കള്ളപ്പണ ഇടപാടിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ്. ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാനാണ് കൊച്ചിയിലെ വീട്ടിലെത്തിയതെന്നും എംഎല്‍എ പറഞ്ഞു
തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാന്‍ അഞ്ചുമന അമ്പലത്തിനടുത്തുള്ള വീട്ടില്‍ പോയിരുന്നു. അവിടെനിന്ന് ചര്‍ച്ചകള്‍ക്കുശേഷം ഇറങ്ങി കാറിലേക്ക് കയറാന്‍ പോകുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും റെയ്ഡ് നടന്നതും അറിയുന്നതെന്നും എംഎല്‍എ പറഞ്ഞു.
ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നഗരത്തിലെ ഒരു പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍നിന്നാണു പണം പിടിച്ചെടുത്തത്. ഇടപ്പള്ളിയില്‍ 3 സെന്റും വീട് 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു.
കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്പനയ്ക്കു വച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
Leave a Reply