സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും അഭാവത്തില്‍ യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുഴുവന്‍ സുരക്ഷ നല്‍കുന്ന കവചങ്ങളില്ലാതെ തന്നെ രോഗികളെ പരിചരിക്കാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഇംഗ്ലണ്ടിലാകമാനമുള്ള ആശുപത്രികള്‍ അവശ്യ മെഡിക്കല്‍ വസ്തുക്കളുടെ ലഭ്യതയില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നീളത്തിലുള്ള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഗൗണുകള്‍ ലഭിക്കാതെ വരുമ്പോള്‍ പ്ലാസ്റ്റിക് ഏപ്രണുകളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

ലഭ്യതക്കുറവുള്ളതിനാല്‍ ഒറ്റ തവണ ഉപയോഗിക്കേണ്ട ഗൗണുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗണുകള്‍ ബ്രിട്ടനില്‍ കുറവാണെന്നും 55000 എണ്ണം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ബാക്കിയുള്ളവ കൂടി വരുമെന്നും ബ്രിട്ടന്‍ ആരോഗ്യ മന്ത്രി മാട്ട് ഹാന്‍കോക്ക് പ്രതികരിച്ചു.