ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വിദേശ സ്ഥാപനങ്ങളെ വിലക്കും. ഏറ്റവും പുതിയതായി ഡെയിലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള യുഎഇ ആസ്‌ഥാനമായുള്ള റെഡ് ബേർഡിന്റെ നീക്കത്തെ തുടർന്നാണ് യുകെ സർക്കാർ അടിയന്തിരമായി പുതിയ നിയമം പ്രഖ്യാപിച്ചത്. രാജ്യത്തെ മാധ്യമങ്ങളുടെ നിഷ്പക്ഷത കാത്തു സൂക്ഷിക്കുന്നതിനും സൗജന്യ മാധ്യമങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനും പുതിയ നീക്കം ഉപകരിക്കും എന്ന് സർക്കാർ പറഞ്ഞു.


അടുത്ത ആഴ്ച ചർച്ച ചെയ്യപ്പെടുന്ന നിയമത്തിന്റെ ഭേദഗതിയിൽ ഈ മാറ്റത്തെ പിന്തുണയ്ക്കുമെന്ന് ലേബർ പാർട്ടി സൂചിപ്പിച്ചു. നിലവിൽ കടക്കെണിയിലായ ഡെയിലി ടെലഗ്രാഫ് ന്യൂസ് പേപ്പറുകളുടെ കടങ്ങൾ യുഎഇ സ്ഥാപനമായ റെഡ് ബേർഡ് അടച്ചു തീർത്തിരുന്നു. ഈ സ്ഥാപനത്തിൽ 75 ശതമാനം വിഹിതയും യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിൻറെ പ്രവർത്തനത്തിലും ഇദ്ദേഹത്തിന് നിർണായക സ്വാധീനമാണ് ഉള്ളത്.


ഡെയിലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള വിദേശ സർക്കാരിൻറെ പിന്തുണയുള്ള ധനകാര്യ സ്ഥാപനത്തിന്റെ നീക്കത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇത്തരം നടപടികൾ രാജ്യത്തെ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തെ തകിടം മറിക്കുമെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ തുടർന്നാണ് ദൃതഗതിയിലുള്ള പുതിയ നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.