അഞ്ചു കൃഷ്ണന്
വര്‍ഷം 1997.
കടുത്ത വേനലില്‍ നിള വരണ്ടുണങ്ങി ഒരു നീര്ച്ചാല് മാത്രമായിരുക്കുന്നു.
അങ്ങ് അക്കരെ മായന്നൂരിലേക്ക് പണി കഴിഞ്ഞു ആളുകള്‍ അവരുടെ സഞ്ചികളും, ജീവിത പ്രാരാബ്ധങ്ങളും ഒരു പോലെ താങ്ങി പിടിച്ചു
നിളയുടെ മണല്‍ത്തട്ടിലൂടെ നടന്നു തുടങ്ങിയിരുന്നു .
ആഴമുള്ള സ്ഥലത്തു നദി മുറിച്ചു കിടക്കാന്‍ പാടാണ് അതു കൊണ്ട് ചിലര്‍ തോണിയെ കാത്തു നില്‍ക്കുകയാണ് .
അവരെ കാണാന്‍ ഒരു കൗതുകമാണ് , എല്ലാ സഞ്ചികളും ഒരു പ്ലാസ്റ്റിക് ബാഗിലിട്ട് പിടിച്ചിട്ടുണ്ട്. മണലിലൂടെ നടന്നു പോകാന്‍ നാടന്‍ ഹവായ് ചെരുപ്പ് അല്ലെങ്കില്‍ നഗ്ന പാദുകം ശരണം .
ഓരോ ആള്‍ക്കാരും അവരുടേതായ വഴികളില്‍, സന്ധ്യയാകുംതോറും തിരക്കിട്ടു നടന്നു തുടങ്ങി .
ഇതെല്ലാം നോക്കി ഇരിക്കവേ ഘടികാരത്തിലെ സൂചി മുനകള്‍ക്ക് വേഗത കൂടിയപോലെ എനിക്ക് തോന്നി.
അഗാധമായ ഒരു ഗര്‍ത്തത്തില്‍ ആത്മാവ് പിടയുകയയായിരുന്നു….
പ്രീഡിഗ്രിക്ക് വിചാരിച്ച കോളേജില്‍ സീറ്റ് കിട്ടിയില്ല . മരണ വീടുകളില്‍ കാണുന്ന ഒരു തരം മൂകതയാണ് എന്റെ വീട്ടിലും പടര്‍ന്നിരുന്നത്…… ആരും മിണ്ടുന്നില്ല ……
കുടുംബത്തില്‍ ഡിസ്റ്റിംക്ഷനില്‍ കുറഞ്ഞു ഒന്നും ആരും
വാങ്ങിച്ചിട്ടില്ല…….. അപ്പോള്‍ പിന്നെ എന്റെ ഫസ്റ്റ് ക്ലാസ്സിന്റെ വില പറയേണ്ടതില്ലല്ലോ .
(ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി അല്ലല്ലോ അന്നൊക്കെ വിഷയങ്ങള്‍ പഠിച്ചിരുന്നത്).
ഇതൊരു വലിയ ഒരു നാണകേടായി പോയി എല്ലാവര്ക്കും…..
