ന്യൂഡല്‍ഹി∙ കൊറോണ വൈറസ് വ്യാപനം തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും ഇന്ത്യ മറ്റു ലോകരാജ്യങ്ങള്‍ക്കു മുന്നില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പത്തു ലക്ഷത്തില്‍ ഒൻപതു പേര്‍ക്കു മാത്രമാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച സ്പെയിനില്‍ പത്തു ലക്ഷം പേരില്‍ 3,864 പേര്‍ക്കാണു രോഗബാധയുണ്ടായത്. ഇറ്റലിയിലും ഫ്രാന്‍സിലും ഇത് യഥാക്രമം 2732-ഉം 2265-ഉം ആണ്. അമേരിക്കയില്‍ ഇത് 1946 ആണെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു.
കോവിഡ് ബാധിച്ചുള്ള മരണനിരക്കും ഇന്ത്യയില്‍ തീരെ കുറവാണ്. പത്തു ലക്ഷത്തില്‍ 0.3 മരണങ്ങള് മാത്രമാണ് ഇന്ത്യയില്‍. അതേസമയം സ്പെയിനില്‍ അത് 402 ആണ്. ഇറ്റലിയില്‍ 358, ഫ്രാന്‍സില്‍ 263 എന്നിങ്ങനെയാണു മരണനിരക്ക്.കോവിഡ് അതിവേഗത്തില്‍ പടര്‍ന്നതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധനയും വേഗത്തിലാക്കിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം 10,000 കടന്നപ്പോള്‍ 2,17,554 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്. കാനഡ മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. 10,000 പേര്‍ക്കു രോഗം ബാധിച്ച ഘട്ടത്തില്‍ 2,95,065 പേരെ കാനഡ പരിശോധിച്ചിരുന്നു.
ഇന്ത്യ ശരിയായ നടപടിയാണു സ്വീകരിച്ചതെന്നും മഹാമാരി മറ്റുള്ള രാജ്യങ്ങളില്‍ സൃഷ്ടിച്ച വിനാശം ഇന്ത്യക്ക് ഒഴിവാക്കാന്‍ കഴിഞ്ഞത് ഫലപ്രദമായ നടപടികളിലൂടെയാണെന്നും ലോക്ഡൗണ്‍ മേയ് 3 വരെ നീട്ടിക്കൊണ്ടു നടത്തിയ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ലോക്ഡൗണ്‍ മൂലം വന്‍സാമ്പത്തിക തിരിച്ചടി ഉണ്ടായെങ്കിലും സര്‍ക്കാരിനു പ്രധാനം ജനങ്ങളുടെ ജീവനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാഴാഴ്ച ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 12,380 ആയി. മരണസംഖ്യ 414 ആയെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
	
		

      
      



              
              
              




            
Leave a Reply