ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

നഴ്സിംഗ് മേഖലയിലേക്ക് കടന്നു വരുന്ന മിക്ക ആളുകളും സ്വപ്നം കാണുന്നത് വിദേശ ജോലിയാണ്, എന്നാൽ സ്വന്തം സഹോദരങ്ങൾ ഇംഗ്ലണ്ടിലും അമേരിക്കയിലും ജോലി ചെയ്യുമ്പോഴും നഴ്സിംഗ് പഠനം വിജയകരമായി പൂർത്തിയാക്കിയ കുറവിലങ്ങാട് സ്വദേശിയായ ജിതിൻ എന്ന ചെറുപ്പക്കാരൻ തന്നെക്കുറിച്ചുള്ള ദൈവഹിതം അറിഞ്ഞപ്പോൾ മിഷനറിവൈദികൻ ആകാൻ തീരുമാനമെടുത്തു. ഫാദർ ജിതിൻ പാറശ്ശേരിൽ സിഎംഐ, ഗുജറാത്തിലെ ബാവനഗർ സൈന്റ്റ്‌ ചാവറ പ്രൊവിൻസ് ആണ് ഈ സന്യാസിയുടെ മാതൃ പ്രവിശ്യ, കുറവിലങ്ങാട് സെന്റ് മേരീസ്‌ ആർച്ച് ഡീക്കൻസ് എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച് ആണ് ഇടവക. കുരിയം കാരനായ ഫാദറിന്റെ വീട്ടിൽ അമ്മ, സഹോദരൻ സഹോദരി എന്നിവരാണുള്ളത്.

ഫാദർ ജിതിൻ പാറശ്ശേരിൽ മാതാപിതാക്കളോടൊപ്പം

വിൻസൻഷ്യൻ സഭയിൽ നിന്ന് 6 വർഷത്തെ പഠനത്തിന് ശേഷം മടങ്ങിപ്പോന്ന ഫാദർ ഇപ്പോൾ അതൊരു നിമിത്തം ആണെന്ന് വിശ്വസിക്കുന്നു. വിട്ട് നിന്ന നാളുകളിലെ ആത്മീയ സംഘർഷം ദുരീകരിച്ചത് സുഹൃത്തുക്കളോടൊപ്പം ധ്യാനം കൂടിയും, പ്രാർത്ഥനയിൽ മുഴുകിയും ആയിരുന്നു. സഹോദരങ്ങളുടെ സ്വാധീനമാണ് നഴ്സിംഗ് മേഖല തിരഞ്ഞെടുക്കാൻ കാരണം എന്ന് അച്ചൻ പറയുന്നു. സഹോദരങ്ങൾ ആയ ജിൻസ് മാത്യുവും ഭാര്യ ജോളിയും ഇംഗ്ലണ്ടിൽ നഴ്സിങ് ജോലി ചെയ്യുന്നവരാണ്. പെങ്ങളായ ജിൻസിയും ഇതേ മേഖലയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നു.

യൂകെയിലുള്ള സഹോദരൻ ജിൻസ് മാത്യുവിനും കുടുംബത്തിനുമൊപ്പം

ബാംഗ്ലൂർ ജീവിതത്തിൽ മുറി പങ്കിടാൻ എത്തിയ അരവിന്ദ് എന്ന സുഹൃത്തായിരുന്നു, ആസ്വാദനം കൊണ്ട് മാത്രം ജീവിച്ചിരുന്ന കോളേജിൽ നിന്ന് വ്യതിചലിച്ച് ദൈവമാർഗത്തിലേക്ക് മടങ്ങിവരാൻ കാരണമായത്. ജൂനിയറായിരുന്ന അരവിന്ദ് മുറിയിൽ പ്രാർത്ഥന നടത്തുകയും കൊന്ത ചൊല്ലുകയും മറ്റുള്ളവരെ ദൈവ മാർഗത്തിലേക്ക് ആകർഷിക്കുകയും ചെയ്തിരുന്നു എന്ന് അച്ചൻ പറയുന്നു. പരീക്ഷക്കാലത്ത് ധർമാരാം ആശ്രമത്തിൽ ധ്യാനം കൂടാൻ പോകുമ്പോൾ അവിടെ വച്ച് കണ്ട വെള്ള വൈദിക വേഷം ധരിച്ച വിദ്യാർത്ഥികൾ ആണ് തിരിച്ചു വരവിനു പ്രേരിപ്പിച്ചത്.

10 വർഷത്തോളം ആവശ്യമായി വരുന്ന രണ്ടാമത്തെ തിരിച്ചു പോക്ക് അല്പം റിസ്ക് നിറഞ്ഞതാണ് എന്ന് അറിയാമായിരുന്നുവെങ്കിൽ കൂടിയും ദൈവത്തിങ്കൽ സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ ചിന്തിച്ചു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു, ഒരുമിച്ചിരുന്നു പ്രാർത്ഥിച്ച ശേഷം തീരുമാനം ഉറപ്പിക്കുകയായിരുന്നു. വിമർശിച്ച സുഹൃത്തുക്കളെ എല്ലാം അദ്‌ഭുതപ്പെടുത്തികൊണ്ടാണ് സെമിനാരിയിലേക്ക് തിരിച്ചു പോയത്. 2016 ലാണ് പൗരോഹിത്യം സ്വീകരിച്ചു തിരുപ്പട്ടം വാങ്ങിയത്. ആദ്യം പ്രവർത്തിച്ചത് ചങ്ങനാശ്ശേരി അതിരൂപതയുടെ പുന്നത്തറയിൽ 3 മാസം അസിസ്റ്റന്റ് വികാരി ആയിട്ടായിരുന്നു