കേരളത്തിൽ യുഡിഎഫ് തരംഗം; ഇരുപതു സീറ്റിലും മുൻപിൽ, അടിതെറ്റി ഇടത് കോട്ടകൾ

കേരളത്തിൽ യുഡിഎഫ് തരംഗം; ഇരുപതു സീറ്റിലും മുൻപിൽ, അടിതെറ്റി ഇടത് കോട്ടകൾ
May 23 05:15 2019 Print This Article

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ യുഡിഎഫ് മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടകളനുസരിച്ച് കേരളത്തിലെ എല്ലാ സീറ്റുകളിലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. കേരളത്തിൽ പത്ത് ശതമാനം വോട്ടുകൾക്ക് താഴെ മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ.

രാവിലെ 9.30 വരെയുള്ള കണക്കനുസരിച്ച് ലീഡ് നില ഇങ്ങനെ

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിന് ശേഷമാണ് സര്‍വ്വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിച്ചത്.

വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങി. എട്ട് മണിക്ക് ശേഷം ലഭിച്ച തപാല്‍ വോട്ടുകള്‍ എണ്ണുന്നില്ല. ആരാകും അടുത്ത പ്രധാനമന്ത്രി എന്ന് അറിയുന്നതിനൊപ്പം തങ്ങളുടെ ജനപ്രതിനിധികളെ കൂടി കാത്തിരിക്കുകയാണ് ജനങ്ങള്‍.

ഇത്തവണ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന് പുറമേ വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ടതുണ്ട്. ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ട സാഹചര്യം ഉള്ളതിനാല്‍ അന്തിമ ഫലം അറിയാന്‍ ഉച്ച കഴിയും. ഉച്ചയോടെ തന്നെ ഏകദേശ ഫലസൂചനകള്‍ ലഭിക്കുമെങ്കിലും ഒദ്യോഗിക പ്രഖ്യാപനം വൈകാനാണ് സാധ്യത.

ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് കേരളം ജനവിധി എഴുതിയത്. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ 80.31 ശതമാനമാണ് പോളിങ്. വയനാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് ആണിത്.

പ്രധാനമായും ആറ് മണ്ഡലങ്ങളിലേക്കാണ് കേരളം ഉറ്റു നോക്കുന്നന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട് മണ്ഡലം, പി.ജയരാജനും കെ.മുരളീധരനും മത്സരിച്ച വടകര, തുടക്കം മുതലേ വിവാദങ്ങള്‍കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ ആലത്തൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവും തമ്മിലാണ് ഇവിടെ പോരാട്ടം. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മത്സരിക്കുന്നു എന്നതാണ് തൃശൂര്‍ മണ്ഡലത്തിന്റെ പ്രത്യേകത. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തൃശൂരെ മത്സരം കടുപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റ് രണ്ട് പ്രധാന മണ്ഡലങ്ങള്‍ പത്തനംതിട്ടയും തിരുവനന്തപുരവുമാണ്. പത്തനംതിട്ടയും തിരുവനന്തപുരവുമാണ്.

കേരളത്തില്‍ ത്രികോണ മത്സം നടക്കുന്ന മൂന്ന് മണ്ഡലങ്ങള്‍ തൃശൂരും പത്തനംതിട്ടയും തിരുവനന്തപുരവുമാണ്. തൃശൂരില്‍ സുരേഷ് ഗോപി, ടി.എന്‍ പ്രതാപന്‍, രാജാജി മാത്യൂ തോമസ് എന്നിവരാണ് മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ ആന്‍ോ ആന്റണി, വീണാ ജോര്‍ജ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ തമ്മിലാണ് മത്സരം. തിരുവനന്തപുരത്ത് പോരാട്ടം ശശി തരൂരും കുമ്മനം രാജശേഖരനും സി.ദിവാകരനും തമ്മിലാണ്. മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 73.35 ശതമാനവും തൃശൂരില്‍ 77.86 ശതമാനവും പത്തനംതിട്ടയില്‍ 74.09 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ് 80 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം തിരുവനന്തപുരമാണ്.

മേയ് 19 നാണ് രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്. എക്സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും യഥാര്‍ഥ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles