സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ ആദ്യ ഫലങ്ങൾ ജൂൺ പകുതിയോടെ തയ്യാറാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനെക്കയുമായി പുതിയ ബന്ധം സ്ഥാപിച്ചതോടെ കാര്യങ്ങൾ വേഗത്തിലാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല പറഞ്ഞു. ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായുള്ള കരാർ, ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ലോകമെമ്പാടുമുള്ള വാക്സിനേഷൻ വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ മനുഷ്യനിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ പഠനത്തിന്റെ ഭാഗമാകാൻ സന്നദ്ധരായി. ഇവർക്ക് 20 മില്യൺ പൗണ്ട് ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ, ഈ പങ്കാളിത്തത്തെ “പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിലെ പ്രധാന ശക്തി” എന്നാണ് വിശേഷിപ്പിച്ചത്. “നൂറുകണക്കിന്” ആളുകൾക്ക് ഇപ്പോൾ ട്രയൽ വാക്സിൻ നൽകിയിട്ടുണ്ട്, റെഗുലേറ്റർമാർ അംഗീകരിച്ചുകഴിഞ്ഞാൽ വലിയ രീതിയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുക എന്നതാണ് വെല്ലുവിളി. മറ്റുരാജ്യങ്ങളിലേക്ക് ഈ വാക്സിൻ എത്തിക്കേണ്ടതുണ്ട്. അതിനായി ഞങ്ങൾക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ ആസ്ട്രാസെനെക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു.” ജോൺ വെളിപ്പെടുത്തി.
രണ്ടാഴ്ച മുമ്പ് സർക്കാർ വാക്സിനേഷൻ ടാസ്‌ക്ഫോഴ്‌സ് ആരംഭിച്ചതിന് ശേഷം രൂപീകരിക്കുന്ന ആദ്യത്തെ പങ്കാളിത്തമാണിത്. ഉൽപാദനത്തിനും വിതരണത്തിനുമുള്ള ചെലവുകൾ മാത്രം ഉൾക്കൊണ്ടുകൊണ്ട് പകർച്ചവ്യാധിയുടെ കാലയളവിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചിട്ടുണ്ട്. കൊറോണ വൈറസ് വാക്സിൻ ഫലപ്രദമാകുമോ ഇല്ലയോ എന്ന് ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിനുള്ളിൽ അറിയാമെന്ന് ആസ്ട്രാസെനെകയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. “ഓക്സ്ഫോർഡ് വാക്സിൻ യൂണിറ്റ് രോഗികളിലേക്കും റെഗുലേറ്ററി അതോറിറ്റികളിലേക്കും എത്തിക്കുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ പ്രോഗ്രാം വിപുലീകരിക്കുന്നതിനായി കമ്പനിയുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി കരാറിലെത്തിയെന്നത് വളരെ മികച്ച വാർത്ത ആണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. വാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. “ലോകത്തിന് വളരെയധികം ആവശ്യമുള്ള കോവിഡ് -19 വാക്സിൻ ഒരു വർഷത്തിനുള്ളിൽ ലഭിക്കണമെങ്കിൽ, ഞങ്ങൾ ഇപ്പോൾ ഉൽപാദന ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനാൽ തയ്യാറെടുപ്പുകൾ നടക്കുന്നത് അഭിനന്ദാർഹമാണ്. ” ; വെൽക്കം ട്രസ്റ്റ് വാക്സിനുകളുടെ തലവൻ ഡോ. ചാർലി വെല്ലർ പറഞ്ഞു. എന്നാൽ ഈയൊരു ശ്രമം ആഗോളമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply