ന്യൂസ് ഡെസ്ക്

“നഴ്സായി ജോലി ചെയ്ത ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഇനി എൻറെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കണം”. മോണിക്ക ബുൾമാൻ പറയുന്നു. യുകെയിൽ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സാണ് മോണിക്ക ബുൾമാൻ. എൻഎച്ച്എസിൽ 66 വർഷം നഴ്സായി ജോലി ചെയ്ത മോണിക്ക റിട്ടയർ ചെയ്യുകയാണ്. എൻഎച്ച്എസിന് നാല് വർഷം പ്രായമുള്ളപ്പോൾ ആണ് മോണിക്ക ബുൾമാൻ സ്റ്റേറ്റ് എൻറോൾഡ് നഴ്സായി ജോലിക്ക് കയറിയത്. എൻഎച്ച്എസ് ആരംഭിച്ചത് 1948 ജൂലൈ 5 നാണ്. 1952 ൽ തൻറെ പത്തൊമ്പതാം വയസിൽ എൻഎച്ച്എസിൽ ട്രെയിനിയായി നഴ്സിംഗ് കരിയർ തുടങ്ങിയ മോണിക്ക ബുൾമാൻ 1957 ൽ സ്റ്റേറ്റ് രജിസ്റ്റേർഡ് നഴ്സ് എന്ന ഇപ്പോഴത്തെ രജിസ്റ്റേർഡ് ജനറൽ നഴ്സിന് തുല്യമായ പോസ്റ്റിൽ നിയമിക്കപ്പെട്ടു.

മോണിക്ക ബുൾമാന് ഇപ്പോൾ പ്രായം 84 ആണ്. ഡെവണിലെ ടോർബെ ഹോസ്പിറ്റലിൽ ഹച്ചിങ്ങ്സ് വാർഡിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എൻഡോസ്കോപി യൂണിറ്റിലെ സ്പെഷ്യലിസ്റ്റ് ഔട്ട് പേഷ്യന്റ് സർജിക്കൽ ക്ലിനിക്ക് ടീമിലെ മെമ്പറാണ് രജിസ്റ്റേർഡ് ജനറൽ നഴ്സായ മോണിക്ക. എൻഎച്ച്എസിലെ തൻറെ ജോലി ജീവിതത്തിലെ തന്നെ ഒരു പ്രധാന അദ്ധ്യായമായിരുന്നുവെന്ന് മോണിക്ക പറയുന്നു. നഴ്സിൻറെ യൂണിഫോം അഴിച്ചു വയ്ക്കാൻ സമയമായി എന്നാണ് കരുതുന്നതെന്ന് അവർ പറഞ്ഞു. നഴ്സായി എന്നും ജോലിയ്ക്ക് വന്നിരുന്ന ആ ദിനങ്ങളിലെ ഓർമ്മകളിൽ നിന്ന് പെട്ടെന്ന് മുക്തമാകാൻ കഴിയില്ലെന്ന് മോണിക്ക കരുതുന്നു.

തൻറെ 66 വർഷത്തെ നഴ്സിംഗ് സേവനത്തിനിടയിൽ ആരോഗ്യ രംഗത്തെ നിരവധി മാറ്റങ്ങൾക്ക് മോണിക്ക ബുൾമാൻ സാക്ഷ്യം വഹിച്ചു. ടെക്നോളജിയുടെ മാറ്റം അത്ഭുതകരമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെടുന്നു. പേപ്പർ വർക്കുകൾ കൂടിയെങ്കിലും എക്സ് റേ അടക്കമുള്ള ടെസ്റ്റ് റിസൾട്ടുകൾക്ക് നീണ്ട കാത്തിരിപ്പ് ആവശ്യമില്ലെന്നതും ഒരു ബട്ടൺ അമർത്തിയാൽ അത് സ്ക്രീനിൽ തെളിയുമെന്നതും അത്ഭുതകരമായ മാറ്റങ്ങളാണെന്ന് മോണിക്ക പറഞ്ഞു.  യൂണിഫോം പല തവണ മാറി. എന്നാൽ നഴ്സായ തനിക്ക് യൂണിഫോം ഒരു പ്രത്യേക ഗ്ലാമറാണ് തന്നിരുന്നതെന്ന് അവർ സന്തോഷപൂർവ്വം ഓർക്കുന്നു.  1957 ൽ ആദ്യമായി യൂണിഫോമിട്ടപ്പോൾ ഉപയോഗിക്കാനായി വാങ്ങിയ ബെൽറ്റാണ് 66 വർഷത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൻറെപടിയിറങ്ങുമ്പോഴും മോണിക്ക ബുൾമാൻ ഉപയോഗിച്ചിരുന്നത്. പതിനായിരക്കണക്കിന് രോഗികളെയാണ് മോണിക്ക ബുൾമാൻ തൻറെ ആറു ദശകത്തിലേറെ നീണ്ടു നിന്ന കരിയറിൽ ശുശ്രൂഷിച്ചത്.

ലണ്ടനിലെ എൽതാം ഹോസ്പിറ്റലിൽ ആണ് 1952 ൽ നഴ്സിംഗ് ട്രെയിനിയായി  മോണിക്ക തുടക്കമിടുന്നത്. 1954 ൽ സെൻറ് ജോൺസ് ലണ്ടനിൽ ജോലിയാരംഭിച്ചു. സെൻറ് ജോൺസിൽ തീയറ്റർ നഴ്സായി 1959 വരെയും ജോലി ചെയ്തു. പിന്നീട് വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത മോണിക്ക 1968 ൽ ടോർക്വെയിലേയ്ക്ക് ഭർത്താവിനും രണ്ടു പുത്രന്മാരോടുമൊത്ത് താമസം മാറ്റുകയും ഏജൻസി നഴ്സായി കരിയർ തുടരുകയും ചെയ്തു. 1998 ൽ റിട്ടയർമെന്റ് പ്രായമെത്തിയെങ്കിലും കരിയർ തുടരാൻ തന്നെയായിരുന്നു മോണിക്കയുടെ തീരുമാനം. 1998 ലാണ് ടോർബെ ഹോസ്പിറ്റലിൽ ജോലിയാരംഭിച്ചത്.

നല്ല അനുഭവങ്ങളുടെയും സുഹൃദ് ബന്ധങ്ങളുടെയും നീണ്ട നാളുകളാണ് തൻറെ കരിയർ നല്കിയതെന്ന് മോണിക്ക ബുൾമാൻ സന്തോഷത്തോടെ ഓർക്കുന്നു. പുസ്തകങ്ങൾ വായിച്ചും ലോക്കൽ സ്കിറ്റിൽ ക്ലബ്ബിൽ സമയം ചിലവഴിച്ചും റിട്ടയർമെന്റ് ആഘോഷിക്കാനാണ് മോണിക്ക ബുൾമാന്റെ പ്ലാൻ. കുടുംബത്തോടും കൊച്ചുമക്കളോടുമൊപ്പം ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ കഴിയാനാണ് യുകെയിലെ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സിൻറെ ആഗ്രഹം.