ഡോ. ഐഷ വി

ചിറക്കര ഗവ. യു പി എസിലെ മറ്റൊരു പ്രത്യേകത ബള്ളിയാഴ്ചകളിലെ അവസാനത്തെ പീരിഡിലുള്ള സോഷ്യൽ ആയിരുന്നു. കുട്ടികളെ സംബന്ധിച്ച് അതൊരു ഉത്സവം തന്നെയായിരുന്നു. ആ സ്കൂളിലെ പരിപാടികളിൽ ഏറ്റവും ആഹ്ലാദമുള്ള പീരീഡ്‌ ഞാൻ സ്കൂളിൽ ആദ്യമായി ചെന്ന് കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ചയിൽ . ഉച്ച ഭക്ഷണ സമയം മുതൽ കുട്ടികളുടെ മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിച്ചു. അങ്ങനെയാണ് ആരോ ഒരാൾ ഇന്ന് അവസാന പീരീഡ് സോഷ്യൽ ആണെന്ന് പറഞ്ഞത്. അതെന്താണെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു എനിക്ക്. കുട്ടികളെല്ലാം വേഗം തന്നെ ഉച്ച ഭക്ഷണം കഴിച്ച് തയ്യാറായി. വട്ടയില, വാഴയില പിന്നെ ഒന്നുരണ്ട് പേരുടെ കൈവശമുള്ള തുണി സഞ്ചികൾ എല്ലാമായി കുട്ടികൾ വിവിധ കൂട്ടമായി വയൽ വരമ്പുകളിലൂടെ നടന്നു. ഓരോരുത്തരും വയൽ വരമ്പുകളുടെ വിളുമ്പിൽ നിൽക്കുന്ന നീലയും വയലറ്റും മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ കുട്ടികൾ ഇറുത്തെടുത്തു. അവരരുടെ കൈകളിലുള്ള വാഴയില വട്ടയില തുടങ്ങിയവയിൽ നിറച്ചു. അന്ന് ഇന്നത്തേതുപോലുള്ള പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. തുണിക്കടകളിൽ നിന്നും ലഭിക്കുന്ന കവറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചവർ നന്നായി സൂക്ഷിച്ച് ഉപയോഗിച്ചിരുന്നു.

എന്റെ കൈയ്യിലെ ചോറ്റുപാത്രത്തിൽ ഞാനും പൂക്കൾ നിറച്ചു. അതിൽ തുമ്പയും കാശി തുമ്പയും കാള പൂവും കായാമ്പൂവും പേരറിയാത്ത വൈവിധ്യമാർന്ന പൂക്കളും ഉണ്ടായിരുന്നു. ചിറക്കര വയലിൽ അക്കാലത്ത് കായാമ്പൂ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ഭാഗത്താണ്. ഒന്ന് ഏറം ഭാഗത്ത് തെക്ക് കിഴക്കായുള്ള ഭാഗത്ത്. മറ്റൊന്ന് താവണം പൊയ്ക ഭാഗത്ത് വയൽ താവണം പൊയ്കയോട് ചേർന്ന് കിടക്കുന്നിടത്ത്. കാർ വർണ്ണന്റെ മെയ്യിലെ കായാമ്പൂവിന്റെ നിറം ഓരോ സോഷ്യൽ ദിവസവും കായാമ്പൂ പറിക്കുമ്പോൾ ഞാൻ ഓർത്തു. കളമ്പോട്ടി( അതിരാണി) യായിരുന്നു മറ്റൊരത്ഭുതം. കുട്ടികൾ പുസ്തകത്താളിൽ വയലറ്റ് നിറം ചാർത്താൻ കളമ്പോട്ടി കായകൾ ഉപയോഗിച്ചിരുന്നു. ഒരു കാൽനടയാത്രക്കാരൻ സാധാരണ ശ്രദ്ധിക്കാനിടയില്ലാത്ത വർണ്ണവൈവിധ്യമാണ് ഈ കേദാര ഭൂമി ഞങ്ങൾക്കായി കാത്തുവച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചനേരത്തെ ഇടവേളയിൽ പൂക്കൾ ശേഖരിച്ച് ക്ലാസ്സിലെത്തിയവർ അവരവരുടെ പുസ്തകം സൂക്ഷിച്ചിരുന്നതിനടുത്തായി അവ സൂക്ഷിച്ചു.

അവസാന പീരിഡ് ആയപ്പോൾ കുട്ടികൾ ഓരോരുത്തരായി കൊണ്ടു വന്ന പൂക്കൾ മേശപ്പുറത്തേയ്ക്കിട്ടു. നിയതമായ ആകൃതിയില്ലാതെ . അവ മേശപ്പുറത്ത് കൂടിക്കിടന്നു. എല്ലാ പേരുടേയും പുക്കൾ മേശപ്പുറത്തെത്തിയപ്പോൾ ആരോ ഒരാൾ കൈ കൊണ്ട് മ്യദുവായി അവയെ ഒന്നൊതുക്കി വൃത്താകൃതി ഒപ്പിച്ചു. മറ്റൊരാൾ മൂന്ന് ചന്ദനത്തിരി കത്തിച്ച് വച്ചു. ഇതിനിടെ ക്ലാസ്സിലെത്തിയ ടീച്ചർ ഒന്നൊതുങ്ങിനിന്നു. കുട്ടികൾ മേശയുടെ അടുത്തു നിന്നും മാറിയപ്പോൾ കസേരയിൽ ഇരുന്നു. പിന്നെ കാര്യപരിപാടി നടന്നു. ടീച്ചർ ഓരോരുത്തരെയായി വിളിച്ചു. അവരവർക്ക് അവതരിപ്പിക്കേണ്ട പരിപാടികളും പാട്ടുകളും യാതൊരു സഭാകമ്പവുമില്ലാതെ കുട്ടികൾ അവതരിപ്പിച്ചു. അവസാന ബെല്ലടിച്ചപ്പോൾ ആരോ ഒരാൾ മേശ പുറത്തു നിന്നും പൂക്കളെല്ലാo എടുത്ത് കളഞ്ഞു. വർഷാവസാനത്തെ സോഷ്യൽ ദിനം കുട്ടികൾ പിരിവിട്ട തുക വച്ച് അമ്മമാരുടെ സഹായത്തോടെ വാങ്ങുന്ന പരിപ്പുവട .ചായ എന്നിവയിൽ അവസാനിച്ചു.

ഓരോ വർഷവും എല്ലാ വെള്ളിയാഴ്ച്ചയും കുട്ടികൾ പൂക്കളിറുക്കാനിറങ്ങുന്ന പതിവ് മുടങ്ങിയത് അലക്സാണ്ടർ സർ സ്ഥലം മാറി വന്നപ്പോഴാണ്. മേശപ്പുറത്തെ പൂക്കളുടെ കൂമ്പാരം സാറിനത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു ഇങ്ങനെ പൂക്കൾ പറിച്ചു കൂട്ടേണ്ട ആവശ്യമില്ല ഒരു ചന്ദനത്തിരി കത്തിച്ചു വച്ചാൽ മതിയെന്ന് . പിന്നെ ഞങ്ങൾ ഈ പതിവ് തുടർന്നു.

      

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്