ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് രോഗം ബ്രിട്ടന്റെ നിലനിൽപ്പിന് കനത്ത ഭീഷണിയാവുന്നു. രാജ്യത്ത് ഇന്നലെ മാത്രം 260 മരണങ്ങളാണ് ഉണ്ടായത്. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷം ബ്രിട്ടനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതുമൂലം മരണസംഖ്യ 1,019 ആയി ഉയർന്നു. ഒപ്പം 2,546 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 17,089 ആയി ഉയർന്നു. സ്കോട്ട്ലൻഡിൽ ഇതുവരെ 40 പേർ മരിച്ചു. വെയിൽസിൽ 38 പേരും വടക്കൻ അയർലണ്ടിൽ 15 പേരും ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ദിനംപ്രതി കുത്തനെ ഉയരുന്ന ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. വെള്ളിയാഴ്ചത്തേക്കാൾ 34% അധികം മരണങ്ങളാണ് ഇന്നലെ ഉണ്ടായത്. യുകെയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്കയച്ച കത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോവിഡ് -19 സ്ഥിരീകരിച്ചതിന് ശേഷം ഐസൊലേഷനിൽ കഴിയുന്ന ബോറിസ് ജോൺസൺ പറയുന്നു. പൊതുജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു.

 

 

രോഗികളെ ചികിത്സിച്ച അല്ലെങ്കിൽ അവരോടൊപ്പം കഴിഞ്ഞ ആരോഗ്യ പ്രവർത്തകർക്കും എൻ എച്ച് എസ് ജീവനക്കാർക്കും ടെസ്റ്റുകൾ നടത്തും. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർക്കും നഴ്സുമാർക്കും ആദ്യം മുൻഗണന നൽകും. വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ഇതിനകം പരിശോധിക്കുന്നുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കും വൈറസ് സ്ഥിരീകരിച്ചതിനു ശേഷം സ്വയം ഒറ്റപ്പെട്ട് കഴിയുകയാണ്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിയും ഐസൊലേഷനിൽ ആണ്, എന്നാൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റർ ജാക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ലണ്ടനിലെ എക്‌സെൽ കേന്ദ്രത്തെ താൽക്കാലിക ആശുപത്രിയാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 4000ത്തോളം ആളുകൾക്ക് ഇവിടെ കഴിയാനാകും. നിലവിൽ, പ്രതിദിനം 6,000 ത്തോളം പേരെ പരിശോധിക്കുന്നുണ്ടെങ്കിലും മാർച്ച് അവസാനത്തോടെ ആ സംഖ്യ പ്രതിദിനം 10,000 ആയും ഏപ്രിൽ പകുതിയോടെ 25,000 ആയും ഉയർത്താൻ സർക്കാർ ഒരുങ്ങുന്നു.

ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. 30,851 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 662,967 ത്തിലേക്കുയർന്നു. ഇറ്റലിയിൽ മരണസംഖ്യ 10,000 കടന്നു. സ്പെയിനിൽ മരണസംഖ്യ 6,000ത്തിലേക്ക് എത്തുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോടടുക്കുന്നു. അമേരിക്കയിൽ ദ്രുതഗതിയിലാണ് സാമൂഹിക വ്യാപനം നടക്കുന്നത്.ഫ്രാൻസിലും ഇറാനിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 987 ആയി ഉയർന്നു. 24 മരണങ്ങളും ഇതിനകം ഉണ്ടായികഴിഞ്ഞു. കേരളത്തിലെ ആദ്യ കോവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3,500 മരണങ്ങളാണ് ലോകത്തുണ്ടായത്. 66000 പുതിയ കേസുകളും ഇന്നലെ ഉടലെടുത്തു. വളരെ വേഗത്തിൽ ഉയരുന്ന കണക്കുകൾ ലോകജനതയെ മുഴുവനും ഭീതിയിലാഴ്ത്തുകയാണ് .