സോമദാസിനെതിരെ അദ്ദേഹത്തിന്റെ മുൻഭാര്യ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് സോമദാസ് ആദ്യ ഭാര്യയ്ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും സൂര്യ ലൈവിൽ പറയുന്നു.

സൂര്യ പറയുന്നത് ഇങ്ങനെ: ‘റിയാലിറ്റി ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വിൽക്കാൻ? നായയോ പൂച്ചയോ ആണെങ്കിൽ പറയുന്നതിനൊരു അർഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല.

ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വച്ചു പുലർത്താൻ തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള പല മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഞാൻ കാണാൻ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നത് എന്റെ രണ്ടു മക്കളെ ഓർത്തു മാത്രമാണ്.

ആ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ചയച്ചത് ഞാനായിരുന്നു. എന്നാൽ വിവാഹിതനാണെന്നു മറച്ചു വച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരിക്കൽ പോലും എന്നെക്കുറിച്ച് അവിടെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിച്ചത് പ്രേക്ഷകർ അറിഞ്ഞാൽ വോട്ട് കുറയും എന്നാണ് അന്നു പറഞ്ഞ ന്യായീകരണം.

WhatsApp Image 2024-12-09 at 10.15.48 PM

സോമദാസ് അഞ്ചു വർഷം അമേരിക്കയിൽ ആയിരുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇതു കള്ളമാണ്. രണ്ടര വർഷം മാത്രമാണ് അവിടെ താമസിച്ചത്. അഞ്ചു വർഷം അമേരിക്കയിൽ നിന്നയാൾക്ക് എങ്ങനെ രണ്ടര വയസിന്റെ വ്യത്യാസത്തിൽ രണ്ട് കുട്ടികൾ ഉണ്ടാകും? 2013–ലാണ് അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ മക്കളെയും കൂട്ടി ഉത്സവത്തിനു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിന് അനുവദിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ച ശേഷമാണ് സമ്മതിച്ചത്.

അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയത്ത് സോമുവിന്റെ മാതാപിതാക്കൾ എന്നോടു കലഹിച്ചു. ആ വീട്ടിൽ നിന്നു പോയാൽ പിന്നെ തിരിച്ചങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. അന്ന് സോമു എനിക്കനുകൂലമായി ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്ക് ധിക്കരിച്ച് ഞാൻ അന്ന് വീട്ടിലേക്കു പോയി. മൂത്ത മകൾ അച്ഛനൊപ്പം നിൽക്കുകയാണെന്ന് പറഞ്ഞതു കൊണ്ട് ഇളയ കുട്ടിയെ ഞാൻ വീട്ടിലേക്കു കൊണ്ടു പോയി.

വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോൾ സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയെപ്പോലെ തന്നെ അച്ഛനും കുഞ്ഞിന്റെ മേൽ അധികാരമുണ്ടെന്നും കുറച്ചു ദിവസം കുഞ്ഞ് അച്ഛനൊപ്പം നിൽക്കട്ടെയെന്നും അവർ മറുപടി നൽകി. അതിനു ശേഷം രണ്ട് മക്കളും സോമദാസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. അപ്പോൾ പിന്നെ ഞാൻ എങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നൽകി എന്നയാൾ പറയുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയാന്ന് കാണാൻ പോലും എന്നെ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തു. ഞാൻ മക്കളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്’. സൂര്യ പറയുന്നു‌.