കുടുംബാംഗങ്ങള്‍ എന്നോട് സംസാരിക്കാതെ ഇരുന്ന് അന്നേക്ക് ഒരു മാസം. ഇങ്ങനെ ഒരു മകളെ വളര്‍ത്തുന്നതിലും ഭേദം രണ്ട് വാഴ നട്ടാല്‍ അതു കുലച്ച് രണ്ട് കായെങ്കിലും കിട്ടുമായിരുന്നു……തലേ വിധിയാണ് ഇങ്ങനത്തെ ഒരു മകള്‍……….അശ്ലീകരണം ജനിക്കുന്നതിലും ഭേദം….തീറ്റി പോറ്റി വളര്‍ത്തിയതിനു നന്ദികേട് കാണിച്ചു …………. അങ്ങനെ പലതും ഉറ്റവരിലും ഉടയവരിലും നിന്നനിന്നും കേള്‍ക്കേണ്ടി വന്ന അത്യധികം വേദനാജനകമായ ദിനങ്ങള്‍. ഇവ കടന്ന് പോകും തോറും മനസ്സിനു പിരിമുറുക്കം കൂടികൊണ്ടേ ഇരുന്നു; വിരാമം ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍ പലതാണ് …………
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു വൈകുന്നേരം ഭാരതപുഴയുടെ അടുത്തുള്ള പൂഴിക്കുന്നമ്പലത്തിലേക്ക് അച്ഛന് കൊണ്ട് പോകുന്നത് . കൃഷ്ണ സാന്നിധ്യം നിറഞ്ഞുള്ള ഈ സ്ഥലത്താണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ സ്വര്‍ഗ്ഗസ്ഥനായത്.
സാധാരണ ഈ അമ്പലത്തിലേക്ക് എന്ന് പറഞ്ഞാല്‍ വല്ലാത്ത ഒരു സന്തോഷം ആണ്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1978ല്‍ അവിടെ വന്നതും അദ്ദേഹം അവസാനമായി പാടിയ ‘കരുണൈ ചെയ്വാന് എന്തു താമസം കൃഷ്ണ ‘ എന്ന പാട്ടിനെ കുറിച്ചും അതിന്റെ രാഗത്തിനെ കുറിച്ചും, ഭാഗവതരുടെ കൃതികളെ കുറിച്ചും ഒക്കെ അച്ഛന് വീണ്ടും വീണ്ടും പറഞ്ഞു തരും. ഇതെല്ലാം കേട്ടു കൊണ്ട് വയലുകളിലൂടെ ഉള്ള യാത്ര, മനസ്സിനും ശരീരത്തിനും കുളിര്‍മയാര്‍ന്നതാണ്. എത്ര കേട്ടാലും മതി വരാത്ത കഥകള്‍ ……..പൊടിപ്പും
തൊങ്ങലും വെച്ചു അച്ഛന് പറഞ്ഞു തരുമ്പോള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു ഇമ്പമാണ്.
പക്ഷെ ഇന്ന് ആ സന്തോഷമില്ല, കഥകള്‍ ഇല്ല …… മനസ്സെന്ന അഗ്നിപര്‍വ്വതത്തെ ശല്യപ്പെടുത്തുന്ന ഒരു തരം സമ്മര്‍ദ്ദം മാത്രം മിച്ചം …….
ഉണ്ണി കണ്ണനെ കണ്ട പിന്നെ തീര്‍ത്ഥവും പ്രസാദത്തിനുമായി കാത്തു നില്ക്കുമ്പോള് കുശാലമാം വണ്ണം അവിടുത്തെ തിരുമേനി പരീക്ഷയുടെ ഫലത്തെ കുറിച്ചും തിരക്കി. ഫസ്റ്റ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍, അയ്യേ ഇത്ര കുറഞ്ഞു പോയോ എന്നായി.
പോരാത്തതിന് വിളക്കിനു എണ്ണ ഒഴിക്കുന്നതിനിടയില്‍ ‘ ചെണ്ടപ്പുറത്തു കോലു വെച്ച എല്ലാ കാലമേളകളിലും പ്രസംഗിച്ചു നടന്ന് അവസാനം പഠിത്തം കോട്ട വിട്ടൂല്ലോ’ എന്ന ഒരു പറച്ചിലും.
നടുവിളക്കില്‍ തീ ആളി കത്തി…….
അയാള്‍ എന്നും ഇങ്ങനേയാണ് പൂജ കാര്യങ്ങളെക്കാട്ടിലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആണ് ശ്രദ്ധ കൂടുതല്‍ . ആരുടെ കിണറ്റിലാണ് കിണ്ടി വീണത് എന്നത് മുതല്‍ക്ക് ആരുടെ വീട്ടിലാണ് കാതു കുത്ത് എന്ന് വരെ ആ ശുംഭക്കൂതിക്ക് അറിയാം.
