സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിച്ചു.ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഈ ജില്ലകളിൽ താപനില ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. നിലവിലുള്ളവയേക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെയാണ് താപനില ഉയരാനാണ് സാധ്യത.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായി താപനില ഉയരാമെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പകൽ 11 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ തട്ടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും നിർജ്ജലീകരണം തടയുന്നതിനായി ആവശ്യമായ ശുദ്ധജലം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.