റ്റിൻസി ജോസ്

സാങ്കേതിക വിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അതിപ്രതിസരം നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. എന്തിനും ഏതിനും ഗൂഗിളിൽ പരതുന്ന ശീലം നമുക്ക് ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണല്ലോ. പാർക്കിൻസൺസ് എന്ന രോഗത്തെക്കുറിച്ചു നമ്മൾ ഗൂഗിളിൽ തിരഞ്ഞാൽ വയസായി കുഞ്ഞിക്കൂടി നിൽക്കുന്ന ഒരു വൃദ്ധന്റെ പടമാണ് കാണാൻ സാധിക്കുക. പാർക്കിൻസൺസ് രോഗം വെള്ളക്കാരെ മാത്രം ബാധിക്കുന്ന ഒരു അസുഖമാണോ ? ഈ രോഗം പ്രായമായവരുടെ മാത്രം അസുഖമാണോ ? നമ്മൾ ജീവിക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും സാങ്കേതിക വിദ്യകളുടെ ആർജ്ജവം റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലഘട്ടത്തിലും മിഥ്യാ ധാരണകൾ ഒട്ടും കുറവല്ല എന്നുള്ളത് വേദനാജനകമാണ്. ലോകമാകമാനം പാർക്കിൻസൺസ് രോഗികളുടെ എണ്ണം കൂടി വരുന്ന ഈ സമയത്ത് യുകെയിൽ താമസിക്കുന്ന മലയാളി സമൂഹം പാർക്കിൻസൺസ് രോഗത്തെ കുറിച്ച് കൂടുതൽ അവബോധം ഉള്ളവർ ആകേണ്ടതുണ്ടോ?

ഇന്ന് വേൾഡ് പാർക്കിൻസൺസ് ദിനമാണ്. ലോകമെമ്പാടുമുള്ള പാർക്കിൻസൺസ് രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും സപ്പോർട്ട് നൽകുന്നതിനും സമൂഹത്തിൽ പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനും വേണ്ടിയാണ് ഏപ്രിൽ 11 പാർക്കിൻസൺസ് ദിനമായി ആചരിക്കുന്നതിൻറെ ഉദ്ദേശ്യം. പാർക്കിൻസൺസ് രോഗത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ബ്രിട്ടീഷ് വൈദ്യ ശാസ്ത്രജ്ഞനായ ഡോക്ടർ ജെയിംസ് പാർക്കിൻസണിന്റെ ജന്മദിനമാണ് ഏപ്രിൽ 11 .

ലോകത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഷ്തിക സംബന്ധമായ അസുഖമാണ് പാർക്കിൻസൺസ്. ഇതുവരെയും ചിക്ത്സിച്ചു ഭേദമാകാൻ ചികിത്സ കണ്ടുപിടിക്കപ്പെടാത്ത ഈ അസുഖം ഒരു ചലന സംബന്ധമായ അസുഖമാണ്. ലോകത്തിൽ ആകമാനം പത്തു കോടി പാർക്കിൻസൺസ് രോഗികൾ ഉണ്ടെന്നാണ് കണക്ക്. യു കെയിൽ ഇപ്പോൾ 153,4500 പാർക്കിൻസൺസ് രോഗികൾ ഉണ്ടെന്നാണ് പാർക്കിൻസൺസ് യു കെ ചാരിറ്റി 2023 -ലെ വെളിപ്പെടുത്തൽ. അതിൽ ഇന്ത്യക്കാർ എത്ര ശതമാനം? മലയാളികൾ എത്ര ശതമാനം? കൃത്യമായ കണക്കുകൾ ലഭ്യമല്ല !!! പക്ഷെ നമ്മളുടെ സമൂഹത്തിൽ ഈ രോഗികളുടെ എണ്ണം കൂടുന്നതായി നിങ്ങളിൽ ആർക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കിൽ അത് മിഥ്യയല്ല, സത്യമാണ്.