പൂജാരിയാണ് പോലും ‘ഏഭ്യന് ‘ എന്ന് മനസ്സ് പിറുപിറുത്തു.
പൂജാരിയോടുള്ള അരിശമാം വണ്ണം അമ്പല പടികള്‍ ചവിട്ടിമെതിച്ചു ഞാന്‍ അച്ഛനോടൊപ്പം നടന്നു നീങ്ങി .
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോള്‍ ആണ് അച്ഛന് പുഴയോരത്തേക്ക് പോകാം എന്ന് പറഞ്ഞത് .
സാധരണ ചെറിയച്ഛന്മാര് പാലക്കാട്ടുനിന്ന് വരുമ്പോള്‍ ആണ് പുഴയിലേക്ക് പോവുക .
തിരക്കിട്ട ജീവിതത്തില്‍ കുടുംബാoഗങ്ങളുമായി ചിലവഴിക്കുന്ന ആ സമയങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. കുട്ടിപട്ടാളങ്ങളായ പ്രവീണും, ചിക്കുവും, ദീപുവും, മീനുവും കണ്ണിലുണ്ണിയായ അമ്മൂസും , പിന്നെ അവരില്‍ മൂത്തവള്‍ , ലക്ഷ്മി എന്ന ഈ ഞാനും. ഞങ്ങള്‍ ഒന്നിച്ചു കൂടിയാല്‍ നിളാ നദിയിലെ മണല്‍ തരികളില്‍ ഞങ്ങളുടെ മായാ ലോകത്തിലെ കളിപ്പുരയായി മാറിയിരുന്ന കാലം.
മണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കി അടിത്തട്ടില്‍ ഒഴുകുന്ന വെള്ളം എടുത്ത് അതു മണലില്‍ കുഴച്ചു ചെറിയ കൊട്ടാരങ്ങള്‍ ഉണ്ടാക്കുക ഇതാണ്
പ്രധാന വിനോദം . അതിനായി വീട്ടില്‍ നിന്നും ചിരട്ടകളും കൊണ്ട് പോകാറുണ്ടായിരുന്നു . ഇതിലെല്ലാം പ്രധാനം മാമാങ്കവും, ഉണ്ണിയാര്‍ച്ചയുടെ കഥകളും ; ഞങ്ങള്‍ ഏറ്റവും അധികം ആസ്വദിച്ചു അവതരിപ്പിച്ചിരുന്ന വിഷയങ്ങള്‍ ………..
(കുട്ടിക്കാലത്തില്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഏറ്റവും വിലപ്പെട്ട, അമൂല്യമായ, ഈ ലോകത്തിലെ ഒരു സമ്പത്തിനും വാങ്ങിച്ചു തരുവാന്‍ സാധിക്കാത്ത ഒന്ന് പ്രിയപ്പെട്ടവരും ഒത്തുള്ള ബാല്യകാല സ്മരണകള്‍……
പക്ഷെ ഇന്ന് പതിവിനു വിപരീതമായി ആണ് പുഴയോരത്തേക്ക് പോയത്….
മനസ്സിലെ സങ്കടങ്ങളെ നിളയില്‍ ഒഴുക്കാന്‍; ഒന്ന് കുളിര്‍ക്കാന്‍……..
കുറച്ചു ദൂരം മണലിലൂടെ നടന്നതിന് ശേഷം ആ വരണ്ട നദിക്കരയില്‍ അച്ഛന്റെ അടുക്കില്‍ ‘ഇനി എന്ത് ?’എന്ന് ഭാവി ജീവിതത്തെ
കുറിച്ച് ചിന്തിച്ചു ആസ്തമ സൂര്യനെ
നോക്കി ഇരുന്നു. എത്ര നേരം ഇരുന്നു എന്നറിയില്ല പതുക്കെ ആകാശത്തു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു .
