മുൻ സ്കൂൾ പ്രിൻസിപ്പലും, അധ്യാപകനും, ജീവനക്കാരനും ചേർന്ന് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് ആക്രമിച്ചു. മുംബൈയിലെ കഞ്ജുർമാർഗിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ 15–കാരിയായ പെൺകുട്ടിയെ ആണ് ആക്രമിച്ചത്. നഷേമാൻ ഉർദു സ്കൂളിലെ മുൻ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടി 9–ാം ക്ലാസ് വരെ ഈ സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക് എഞ്ചിനിയറിങിൽ ഡിപ്ലോമ ചെയ്യുകയാണ്.സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരയായ പെൺകുട്ടി പൊലീസിനോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:
‘ആ സ്കൂളിൽ അവസാന വർഷം പഠിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ സ്കൂളിലെ ജീവനക്കാരും ടീച്ചർമാരും ചേർന്ന് തന്നെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് താൻ ഇക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛൻ അവർക്കെതിരെ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. ഈ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതാണ്. സമയം ആറേകാലായിട്ടുണ്ടാകും. തന്റെ മുൻ സ്കൂൾ പ്രിൻസിപ്പലായ ഹൻസ് ആറ, അധ്യാപകനായി ജാവേദ്, ജീവനക്കാരായ അമാൻ, ഹാഷിം എന്നിവർ വഴിയിൽ നിൽക്കുന്നു. അവർ എന്റെ വഴി തടഞ്ഞു.
ജാവേദ് സറും ഹാഷിമും അമാനും ചേർന്ന് എന്റെ കൈകൾ ബന്ധിപ്പിച്ചു. പ്രിൻസിപ്പൽ ആ സമയത്ത് എന്തോ ദ്രാവകം എന്റെ മുഖത്തേക്ക് ഒഴിച്ചു. എനിക്ക് മുഖം വെന്തു നീറുന്നതായി തോന്നി. എന്റെ നെഞ്ചത്തും കാലുകളിലുമാണ് അത് തെറിച്ചത്. പിന്നീടാണ് അത് ആസിഡ് ആണെന്ന് മനസ്സിലായത്. പ്രിൻസിപ്പൽ തന്നെ ഭിഷണിപ്പെടുത്തുകയും ചെയ്തു. എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഇതേപോലെ ആസിഡ് ഒഴിച്ച് ആക്രമിക്കുമെന്ന് പറഞ്ഞു. ഇതിനുശേഷം എല്ലാവരും ഒരു വെള്ളക്കാറിൽ കയറി പോയി. ഞാൻ എങ്ങനൊക്കെയോ ഇക്കാര്യം അച്ഛനെ അറിയിച്ചു. അച്ഛൻ അവിടെ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു’.
Leave a Reply