സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് കാലത്തെ അതിജീവിച്ച യൂറോപ്പിലെ വമ്പൻ ലീഗുകളിൽ ഒന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കൊടിയിറങ്ങി. ലിവർപൂൾ നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും സൂപ്പർ സൺഡേയിലെ വീറുറ്റ മത്സരങ്ങൾക്കായാണ് ആരാധകർ കാത്തിരുന്നത്. അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടാനായി മാഞ്ചെസ്റ്റർ യുണൈറ്റഡും ചെൽസിയും മികച്ച കളിയാണ് ഇന്നലെ പുറത്തെടുത്തത്.
ലിവർപൂൾ, മാഞ്ചെസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. ലെസ്റ്റർ സിറ്റി ഉയർത്തിയ കടുത്ത വെല്ലുവിളിയെ രണ്ടുഗോളുകൾക്ക് മറികടന്നാണ് യുണൈറ്റഡ് യോഗ്യത ഉറപ്പാക്കിയത്. വോൾവ്സിനെ രണ്ടുഗോളുകൾക്ക് തകർത്ത് ചെൽസിയും ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് സ്വന്തമാക്കി. കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്നു പുൽമൈതാനങ്ങളിൽ പന്തുരുണ്ടപ്പോൾ ഓരോ ആരാധകനും ആവേശം കൊണ്ടിരുന്നു. അതിനൊപ്പം ടീമുകളുടെ വാശിയേറിയ പോരാട്ടം കൂടിയായപ്പോൾ ഈ പ്രീമിയർ ലീഗ് സീസൺ മികച്ചതായി മാറി.
ബോക്സിൽ ആൻറ്റണി മാർഷലിനെ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് മുൻതൂക്കം നൽകി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ലെസ്റ്റർ ഗോൾകീപ്പർ ഷെമിഷേലിന്റെ പിഴവ് മുതലെടുത്ത ലിംഗാർഡ് ഗോൾ പട്ടിക പൂർത്തിയാക്കി. ചെൽസിയും വോൾവ്‌സും തമ്മിലുള്ള മത്സരവും അതിനിർണായകം ആയിരുന്നു. ആദ്യപകുതിയുടെ അവസാനമിനുട്ടുകളിൽ ചെൽസിക്കായി മാസൺ മൗണ്ടും ഒളിവർ ജെറൂഡും കുറിച്ച ഗോളുകൾക്ക് മറുപടി നൽകാൻ വോൾവ്സിനായില്ല.
എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ ലിവർപൂളിന് 99ഉം സിറ്റിക്ക് 81ഉം പോയിന്റാണ് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 66 പോയിന്റോടെ മൂന്നാമതും 66 പോയന്റുമായിത്തന്നെ ചെൽസി നാലാമതുമാണ്. തോൽവിയോടെ ലെസ്റ്റർ അഞ്ചാം സ്ഥാനത്ത് തന്നെ തുടർന്നു. ഈ സീസണിൽ 23 ഗോളുകൾ അടിച്ചുകൂട്ടിയ ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാർഡിയാണ് ഗോൾഡൻ ബൂട്ട് വിജയി.
സീസണിൽ ഉടനീളം മികച്ച കളി പുറത്തെടുത്ത ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ) താരമായി മാറി. അവസാന മൂന്നു സ്ഥാനക്കാരായ ബോൺമൌത്ത്, വാറ്റ്ഫോഡ്, നോർവിച്ച് സിറ്റി എന്നിവർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ 2020 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്നാണ് സ്ഥിരീകരണം. കാണികളുടെ പ്രവേശനകാര്യത്തിലും തീരുമാനം ഇംഗ്ലീഷ് എഫ്എയിൽ നിന്ന് വൈകാതെ ഉണ്ടായേക്കും.
Leave a Reply