ഇപ്പോഴും ആളുകളെത്തുകയാണ് ആന്ധ്രാപ്രദേശിലെ കുർനൂളിലെ രണ്ടു രൂപ ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ. അദ്ദേഹം കോവിഡ് മരണത്തിന് കീഴടങ്ങിയെന്ന് വിശസിക്കാതെ. കുർനൂളിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ കെഎം ഇസ്മായിൽ ഹുസൈൻ (76) ഏപ്രിൽ 14നാണ് മരിച്ചത്.
ഒരു കാരണത്താലും രോഗികളെ പരിചരിക്കാതെ മടക്കി അയക്കാത്ത, രണ്ടു രൂപയോ അഞ്ചു രൂപയോ നൽകുന്ന എത്ര കുറഞ്ഞ തുകക്കും ചികിത്സ നൽകിയിരുന്ന ഡോക്ടർ ഇസ്മായിൽ ജനങ്ങൾക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രിയിലെത്തിയ കോവിഡ് രോഗിയിൽ നിന്നും വൈറസ്ബാധിച്ച അദ്ദേഹം കുനൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയും മകനുമുൾപ്പെടെ കുടുംബത്തിലെ ആറു പേർക്കും കോവഡ് സ്ഥിരീകരിച്ചു.50 വർഷമായി ആതുരസേവന രംഗത്തുള്ള ഡോക്ടർ ഇസ്മായിലിനെ കുർനൂളിൽ നിന്ന് മാത്രമല്ല, തെലങ്കാന, ഗഡ്‌വാൾ, കർണാടകയിലെ റായ്ചൂർ എന്നിവിടങ്ങളിൽ നിന്നു പോലും നിരവധി രോഗികൾ തേടി എത്തുമായിരുന്നു.
രാവിലെ ഏഴു മുതൽ അവസാന രോഗിയും മരുന്ന് വാങ്ങി പോകുന്നതുവരെ അദ്ദേഹം ക്ലിനിക്കിലുണ്ടാകും. രണ്ടു രൂപയാണ് ആദ്യം ഫീസായി വാങ്ങിയിരുന്നത്. ചില രോഗികൾ 20, 50 മെല്ലാം നൽകി തുടങ്ങിയതോടെ അദ്ദേഹം ടേബിളിൽ ഒരു പെട്ടിവെച്ചു. പത്തു രൂപയിട്ടവർക്ക് അഞ്ചു രൂപ തിരിച്ചെടുക്കാം. 20 ഇട്ടവർക്ക് പത്തും 50 നൽകിയവർക്ക് 30തും തിരിച്ചെടുക്കാം. പണമിട്ടില്ലെങ്കിലും പരിചരണവും മരുന്നും ലഭിക്കും.
എംബിബിഎസ് പഠനത്തിന് ശേഷം കുർനൂൾ മെഡിക്കൽ കോളജിൽ നിന്നും എംഡി ബിരുദം നേടിയ അദ്ദേഹം അവിടുത്തെ അധ്യാപകനായി ഏറെ വർഷം പ്രവർത്തിച്ചു. പിന്നീട്സ്വന്തം ഗ്രാമത്തിൽ കെഎം ഹോസ്പിറ്റൽ എന്ന പേരിൽ ക്ലിനിക് തുടങ്ങുകയായിരുന്നു.
അവസാന ശ്വാസം വരെ രോഗികൾക്കായി സേവനമനുഷ്ഠിച്ച ഡോക്ടർ ഇസ്മായിൽ ഹുസൈന്റെ അന്ത്യ ചടങ്ങുകൾ നിർവഹിച്ചത് കോവിഡ് ചട്ടപ്രകാരമായിരുന്നു. കുടുംബത്തിൽ നിന്നുള്ള അഞ്ചു പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
ഒരിക്കലും ഒരു രോഗിയിൽ നിന്നു പോലും ഡോക്ടർ പരിശോധനകൾക്കോ മരുന്നുകൾക്കോ ഉള്ള മുഴുവൻ തുക വാങ്ങിയിട്ടില്ല. പണമില്ലെങ്കിലും അസുഖം മൂലം വിഷമിക്കേണ്ട അവസ്ഥ ആർക്കുമുണ്ടായില്ല. കെഎം ക്ലിനിക്കിലെ നീണ്ടവരി ഇനിയും കാണാനാകുമായിരിക്കും.
സാധാരണ സാഹചര്യത്തിലാണെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യചടങ്ങുകളിലേക്ക് മുഴുവൻ കുർനൂൾ വാസികളും എത്തിയേനെ. ഇങ്ങനൊരു വിട വിശ്വസിക്കാനാവുന്നില്ലെന്ന് പ്രദേശവാസിയായ ഇമാം അബ്ദുൾ റൗഫ് പറയുന്നു.
Leave a Reply