പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ മത വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ പനയമ്പള്ളിയെ ആണു ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നു ലുലു അധികൃതർ അറിയിച്ചു. പുരുഷന്മാരുടെ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

സമൂഹ മാധ്യമത്തിൽ ഉണ്ണി പുതിയേടത്ത് എന്ന പേരുള്ള അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. അപകീർത്തിപരമായ കമന്റാണ് ഇദ്ദേഹത്തിന്റേതെന്നും ഇത്തരം പെരുമാറ്റങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ലുലു അധികൃതർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു കീഴെയാണ് ഉണ്ണികൃഷ്ണൻ അപകീർത്തികരമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും നിരവധി ആളുകൾ പ്രതിഷേധവുമായി‌‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

താങ്കളെ ജോലിയിൽ നിന്നും നീക്കം ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും മറ്റു നടപടികൾക്ക് എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടാനുമാണ് ലുലു ഗ്രൂപ്പ് ഉണ്ണികൃഷ്ണനെ അറിയിച്ചത്.