മുന്‍നിര മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നില്ലെന്ന് ആരോപണം. അതേസമയം തങ്ങളുടെ നിക്ഷേപകര്‍ക്ക് കമ്പനികള്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുമുണ്ട്. ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു കാരണമാകുമെന്ന് ഗവേഷങ്ങളില്‍ തെളിഞ്ഞാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബ്ലാക്ക്‌ബെറി, ഇഇ, നോക്കിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഓഹരിയുടമകള്‍ക്ക് ഈ വിവരം നല്‍കിയിട്ടുണ്ട്.

റേഡിയോ ഫ്രീക്വന്‍സി എമിഷന്‍ ആരോഗ്യത്തിന് ഹാനികരമാണോ എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ എന്തു പറയും എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് ഇഇയുടെ മാതൃ കമ്പനിയായ ബ്രിട്ടീഷ് ടെലകോം 2017ലെ ആനുവല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. നോക്കിയയും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോക്കിയക്കെതിരെ കേസ് നല്‍കിയ ബ്രെയിന്‍ ക്യാന്‍സര്‍ രോഗി നീല്‍ വൈറ്റ്ഫീല്‍ഡ് 1 മില്യന്‍ പൗണ്ട് നഷ്ടപരിഹാരം നേടിയതോടെയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്.

നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഫോണുകളും നെറ്റ് വര്‍ക്കുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ഇതേ മുന്നറിയിപ്പ് നല്‍കാന്‍ കഴിയേണ്ടതാണെന്ന് വൈറ്റ്ഫീല്‍ഡ് പറയുന്നു. കമ്പനികള്‍ സെലക്ടീവാകുന്നുവെന്നും പൊതുജനങ്ങളേക്കാള്‍ അവരുടെ ആശങ്ക പണമുള്ളവരേക്കുറിച്ചാണെന്നും വൈറ്റ്ഫീല്‍ഡ് വ്യക്തമാക്കി.