കൊച്ചി∙ കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ലിഫ്റ്റിൽ പിപിഇ കിറ്റ് ധരിച്ച് നഴ്സിങ് അസിസ്റ്റന്റ് അബോധാവസ്ഥയിൽ കഴിഞ്ഞത് ഒരു മണിക്കൂറിലേറെ. കളമശേരി സ്വദേശിനി സാഹിറയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് സഹായം ലഭിക്കാതെ കുടുങ്ങിക്കിടന്നത്. ലിഫ്റ്റ് പ്രവർത്തിക്കാതായതോടെ അലാറം 15 മിനിറ്റോളം ഞെക്കിപ്പിടിച്ചു നിന്നിട്ടും സഹായത്തിന് ആരും എത്തിയില്ല. പിപിഇ കിറ്റിൽ ആയിരുന്നതിനാൽ അവശതയിലായി ബോധം നഷ്ടപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നാമത്തെ നിലയിൽ നിന്ന് താഴേയ്ക്ക് എക്കോ മെഷീൻ കൊടുക്കാനായി ലിഫ്റ്റിൽ കയറിയതായിരുന്നു. നാലു പേർക്ക് മാത്രം പ്രവേശിക്കാവുന്ന ലിഫ്റ്റിൽ എക്കോ മെഷീനും ട്രോളികളും ഉണ്ടായിരുന്നു. ഇടയ്ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതാണ് ലിഫ്റ്റ് പ്രവർത്തനരഹിതമാകാൻ കാരണമായത്. പിപിഇ കിറ്റിൽ കുറെ സമയം ചെലവഴിച്ചതോടെയാണ് ബോധം നഷ്ടമായത്.
അടുത്ത ഷിഫ്റ്റിലേയ്ക്കുള്ള നാലു പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ഇവർ ലിഫ്റ്റിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. പിപിഇ കിറ്റ് ധരിച്ചിരിക്കുന്നതിനാൽ മറ്റുള്ളവർക്ക് ഓടിച്ചെന്ന് സഹായിക്കാനും സാധിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് കൂടുതൽ പേരെത്തി സ്റ്റെപ്പിലൂടെ ചുമന്നാണ് ഇവരെ താഴെ കാഷ്വാലിറ്റിയിലെത്തിച്ചത്. വൈകിട്ട് ആറരയോടെയാണ് ബോധം വന്നത്. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് ഇവർ പറഞ്ഞു. അതേസമയം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ള കെട്ടിടത്തിലെ വാർഡിലാണ് ഇവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വന്തമായി മുറിയിലേയ്ക്ക് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ 16 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനം നടത്തിയ കെട്ടിടത്തിലാണ് സംഭവം. ഇതിന്റെ ലിഫ്റ്റ് സ്ഥിരമായി പണിമുടക്കിലാണെന്നും ഇവിടെ ജോലി ചെയ്യുന്നവർ പറയുന്നു. അതുകൊണ്ടു തന്നെ നഴ്സുമാർ ഒറ്റയ്ക്ക് പോകേണ്ടി വരുമ്പോൾ ഈ ലിഫ്റ്റിൽ കയറില്ലത്രെ. ഒന്നിലധികം പേരുണ്ടെങ്കിൽ മാത്രമാണ് കയറുക. ഇതിന് സ്ഥിരമായി ഒരു ലിഫ്റ്റ് ഓപ്പറേറ്റർ ഉണ്ടെങ്കിലും ബ്ലഡ്ബാങ്കിൽ മറ്റു ആവശ്യത്തിന് പറഞ്ഞയച്ചിരിക്കുകയായിരുന്നു.
15 മിനിറ്റിൽ കൂടുതൽ സ്ത്രീ ലിഫ്റ്റിൽ കിടന്നിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. പരാതി ഉണ്ടെങ്കിൽ അന്വേഷിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
Leave a Reply