നരബലിയുടെ പേരിൽ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ സ്വർണം അപഹരിച്ച് പണയം വെച്ച് കിട്ടിയ പണം ഷാഫി ഭാര്യക്ക് നൽകിയതായി കണ്ടെത്തൽ. എറണാകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് പത്മയുടെ സ്വർണം പണയപ്പെടുത്തിയത്. ഒരു ലക്ഷത്തി പതിനായിരം രൂപ മുഹമ്മദ്‌ ഷാഫി സ്വർണ്ണം പണയം വെച്ച് കൈക്കലക്കി.

പത്മയുടെ സ്വർണ വളയും കമ്മലുമടക്കം 39 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. എറണാകുളം നഗരത്തിൽ ഷാഫി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത മാളിയേക്കൽ ഗോൾഡ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഷാഫി സ്വർണം പണയം വെച്ചത്.

ഒക്ടോബർ നാലിന് വൈകീട്ട് ജീപ്പിലെത്തിയാണ് ഷാഫി സ്വർണം പണയപ്പെടുത്തിയത്. അന്ന് തന്നെ 40000 രൂപ തന്റെ ഭാര്യയായ നബീസയ്ക്ക് നൽകിയെന്നാണ് ഷാഫി മൊഴി നൽകിയത്. ഷാഫിയുടെ പേരിലുള്ളതല്ല സ്വർണം പണയം വെച്ച ദിവസം ഉപയോഗിച്ച ജീപ്പ്. പ്രതി സ്വർണം പണയം വെക്കാൻ എത്തുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടി.

ഷാഫി പണത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിൽ ആ പണം എവിടെയെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ഷാഫിയുടെ ഭാര്യയായ നബീസ പറഞ്ഞത്. വീട്ടിൽ പണം കൊണ്ടുവന്നില്ലെന്നും നബീസ പറഞ്ഞിരുന്നു. എന്നാൽ പത്മയുടെ സ്വർണം പണയം വെച്ച് കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഭാര്യക്ക് നൽകിയെന്നാണ് ഷാഫി തന്നെ പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം.

പത്മയെ അറിയാമെന്നും കാണാതാകുന്ന ദിവസം അവർ ഹോട്ടലിൽ വന്നിരുന്നുവെന്നും നേരത്തെ നബീസ പറഞ്ഞിരുന്നു. ഹോട്ടലിൽ വെച്ച് പത്മയുടെ ഫോൺ കാണാതായപ്പോൾ തന്റെ ഫോണിൽ നിന്ന് പത്മയുടെ നമ്പറിലേക്ക് വിളിച്ചെന്നും ഫോൺ കണ്ടെത്തിയെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് തീരെ നല്ല അഭിപ്രായമല്ലായിരുന്നു നബീസയ്ക്ക്. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും നബീസ പറഞ്ഞിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം ഷാഫി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ നബീസ കൊല്ലപ്പെട്ട പത്മയും റോസ്‌ലിയും ലോഡ്ജിൽ വരാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.