യുകെയിൽ ഇന്ന് ജീവിച്ചിരിക്കുന്ന 37 പേരിൽ ഒരാൾക്ക് വീതം അവരുടെ ജീവിതകാലത്ത് പാർക്കിൻസൺസ് രോഗം നിർണ്ണയിക്കപ്പെടാം. പ്രായത്തിനനുസരിച്ച് പാർക്കിൻസൺസ് രോഗനിർണയം ഉയരുകയും ആളുകൾ കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നതിനാൽ, ഭാവിയിൽ പാർക്കിൻസൺസിൻ്റെ വ്യാപനം ഗണ്യമായി ഉയരും. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2015 കണക്കാക്കുന്നത് 2040 ആകുമ്പോഴേക്കും ഏകദേശം 13 ദശലക്ഷം ആളുകൾ പാർക്കിൻസൺസ് ഉള്ളവരായിരിക്കുമെന്നാണ്.

യു കെയിൽ മണിക്കൂറിൽ രണ്ടു രോഗികളിൽ വീതം ഈ രോഗം നിർണ്ണയിക്കപ്പെടുന്നു എങ്കിൽ ഓസ്‌ട്രേലിയയിൽ ഒരു ദിവസം 38 പേരിൽ രോഗനിർണ്ണയം നടക്കുന്നു.

പാർക്കിൻസൺസ് രോഗം വെള്ളക്കാരുടെ (സായിപ്പിന്റെ) മാത്രം ബാധിക്കുന്ന അസുഖമല്ല, ലോകത്തിലെ എല്ലാ ജന വിഭാഗങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ്. ഇന്ത്യയിൽ ഏകദേശം 12 ലക്ഷം (2021 ) പാർക്കിൻസൺസ് രോഗികൾ ഉണ്ടെന്നാണ് അനുമാനം. അതിൽ രണ്ടാമത് കേരളമാണ്.

തലച്ചോറിലെ സിരാ കേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാർക്കിൻസൺസ്. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെയും ചലനങ്ങളെയും നിയന്ത്രിക്കുന്നതിനായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്ന് വിളിക്കപ്പെടുന്ന ചില രാസവസ്തുക്കൾ നമ്മുടെ തലച്ചോറിലുണ്ട്. മസ്തിഷ്കത്തിലെ സബ്സ്റ്റാന്റിയ നിഗ്ര എന്നറിയപ്പെടുന്ന ഒരു ചെറിയ ഭാഗത്ത്, ഡോപാമൈൻ എന്ന ഒരു പ്രധാന ന്യൂറോ ട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കപ്പെടുന്നു. പാർക്കിൻസൺസിൽ, സബ്സ്റ്റാന്റിയ നിഗ്രയിലെ ഡോപാമൈൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ നാശം സംഭവിക്കുന്നു. ഡോപാമൈൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ 70-80% കുറയുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

പാർക്കിൻസൺസ് രോഗം വാർധക്യത്തിൽ മാത്രം ബാധിക്കുന്ന ഒരു രോഗമല്ല, അത് ചരിത്രം. ഇപ്പോൾ ഏതു പ്രായ വിഭാഗത്തിൽ പെട്ടവരിലും ഈ രോഗം കാണപ്പെടുന്നു. സാധാരണമായി 60 വയസ്സിനു മുകളിൽ ഉള്ളവരിലായിരുന്നു ഈ രോഗം കാണപ്പെട്ടിരുന്നത്‌. എന്നാൽ ഇപ്പോൾ 30 കളിലും 40 കളിലും ഈ രോഗം താരതമ്യേന കൂടുതലായി നിർണയിക്കപ്പെടുന്നു, ഈ രോഗത്തെ കുറിച്ചുള്ള അവബോധം വർദ്ധിച്ചതും ചികിത്സാ നിർണയത്തിൽ ഉണ്ടായിരിക്കുന്ന പുരോഗതിയും ഒരു കാരണമായി കരുതാവുന്നതാണ്. ഈ രോഗം കുട്ടികളെയും ബാധിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

