ്, ബാറുകൾ, ടേക്ക്എവേകൾ, മുതലായ മേഖലകളിലെ മികച്ച പ്രകടനങ്ങൾക്ക് നൽകി വരുന്ന പുരസ്കാരങ്ങളാണ് ഒലിവർ അവാർഡുകൾ. പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുന്ന ഈ അവാർഡ് നിശയിൽ, ഈ വർഷം ഏകദേശം 200-ലധികം ബിസിനസുകളാണ് അവാർഡുകൾക്കായുള്ള എൻട്രികൾ നൽകിയത്. വിധികർത്താക്കളുടെ പാനലിന് ഈ വർഷത്തെ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റിലേക്ക് ചുരുക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ചടങ്ങിൽ പ്രശസ്ത റേഡിയോ അവതാരകനായ റിച്ച് വില്യംസ് ആണ് അവതാരകനായത്. അതോടൊപ്പം തന്നെ 2023 -ലെ ഷെഫ് ഓഫ് ദി ഇയർ അവാർഡ് നേടിയ ക്രെയ്ഗ് റോഗൻ ഒരുക്കിയ മൂന്ന്-കോഴ്‌സ് മെനുവും അതിഥികൾക്കായി ഒരുക്കിയിരുന്നു.

ഒലിവർ അവാർഡ്സിൽ എല്ലാവർഷവും ജഡ്ജിങ് പാനലിനെയും, അതിഥികളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തുന്ന റസ്റ്റോറന്റ് ആണ് ‘തറവാട്’. ആറ് നോമിനേഷനുകളിൽ നിന്നായി നാലോളം അവാർഡുകൾ കഴിഞ്ഞ വർഷങ്ങളിൽ റസ്റ്റോറന്റ് കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ലീഡ്സിലെ മികച്ച ഇന്ത്യൻ റസ്റ്റോറന്റ് എന്ന ടൈറ്റിൽ തറവാടിനു സ്വന്തമാണ്. ഈ വർഷം രണ്ട് എൻട്രികളിലേക്കാണ് തറവാട് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. മികച്ച വേൾഡ് റസ്റ്റോറന്റ് എന്ന ടൈറ്റിലിനും, അതോടൊപ്പം തന്നെ ഷെഫ് ഓഫ് ദി ഇയർ അവാർഡ് ടൈറ്റിലിനും. കഠിനമായ മത്സരത്തിനു ശേഷമാണ് അജിത് കുമാർ മികച്ച ഷെഫിനുള്ള അവാർഡ് നേട്ടത്തിലേക്ക് എത്തിപ്പെട്ടത്. വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കുന്നതിനുള്ള നൈപുണ്യത്തിനും, അതോടൊപ്പം തന്നെ തന്റെ മേഖലയിലുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുമുള്ള അംഗീകാരമാണ് അദ്ദേഹത്തിന്റെ ഈ നേട്ടം.


മുപ്പതിലധികം വർഷത്തെ പ്രവർത്തിപരിചയം ഉള്ള അജിത് കുമാറിന്റെയും, അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഷെഫ് രാജേഷിന്റെയും കഠിനപ്രയത്നമാണ് തറവാട് റസ്റ്റോറന്റിന്റെ നേട്ടങ്ങളുടെയും വിജയത്തിന്റെയും കാരണം. യുകെയിലെ തന്നെ മികച്ച 100 റസ്റ്റോറന്റുകളിൽ ഈ വർഷം തറവാട് ഉൾപ്പെട്ടുവെന്നത് അവരുടെ ഈ മേഖലയിലെ ശ്രദ്ധേയമായ നേട്ടത്തിന്റെ തെളിവാണ്. തറവാട് റസ്റ്റോറന്റിനെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടിയാണ് അജിത് കുമാറിന്റെ ഷെഫ് ഓഫ് ദി ഇയർ അവാർഡ്. യുകെ മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികളായ മലയാളി സമൂഹത്തിന് മുഴുവൻ ഇതൊരു അഭിമാന നിമിഷമാണ്.


യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് ഏതാണ് എന്ന് ചോദിച്ചാൽ, നിസംശയം ഉത്തരം പറയാം അത് തറവാട് റസ്റ്റോറൻറ് ആണെന്ന് . 2014 മെയ്‌ 31 ന് ജൈത്രയാത്ര ആരംഭിച്ച്, മലയാളികളുടെ മാത്രമല്ല മുഴുവൻ ആളുകളുടെയും രുചിയുടെ സ്വന്തം തറവാടായി മാറിയിരിക്കുകയാണ് തറവാട് ലീഡ്സ്. അതുകൊണ്ട് തന്നെ എവിടെ പോയി ഭക്ഷണം കഴിക്കണം എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, നേരെ തറവാട് എന്ന്. ഒൻപത് വർഷം കൊണ്ട് ചെറുതല്ലാത്ത ഒരുപിടി വലിയ നേട്ടങ്ങളുടെ പട്ടികയുമായാണ് തറവാട് റസ്റ്റോറൻറ് മുന്നോട്ട് നീങ്ങുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിലും രുചിയിലും യാത്രയൊരുവിധ വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് തറവാടിന്റെ വിജയരഹസ്യം എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

അഭൂതപൂർവമായ നേട്ടങ്ങൾ കൊയ്തുകൊണ്ടാണ് തറവാട് മുന്നോട്ട് നീങ്ങുന്നത്. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ്‌ ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം.

2014 – ലാണ് മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസൻ ആദ്യമായി ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയെ തറവാട് റസ്റ്റോറന്റിൽ എത്തിച്ചത്. അന്ന് തൊട്ട് എന്ന് ലീഡ്‌സിൽ വന്നാലും തറവാടിന്റെ രുചി നുണയാതെ വിരാട് കോഹ്‌ലി യുകെയിൽ നിന്ന് മടങ്ങി പോയിട്ടില്ല . പലപ്പോഴും റസ്റ്റോറന്റിൽ തിരക്കാണെങ്കിൽ ഇന്ത്യൻ ടീമിന്റെ താമസ സ്ഥലത്തേയ്ക്ക് ഫുഡ് എത്തിച്ചു കൊടുക്കുകയാണ് പതിവെന്ന് തറവാട് റസ്റ്റോറന്റിന്റെ ഡയറക്ടർമാരിൽ ഒരാളായ സിബി ജോസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. 2021 ഓഗസ്റ്റിൽ കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഉൾപ്പെടെയുള്ള ഇന്ത്യൻ ടീം അംഗങ്ങൾ 18 കൂട്ടം കറികളും അടപ്രഥമനുമുൾപ്പെടെ തറവാട്ടിൽ വന്ന് ഓണസദ്യയുണ്ട വാർത്ത അന്നു തന്നെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.