സ്വന്തം ലേഖകൻ

ബംഗളുരു :- റിവേഴ്സ് മോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സീറ്റിലിരിക്കുന്നതിനു മുൻപായി കാർ സ്റ്റാർട്ട് ചെയ്ത യുവതി, കാറിന്റെ ഡോറിനും അടുത്തു നിന്നിരുന്ന മരത്തിനും ഇടയിൽ പെട്ട് മരിച്ചു. 48 വയസ്സുള്ള നന്ദിനി റാവു ആണ് ബംഗളൂരുവിൽ മരണപ്പെട്ടത്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരിക്കുന്ന രാജേഷിന്റെ ഭാര്യയാണ് മരിച്ച നന്ദിനി. സംഭവ സ്ഥലത്തുവെച്ചുതന്നെ ബോധരഹിതയായ ഇവരെ ഉടൻതന്നെ യഷ്വന്തപൂറിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള വീട്ടിലെ സിസി ടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇതിൻ പ്രകാരം പോലീസ് പറയുന്നത് ഇങ്ങനെയാണ് : മരിച്ച യുവതിയുടെ ഹോണ്ട സിറ്റി കാർ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കാർ റിവേഴ്സ് മോഡിൽ ആയിരുന്നു എന്നാണ് നിഗമനം. ഹാൻഡ് ബ്രേക്കും ഇട്ടിട്ടുണ്ടായിരുന്നില്ല. സീറ്റിൽ ഇരിക്കുന്നതിനു മുൻപേ തന്നെ നന്ദിനി കാർ സ്റ്റാർട്ട് ചെയ്തിരുന്നതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഡോർ തുറന്നുകിടക്കുന്നതിനാൽ തന്നെ കാർ പുറകോട്ട് നിരങ്ങിയപ്പോൾ, കാറിന്റെ ഡോറിന്റെയും അടുത്തുണ്ടായിരുന്ന മരത്തിന്റെയും ഇടയിൽ പെട്ടാണ് നന്ദിനി മരിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. മൃതശരീരത്തിന്റെ പോസ്റ്റ്മാർട്ടം എം എസ് രാമയ്യ ഹോസ്പിറ്റലിൽ വെച്ച് നടത്തി. അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും പോലീസ് അധികൃതർ അറിയിച്ചു.