.
പാർക്കിൻസൺസ് രോഗത്തിന്റെ കാരണം എന്തെന്ന് ഇതുവരെയും വൈദ്യശാസ്ത്രത്തിനു പൂർണമായി കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഇത് ഒരു പാരമ്പര്യ രോഗമല്ല ഒരു പക്ഷെ ജനിതക കാരണങ്ങൾ ഈ രോഗം വരുന്നതിനു ഒരു കാരണമാകാം എന്ന് പറഞ്ഞാൽ ചില വ്യക്തികളുടെ ജനിതക ഘടന പാർക്കിൻസൺസ് രോഗം വരുന്നതിനു സാധ്യത കൂട്ടുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുപോലെ തന്നെ പാരിസ്ഥിക ഘടകങ്ങളും ഈ രോഗത്തിന്റെ ഒരു കാരണമായി പറയപ്പെടുന്നു .

പാർക്കിൻസൺസ് രോഗം ഓരോ വ്യക്തിയെയും വ്യത്യസ്തമായി ബാധിക്കുന്നു, രണ്ട് ആളുകൾക്കും ഒരേ ലക്ഷണങ്ങൾ അനുഭവപ്പെടില്ല. പാർക്കിൻസൺസ് രോഗത്തിൻ്റെ ആഘാതം പ്രവചനാതീതമായിരിക്കും, ആളുകൾക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്.
പാർക്കിൻസൺസ് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

വിറയൽ (അനിയന്ത്രിതമായ വിറയൽ അല്ലെങ്കിൽ ഇളകുന്ന ചലനങ്ങൾ; ഏറ്റവും സാധാരണമായ ലക്ഷണം)
പേശികളുടെ കാഠിന്യം (മസിൽ സ്റ്റീഫനെസ്സ്)
ചലനത്തിൻ്റെ മന്ദത (ബ്രാഡികിനേഷ്യ)
ബാലൻസ് പ്രശ്നങ്ങൾ
പ്രത്യേകിച്ച് മുന്നോട്ട് കുനിയാനുള്ള പ്രവണത)

പാർക്കിൻസൺസ് രോഗം ചലനങ്ങളെ മാത്രം ബാധിക്കുന്ന ഒരസുഖമല്ല, ഈ രോഗത്തിൽ ചലന സംബന്ധമല്ലാത്ത രോഗലക്ഷണങ്ങളുടെ സാന്നിധ്യം വളരെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഉദാ : വിഷാദം, നിരാശ,മലബന്ധം, ഉറക്കക്കുറവ്, ഉറക്കത്തിൽ ഭീകരമായ അല്ലെങ്കിൽ പരസ്പര വിരുദ്ധമായ സ്വപ്‌നങ്ങൾ കാണുക, വേദനകൾ …. അങ്ങനെ 40 ൽ അധികം ലക്ഷണങ്ങളുടെ പട്ടിക നീളുന്നു

പാർക്കിൻസൺസ് രോഗിയെക്കുറിച്ചു ചിന്തിക്കുമ്പോൾ സാധാരണമായി വിറയൽ എന്ന രോഗലക്ഷണമാണ് ഇപ്പോഴും മുൻപിൽ എത്തുക . കാരണം ഇത് ഒരു പ്രധാനപ്പെട്ടതും പെട്ടെന്ന് തിരിച്ചറിയാവുന്നതുമായ ലക്ഷണമാണ്. എന്നാൽ പാർക്കിൻസൺസ് ഉള്ള ചില ആളുകൾക്ക് ഒരിക്കലും വിറയൽ ഉണ്ടാകില്ല, മാത്രമല്ല ഉള്ളവർക്ക് പോലും ഈ ഈ രോഗത്തിന്റെ പ്രാരംഭത്തിൽ വിറയൽ ഉണ്ടാകണമെന്നില്ല. 30% ആളുകളിൽ മാത്രമാണ് വിറയൽ അനുഭവപ്പെടുന്നത്.