ഇരുട്ട് പടരും തോറും മനസ്സില്‍ നിന്നും ഉറവിടം കൊണ്ട ചൂടുള്ള നീര്‍ചാലുകള്‍ നിളയുടെ മണല്‍ത്തരികളില്‍ ഒഴുകുവാന്‍ തുടങ്ങി.
അവ ഒഴുകി, ഒഴുകി അച്ഛന്റെ അടുക്കല്‍ എത്തി.
പരീക്ഷയിലെ മാര്‍ക്കുകള്‍ ആണോ ജീവിതത്തില്‍ എല്ലാം ?
ഇവ തീരുമാനിക്കുമോ എന്റെ വ്യക്തിത്വത്തെ?
ഈ സംഘ്യകള് തീരുമാനിക്കുമോ എന്റെ വിജയത്തെയും തോല്‍വിയെയും ?
ഞാന്‍ എന്ന മനുഷ്യനെ ഈ അക്കങ്ങള്‍ നിര്‍വചിക്കുന്നുണ്ടോ?
സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ പരിഹാരത്തിനുള്ള അവകാശം തുടങ്ങിയ അടിസ്ഥാന മൗലികാവകാശങ്ങള്‍ക്ക് ഓരോ പൗരനും അര്‍ഹതയുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടന വ്യക്തമായി പ്രസ്താവിക്കുമ്പോള്‍; ഈ രാഷ്ട്രത്തിന്റെ ഭാവി കൂടി ആയ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് കൊണ്ട് പത്താം ക്ലാസ്സില്‍ അവര്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളില്‍ തിരഞ്ഞടുത്തു പഠിക്കുവാന്‍ അവകാശമില്ല?
എല്ലാ വിഷയങ്ങളിലും പരീക്ഷിക്കപെടുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അവസ്ഥ പറക്കുവാന്‍ പറഞ്ഞ മത്സ്യത്തിന്റെ പോലെ അല്ലേ ?
ഈ ചോദ്യങ്ങളുടെ ഊഷ്മാവില്‍ കര്‍ണ്ണങ്ങള്‍ക്ക് പൊള്ളല്‍ ഈട്ടിട്ടുണ്ടാകണം………
ഇതെല്ലാം കേട്ട് അച്ഛന് എന്തെങ്കിലും ഒക്കെ പറയും എന്ന് പ്രതീക്ഷിച്ചു……….
പകരം ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം അദ്ദേഹം കാലും മനസ്സും തണുപ്പിക്കാന്‍ എന്ന വണ്ണം പുഴയിലേക്കിറങ്ങി; പിറകെ
ഞാനും.
കൈയില്‍ ഇത്തിരീ വെള്ളം കോരിയെടുത്തു കൊണ്ട് അദ്ദേഹം ചോദിച്ചു
‘നീ നിളയെ ശ്രദ്ധിച്ചിട്ടുണ്ടോ ? താഴേണ്ട ഇടത്തു താണും, വളയണ്ടേ ഇടത്തു വളഞ്ഞും, ഭൂമിയുടെ അടിത്തട്ടിലൂടെയും അവള് ഒഴുകി കൊണ്ടേ ഇരിക്കുന്നു . ‘
നദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് നിരാശയുണ്ടായിരുന്നു, എന്റെ ചോദ്യങ്ങളുമായി എന്തു ബന്ധം?
അദ്ദേഹം വീണ്ടും തുടര്‍ന്നു, ‘മഴക്കാലത്ത് നിള അതിരു കവിഞ്ഞു ഒഴുകിയെത്തുമ്പോള്‍ ആളുകള്‍ അവളെ ശപിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് വരണ്ടു ഉണങ്ങുമ്പോള്‍ ആളുകള്‍ വീണ്ടും പുഴയെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും നിളയുടെ അനുവാദം ഇല്ലാതെ അവളുടെ ചുടു ചോര ഊറ്റിക്കുടിക്കുന്ന ചൂഷണം ചെയ്യുന്ന നരനാണ് ഇതിനെല്ലാം ഉത്തരവാദി എന്നവന് സ്വാര്‍ത്ഥയോടെ മറക്കുന്നു. അങ്ങനെ ഉള്ള ഈ നരജന്മത്തിന്റെ വാക്കുകള്‍ക്ക് വില നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം.
