സനുവിനെ തേടി പോലീസ് സിനിമാലോകത്ത്. “ബില്ലി” സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചോദ്യംചെയ്യും

സനുവിനെ തേടി പോലീസ് സിനിമാലോകത്ത്.  “ബില്ലി”   സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചോദ്യംചെയ്യും
April 11 06:51 2021 Print This Article

കൊച്ചി: വൈഗ കൊലക്കേസില്‍ അന്വേഷണം സിനിമാ രംഗത്തേക്കും. വൈഗ പ്രധാനവേഷത്തില്‍ അഭിനയിച്ച “ബില്ലി” എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെയും സംവിധായകനേയും ചോദ്യംചെയ്യും. സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തികകാര്യങ്ങളില്‍ പിതാവ്‌ സനു മോഹന്‌ പങ്കുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. സനുവിനേത്തേടി മാര്‍വാഡി സംഘം എത്തിയത്‌ സിനിമാ നിര്‍മാണത്തിനോ, മറ്റോ സനു പണം കൈപ്പറ്റിയിരിക്കാമെന്ന സൂചനയാണു നല്‍കുന്നത്‌.

സെറ്റില്‍ പലപ്പോഴും വൈഗ ദുഃഖിതയായിരുന്നു എന്ന സൂചന പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. വൈഗയുടെ സമാനപ്രായക്കാരിയായ മറ്റൊരു കുട്ടിയും “ബില്ലി”യില്‍ അഭിനയിച്ചിരുന്നു.
മാര്‍ച്ച്‌ 21ന്‌ രാത്രിയില്‍ കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്നും ബഡ്‌ ഷീറ്റില്‍ പൊതിഞ്ഞാണു വൈഗയെ സനു പുറത്തേക്ക്‌ കൊണ്ടുവന്നതെന്നും പറയപ്പെടുന്നു. ഫ്‌ളാറ്റില്‍വച്ചു തന്നെ വൈഗ കൊല്ലപ്പെടുകയോ, ബോധം മറയുകയോ ചെയ്‌തിരിക്കാമെന്നും പോലീസ്‌ കരുതുന്നു. മരിച്ചെന്ന്‌ ഉറപ്പിച്ച സനു ഒടുവില്‍ മുട്ടാര്‍പുഴയിലേക്ക്‌ പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞതാവാമെന്ന നിഗമനത്തിലുമാണ്‌ അന്വേഷണ സംഘം.

ഭാര്യയുമായി മാസങ്ങളായി അകല്‍ച്ചയിലായിരുന്ന സനു. മകളോടും അടുപ്പം കാണിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ യുവതിയുമായി ഇയാള്‍ക്കുള്ള രഹസ്യബന്ധത്തെപ്പറ്റി ഭാര്യക്കും മറ്റു ബന്ധുക്കള്‍ക്കും അറിവുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്‌. ഭാര്യ രമ്യയെ അടക്കം ഇരുപതോളംപേരെ ഇതിനോടകം ചോദ്യം ചെയ്‌തു കഴിഞ്ഞു.
കൊച്ചിയില്‍നിന്നു തമിഴ്‌നാട്ടിലേക്ക്‌ കടന്നശേഷം സനു അവിടെനിന്നും വീണ്ടും കേരളത്തിലെത്തിയതായും പറയപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയും തമിഴ്‌നാട്ടില്‍ താമസക്കാരനുമായ സനുവിന്റെ സുഹൃത്തിനെ തിരുവനന്തപുരത്തെത്തി അനേ്വഷണ സംഘം ചോദ്യംചെയ്‌തിരുന്നു. ഇയാള്‍ക്കൊപ്പം തിരുവനനന്തപുരത്ത്‌ എത്തിയ സനു പൊന്മുടി, അഗസ്‌ത്യകൂടം മേഖലകളിലോ, കന്യാകുമാരിയിലോ ഒളിവില്‍ കഴിയുകയാണെന്നും സൂചനയുണ്ട്‌.
സനു മോഹനെ കസ്‌റ്റഡിയില്‍ കിട്ടിയാലെ വൈഗയുടെ കൊലപാതകവുമായി ബന്ധപെട്ട കൂടുതല്‍ വിവരം പുറത്തുവരൂ. പ്രത്യേക അനേ്വഷണസംഘം കേരളത്തിലും പുനെ, ചെന്നൈ, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കും അനേ്വഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. പുനെയില്‍ സനു നടത്തിയ സാമ്പത്തികതട്ടിപ്പുകളെപ്പറ്റി മഹാരാഷ്‌ട്ര പോലീസാണ്‌ അനേ്വഷണ സംഘത്തിന്‌ നിര്‍ണായക വിവരം കൈമാറിയത്‌.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles