സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിൽ തിങ്കളാഴ്ച മുതൽ പ്രൈമറി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ ബാധയോടനുബന്ധിച്ച് ദിനംപ്രതി ഡൗണിങ് സ്ട്രീറ്റിൽ നടത്തുന്ന വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഒന്നാം വർഷത്തിലും ആറാം വർഷത്തിലും ഉള്ള കുട്ടികൾക്കാകും ആദ്യം ക്ലാസ്സുകൾ ആരംഭിക്കുക. നേഴ്സറികളും മറ്റും ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. എന്നാൽ സെക്കൻഡറി സ്കൂളുകൾ ജൂൺ 15 മുതലാകും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിൽ നിയന്ത്രിത ഇളവുകൾ പ്രഖ്യാപിച്ചതിനോടൊപ്പം ആണ് സ്കൂളുകൾ തുറക്കാൻ ഉള്ള തീരുമാനവും അദ്ദേഹം അറിയിച്ചത്. സ്കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നതിനാലാണ് തുറക്കാനുള്ള തീരുമാനമെടുത്തത് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ എല്ലാ പ്രൈമറി സ്കൂളുകളും തിങ്കളാഴ്ച തന്നെ തുറക്കുവാൻ അസാധ്യമാണെന്ന് വിദ്യാഭ്യാസമന്ത്രി നിക്ക് ഗിബ്ബ് അറിയിച്ചതിനു തൊട്ടു പുറകെയാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം വന്നിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നതിനാൽ, ചില സ്കൂളുകളിൽ ഇത്രയും കുട്ടികളെ ഉൾക്കൊള്ളാനുള്ള സ്ഥലപരിമിതി ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ അദ്ധ്യാപക, രക്ഷാകർത്ത കൗൺസിലുകളുടെ പ്രതിഷേധമുണ്ട്.
ബ്രിട്ടണിൽ മൊത്തം 267240 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37, 460 പേർ കൊറോണാ ബാധ മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ലണ്ടൻ നഗരത്തിൽ നിന്നാണ്. എന്നാൽ പതിയെ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് ഗവൺമെന്റ്.
Leave a Reply