എല്ലാ വിറയലും പാർക്കിൻസൺസ് രോഗലക്ഷണമല്ല! വിറയൽ ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് പക്ഷെ അതിനു ഒരു പ്രത്യേകത ഉണ്ട് – രോഗി വിശ്രമിക്കുന്ന സമയത്താണ് ഈ വിറയൽ അനുഭവപ്പെടുന്നത്. ഒരു സൈഡിൽ നിന്നും തുടങ്ങി രോഗം മൂർഛിക്കുന്നതു അനുസരിച്ചു ക്രമേണ അടുത്ത സൈഡിലേക്കും ബാധിക്കും. സാധാരണയായി കൈകളിൽ വിറയൽ തുടങ്ങുന്നു , ഇത് പലപ്പോഴും പിൽ റോളിങ്ങ് ട്രെമോർ ( “ഗുളിക-ഉരുളൽ” )(നിങ്ങളുടെ തള്ളവിരലിനും ചൂണ്ടുവിര…
പാർക്കിൻസൺസ് രോഗനിർണയത്തിന് ശേഷം രോഗിക്ക് അത് അംഗീകരിക്കുവാനും അതുമായി പൊരുത്തപ്പെട്ടു പോകാനും സമയമെടുത്തേക്കാം. ഈ രോഗം ശാരീരികമായും വൈകാരികമായും വെല്ലുവിളിക്കുകയും നിങ്ങളുടെ സാമൂഹിക ജീവിതത്തെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് ചെറുപ്രായത്തിൽ പാർക്കിൻസൺസ് രോഗ ബാധിതനാകുന്ന ഒരു വ്യക്തിയുടെ ജീവിതം മാറിമറിയുന്ന ഒരു സാഹചര്യം രൂപപ്പെടുന്നു. അതിന് ആ രോഗിക്കും കുടുംബത്തിനും സപ്പോർട്ട് നൽകാൻ നമ്മുടെ സമൂഹം കടപ്പെട്ടിരിക്കുന്നു. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും നടത്താതെ രോഗാവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ അവർക്കു പിന്തുണ നൽകാൻ , അവരോടു ചേർന്ന് നിൽക്കാൻ ഉള്ള ആർജവം നമ്മൾ കരുതേണ്ടത് അത്യാവശ്യമാണ്.

പാർക്കിൻസൺസ് രോഗം പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കാണപ്പെടുന്നു. എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ചു രോഗം വരുന്നതിനുള്ള സാധ്യത കുറവാണെന്നു പഠനങ്ങൾ തെളിയുക്കുന്നു, ഒരു പക്ഷെ ഹോർമോൺ ഓസ്‌ട്രോജന്റെ പ്രവർത്തനഫലമായിരിക്കും എന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

പാർക്കിൻസൺസ് രോഗികളുടെ ശ്രദ്ധക്ക്….
ഒരിക്കലും പാർക്കിൻസൺസ് രോഗത്തെ ഭീതിയോടെ കാണരുത്, രോഗനിർണയം നിങ്ങളുടെ ജീവിതത്തിന്റെ അവസാനമല്ല, പകരം പുതിയൊരു തലത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്, സമചിത്തതയോടെ പ്രത്യാശയോടെ ശുഭാപ്‌തി വിശ്വാസത്തോടെ നിങ്ങളുടെ ജീവിതം മുൻപോട്ടു തന്നെ കൊണ്ടുപോവുക. അതിനു കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹായം ആവശ്യവും അത്യന്താപേക്ഷിതവുമാണ് .
പാർക്കിൻസൺസ് രോഗനിർണയം നടന്നാൽ ഉടനെ നിങ്ങൾ വീൽചെയറിൽ ആകും എന്ന മിഥ്യാധാരണ മാറ്റുക. അതിനു കാലതാമസം വരുത്തുക എന്നുള്ളത് ഒരു വെല്ലുവിളി ആയി ഏറ്റെടുക്കുക.
നിങ്ങൾ പാർക്കിൻസൺസ് മരുന്നുകൾ കഴിക്കുന്ന ഒരാളാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
ലെവോടൊപ അടങ്ങിയ മരുന്നുകൾ കഴിക്കുന്നവർ അത് തീർച്ചയായും വെറും വയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കുക. കാരണം ഭക്ഷണശേഷം കഴിച്ചാൽ അത് ഈ മരുന്നുകളുടെ പൂർണ്ണ ഗുണം ലഭിക്കാതിരിക്കുന്നതിന് (ഏകദേശം 80% നഷ്ടപ്പെടുന്നതിന്). ലെവോടൊപ കഴിച്ചശേഷം പാലോ പാലുത്പന്നങ്ങളോ 40 മിനിറ്റിനുള്ളിൽ കഴിക്കുന്നത് ഈ മരുന്നിന്റെ ആഗിരണം 70% തടസ്സപ്പെടുന്നതിനു കാരണമാകുന്നു.

