കോഴിക്കോട് : കോവിഡ് കടമ്പകള്‍ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്. വിമാനത്താവളത്തില്‍ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു.

കൊറോണ വ്യാപനത്തിന്റെ വ്യാപ്തി അനുദിനം വര്‍ദ്ധിച്ച് വരുന്നതും ആശുപത്രിയിലുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് കേരളത്തിലേക്കെത്തി ചികിത്സ നല്‍കുവാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.ഡോ. അഭിഷേക് രാജന്‍, ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി, ഡോ. നൗഷിഫ് എന്നിവര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കും.