ഇറ്റലിയിലാണ് സംഭവം, രക്ഷിച്ചത് ഒരു ജീവൻ. നിർണായക സമയത്ത് ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായി അവയവം എത്തിക്കാൻ ആഡംബര സ്പോർട്സ് കാർ ഉപയോഗിച്ച പൊലീസ്. ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ വൃക്കയുമായി ഇറ്റാലിയൻ പൊലീസ് പാഞ്ഞത് ആഡംബര വാഹനമായ ലംബോർഗിനിയിൽ.

ഇറ്റലിയിലെ വടക്കൻ നഗരമായ പഡോവായിൽ നിന്ന് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള റോമിലെ ജെമെല്ലി ആശുപത്രിയിലേക്ക് ലംബോർഗിനി ഹുറാകാൻ LP610-4 വാഹനത്തിൽ ഇറ്റാലിയൻ പൊലീസ് ഡ്രൈവ് ചെയ്തത് 500 കിലോമീറ്റർ. മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിലാണ് പൊലീസ് വാഹനം ഓടിച്ചത്.

സാധാരണ ആറു മണിക്കൂർ സമയം വേണം ഇത്രയും ദൂരം യാത്ര ചെയ്യാൻ. എന്നാൽ, ഇത്തവണ വെറും രണ്ടു മണിക്കൂർ സമയം കൊണ്ടാണ് വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞെത്തിയത്.

അതേസമയം, വൃക്കയ്ക്കായി കാത്തിരിക്കുന്ന രോഗിക്ക് യഥാസമയം അവയവം എത്തിക്കാൻ പ്രാദേശിക അധികാരികൾക്ക് കഴിയില്ലെന്ന് വ്യക്തമായതോടെ അധികൃതർ മുന്നോട്ട് വരികയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, അവയവങ്ങൾ, പ്ലാസ്മ, വാക്സിനുകൾ എന്നിവ രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകാൻ സഹായിക്കുക എന്നതാണ് ലംബോർഗിനിയുടെ ധർമമെന്നും അല്ലാതെ കാറോട്ട മത്സരത്തിൽ പങ്കെടുക്കലല്ലെന്നും പ്രാദേശിക പൊലീസ് പറഞ്ഞു.

ഒരു ജീവൻ രക്ഷിക്കാൻ സൂപ്പർ പവറുകളുടെ ആവശ്യമില്ലെന്നും ഒത്തൊരുമയും സാങ്കേതികവിദ്യയും കാര്യക്ഷമതയും മതിയെന്നും ഇറ്റാലിയൻ പൊലീസ് ഓൺലൈനിൽ കുറിച്ചു.