സ്വന്തം ലേഖകൻ

യു കെ :- ഹാരി രാജകുമാരൻ യുകെയിലേയ്ക്ക് മടങ്ങി വരുന്നതായി റിപ്പോർട്ടുകൾ. എന്നാൽ യുഎസ് രാഷ്ട്രീയത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളിൽ എലിസബത്ത് രാജ്ഞിക്ക് അതൃപ്തി ഉള്ളതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ഭാര്യ മേഗനും തിരികെ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ വസതിയായ ഫ്രോഗ്‌മോർ കോട്ടേജിലെ സ്റ്റാഫുകൾക്ക് അദ്ദേഹത്തെ സ്വീകരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ ലഭിച്ചതായാണ് അഭ്യൂഹങ്ങൾ. നിലവിലെ അഭിപ്രായപ്രകടനങ്ങൾ വഴി, വളരെയധികം ബന്ധങ്ങൾ അദ്ദേഹം ഇല്ലാതാക്കി എന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. തിരികെ എത്തുമ്പോൾ സെൽഫ് ഐസൊലേഷൻ അത്യാവശ്യമാണെങ്കിലും, അടിയന്തര ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ ഹാരി രാജകുമാരന്റെ ഭാര്യയും നടിയുമായ മേഗന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഒരു റിപ്പോർട്ടുകളും ഇതുവരെ വന്നിട്ടില്ല. അവർ ഇങ്ങനെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല എന്നാണ് പൊതുവെയുള്ള ധാരണ. രാജകുടുംബത്തിൻെറ കെട്ടുപാടുകളിൽ നിന്നുകൊണ്ട്, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാൻ മേഗന് സാധിക്കില്ല. നിലവിൽ ഇരുവർക്കെതിരെ ശക്തമായ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.


ഇതുവരെയും രാജകുടുംബാംഗങ്ങൾ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും നിഷ് പക്ഷമായ നിലപാടുകളാണ് എടുത്തിരുന്നത്. ആദ്യമായാണ് രാജകുമാരനും ഭാര്യയും രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരു തുറന്ന നിലപാട് സ്വീകരിച്ചത്. ഇരുവർക്കും തിരികെ ഔദ്യോഗിക ചുമതലകൾ നൽകരുതെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.