പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം പിരിഞ്ഞു. സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചത്.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് സ്പീക്കര്‍ ചേംബറില്‍ നിന്ന് മടങ്ങി. സഭയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. മന്ത്രിമാര്‍ വരെ മുദ്രാവാക്യം വിളിയുമായി ഇറങ്ങി.

ഇതോടെ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്ത്രര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭ പിരിഞ്ഞതോടെ സഭാ കവാടത്തില്‍ മോക് സഭ ചേര്‍ന്ന് ജനങ്ങള്‍ക്കു മുന്നില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.