ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇന്നു മുതൽ നിലവിൽ വരുന്ന കടുത്ത നിയന്ത്രണങ്ങൾ യുകെയിലെ മുക്കാൽ ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളെയും പൗരന്മാരെയും ബാധിച്ചേക്കും. ശനിയാഴ്ച മുതൽ ഇംഗ്ലണ്ട് ലീഡ് വിഗാൻ, സ്റ്റോക്ക് പോർട്ട്, ബ്ലാക്ക് പൂൾ എന്നിവിടങ്ങളിൽ ഒരുമിച്ചു താമസിക്കുന്ന കുടുംബങ്ങൾ തമ്മിലോ, വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളിൽ പോലും ഒത്തുകൂടൽ പാടില്ല എന്നാണ് പുതിയ നിർദ്ദേശം. വെയിൽസ്, കാർഡിഫ്, സ്വാൻഷീ എന്നിവിടങ്ങളിൽ ഞായറാഴ്ചമുതൽ നിയന്ത്രണം വരും. വൈറസ് വ്യാപനം കൂടുതലായ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ യുകെയിൽ 6,042 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 28 ദിവസങ്ങൾക്കുള്ളിൽ 34 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ നിയമങ്ങൾ കർശനമാക്കാനാണ് തീരുമാനം.

തുടർച്ചയായ നാലാം ദിനമാണ് യുകെയിൽ കേസുകൾ ആറായിരത്തിന് മുകളിൽ വർദ്ധിക്കുന്നത്. സ്കോട്ട്ലൻഡിൽ ശനിയാഴ്ച മാത്രം 714 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ പ്രതിദിനം 319 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഒരേ ഇടങ്ങളിൽ താമസിക്കുന്നവർ തൊട്ടടുത്ത വീട്ടുകാരെ പോലും സന്ദർശിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. ആർ നമ്പർ 1.2 നും 1.5 ഇടയിലാണ് എന്നത് ആശങ്ക വർധിക്കുന്നു. ആർ നമ്പർ ഒന്നിനു മുകളിൽ വരുന്നത് സമൂഹ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.
ഐസിയുവിലും, ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനെ തുടർന്ന് തലസ്ഥാനത്ത് കൊറോണ വൈറസിന് നിയന്ത്രണവിധേയമാക്കാൻ ചടുലമായ നടപടികൾ ആവശ്യമാണെന്ന് മേയർ സാദിഖ് ഖാൻ പറയുന്നു. ആറു മണി ആകുമ്പോൾ പബ്ബുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ അടയ്ക്കണം എന്നാണ് നിർദേശം. ഒരേ പ്രദേശങ്ങളിൽ, അഥവാ ഒരേ ഹൗസ് ഹോൾഡുകളിൽ താമസിക്കുന്നവർ പോലും തമ്മിലിടകലരാൻ പാടില്ല. 17 മില്യണോളം ജനങ്ങളാണ് കടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ജീവിക്കേണ്ടത്. ആരോഗ്യമന്ത്രി വൗഗൻ ഗെതിങ് പറയുന്നത് പബ്ബുകളെക്കാൾ അധികമായി വീടുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്നാണ്.

അതേ സമയം യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ഹാളുകളിൽ സെൽഫ് ഐസലേഷൻ നടത്തണമെന്ന നിർദ്ദേശത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ 1700 ഓളം വരുന്ന വിദ്യാർത്ഥികളിൽ രണ്ടാഴ്ചയോളം സെൽഫ് ഐസലേഷൻ നടത്താനാണ് നിർദ്ദേശം. എന്നാൽ ശ്രദ്ധിക്കാൻ ആളില്ലാതെ തങ്ങളെ ഈ വിധം ഒറ്റപ്പെടുത്തുന്നതിലാണ് വിദ്യാർത്ഥികൾക്ക് അമർഷം.
കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണത്തിനും, മറ്റു പരീക്ഷണങ്ങൾക്കും ആയി 500 മില്യണോളം പൗണ്ട് വകയിരുത്തിയിട്ടുണ്ട്. ചെറിയ കുട്ടികളിൽ കോവിഡ് ടെസ്റ്റ് നടത്തണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട് എങ്കിലും ഒരു ശതമാനത്തോളം കുഞ്ഞുങ്ങളിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നത് ആശാവഹമാണ്.











Leave a Reply