പരീക്ഷകള്‍, മാര്‍ക്കുകള്‍ സ്ഥാനമാനങ്ങള്‍ ഇതെല്ലാം മനുഷ്യ നിര്‍മ്മിതമായ അളവുകോല്‍ മാത്രമാണ്. നിലനില്‍പ്പിന് പ്രകൃതിയെ പോലും സൂക്ഷിക്കാന്‍ , അതിനോട് ഇണങ്ങി ജീവിക്കാന്‍ അറിയാത്ത മനുഷ്യര്‍ എങ്ങനെയാണ് സ്വന്തം കഴിവുകളെ സംഘ്യകളാല്‍ പൂരിപ്പിച്ചു അളക്കുന്നത് ?
ലക്ഷ്മി, നദിയില്‍ നിന്നും മനുഷ്യന് മനസ്സിലാക്കേണ്ട സത്യങ്ങള്‍ പലതാണ് ….
തടസ്സങ്ങള്‍ കണക്കിലെടുക്കാതെ ഒരു നദി തുടര്‍ച്ചയായി ഒഴുകുന്നു. നദി വളയുന്നു, അത് മന്ദഗതിയിലാകുന്നു, അത് നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു, നിരവധി കാര്യങ്ങള്‍ കാണുന്നു, കേള്‍ക്കുന്നു , വലിയ കല്ലുകളെ വരെ ഇവ കാര്‍ന്നു മാറ്റുന്നു , ഇടുങ്ങിയ പാതകളിലൂടെ എല്ലാം കടന്നുപോകുന്നു.
നദി എല്ലായ്പ്പോഴും ഒരു വഴി കണ്ടെത്തുന്നു. ‘ഒരിക്കലും നിര്‍ത്തരുത്’ എന്ന മന്ത്രം അത് നമ്മെ പഠിപ്പിക്കുന്നു.
ജീവിതത്തില്‍ നാം സ്വയം നിരാശരായിത്തീരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കും, അപ്പോള്‍ ഈ നദി പോലെ ആകുക.
ഇത് ഒരിടത്ത് നിശ്ചലമാകില്ല. മനുഷ്യര്‍ നമ്മുടെ ചിന്തകളും പ്രവൃത്തികളും പ്രവര്‍ത്തനങ്ങളും എല്ലായ്പ്പോഴും ഒഴുകുന്ന നദി പോലെയാകണം,എല്ലാം അതിന്റെ വഴിയില്‍ വാര്‍ത്തെടുക്കുക ………….. യാതൊരു തര്‍ക്കവും പരാതിയുമില്ലാതെ ഒഴുകാന്‍ പഠിക്കുക . വിജയം ഒരു നദി പോലെയാണ്, ഒരു യാത്ര, ഒരു ലക്ഷ്യസ്ഥാനമല്ല.
അന്യന്റെ വാക്കുകള്‍ കേട്ട് നാം സ്വയം വിലയിരുത്തിയാല്‍ നിശ്ചലമായ വെള്ളത്തെ പോലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും, പ്രവൃത്തികളും, ശരീരവും എല്ലാം മലിനമാക്കുന്നു.
മനുഷ്യ മനസ്സ് നിളയെ പോലെയാണ്, അവള് എല്ലായ്പ്പോഴും ഒഴുകട്ടെ’.
അങ്ങകലെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു തീവണ്ടി അടുത്ത സ്റ്റേഷന് ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങിയിരുന്നു.
ലക്ഷ്മി അച്ഛന്റെ കൈകള്‍ പിടിച്ചുകൊണ്ടു പതുക്കെ നടന്നു തുടങ്ങി, പുതിയ വഴികളിലൂടെ ……
Leave a Reply