അതുപോലെ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും 40 മിനിറ്റിലേക്കു കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പാർക്കിൻസൺസ് മരുന്നുകൾ കൃത്യസമയത്തു തന്നെ എന്നും കഴിക്കുക. നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ പൂർണ്ണമായുള്ള വിവരങ്ങൾ നിങ്ങൾ മനസ്സിലാക്കിയിരിക്കുക അതുപോലെ തന്നെ ഈ വിവരങ്ങൾ നിങ്ങളുടെ ഫോണിലോ പേഴ്സിലോ സൂക്ഷിക്കുന്നത് അത്യാവശ്യ സമയത്തു ഉപകരിക്കപ്പെടും. ഈ വിവരങ്ങൾ കുടുംബത്തിലുള്ളവരെയും അറിയിക്കുക.

പാർക്കിൻസൺസ് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക, ചില പാർക്കിൻസൺസ് മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത്   പ്രശ്നങ്ങൾ (withdrawal symptoms) സൃഷ്ടിച്ചേക്കാം.

50 വയസ്സിനു മുകളിൽ ഉള്ള പാർക്കിൻസൺസ് രോഗികളിൽ ഓസ്റ്റിയോപോറോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് ( അഞ്ചിൽ ഒന്ന് പുരുഷന്മാരിലും നാലിൽ രണ്ടു സ്ത്രീകളിലും) അതുകൊണ്ടു എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷികേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന് ഡി കഴിക്കുവാൻ ശ്രദ്ധിക്കുക.
പാർക്കിൻസൺസ് രോഗികൾ നിർബന്ധമായും രണ്ടു ലിറ്റർ വെള്ളം ദിവസവും കുടിക്കേണ്ടതാണ്, കാരണം ഡീഹൈഡ്രേഷൻ ഡോപാമിന്റെ നഷ്ടത്തിന് കാരണമാകുന്നു.

ചിട്ടയായ ക്രമപ്പെടുത്തിയ രീതിയിലുള്ള വ്യായാമം   ( രണ്ടര മണിക്കൂർ വീതം ഒരു ആഴ്ചയിൽ) ചെയ്യുന്നത് കൂടുതലായി ഡോപാമിനെ ഉത്പാദിപ്പിക്കപ്പെടുന്നതിനും പുതിയ ന്യൂറോൺസ് ഉണ്ടാകുന്നതിനും കാരണമാകുന്നു.

പാർക്കിൻസൺസ് രോഗികൾ തീർച്ചയായും 6 – 8 മണിക്കൂറുകൾ ദിവസവും ഉറങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്.

 

റ്റിൻസി ജോസ്

ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവാണ് റ്റിൻസി ജോസ് .
റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി പ്രസിദ്ധീകരിച്ചിരുന്നു . മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് .

സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.

ജീവിതത്തിലുടനീളം ജോലിയിലും രോഗാവസ്ഥയിലും ഭർത്താവും മക്കളും നൽകിയ പിന്തുണയെ കുറിച്ച് ബിബിസി അഭിമുഖത്തിൽ റ്റിൻസി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ആദ്യ മദേഴ്സ് ഡേയിൽ തന്റെ മകൻ നൽകിയ കാർഡിൽ സൂപ്പർ മമ്മി എന്നാണ് എഴുതിയിരുന്നത്. അമ്മയ്ക്ക് പാർക്കിൻസൺ രോഗമുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയും തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ കാർഡിൽ എഴുതിയതെന്ന് മകൻ പറഞ്ഞത് തന്നെ കരയിപ്പിച്ചതായി റ്റിൻസി പറഞ്ഞു .

റ്റിൻസിയെ കുറിച്ച് മലയാളം യുകെയുടെ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത്.