ആവേശകരമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിങ് 70 ശതമാനം പിന്നിട്ടു. 5 ജില്ലകളിലുമായി ഇതുവരെ 70.76% പോളിങ്. കോട്ടയം – 69.17, എറണാകുളം- 70.96, തൃശൂർ – 69.73, പാലക്കാട്- 71.96, വയനാട് – 73.98 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോർപ്പറേഷനിൽ 54.75, തൃശൂർ കോർപ്പറേഷനിൽ 58.02 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികൾ. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു പുരോഗമിക്കുന്നത്.

യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും വടക്കൻ ജില്ലകളിൽ കോൺഗ്രസ് വട്ടപ്പൂജ്യമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചരിത്ര വിജയം നേടുമെന്നും യുഡിഎഫും ബിജെപിയും ഒലിച്ചു പോകുമെന്നും മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവകാശപ്പെട്ടു. വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കെ.എം.മാണിയെ ചതിച്ചവർക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി പ്രതികരിച്ചു.

മന്ത്രി എ.സി.മൊയ്തീന് വടക്കാഞ്ചേരി കല്ലംപാറ ബൂത്തിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് 5 മിനിറ്റ് മുൻപ് വോട്ടുചെയ്യാൻ ഉദ്യോഗസ്ഥർ സൗകര്യം ചെയ്തു നൽകിയെന്നാരോപിച്ചു കോൺഗ്രസ് ബൂത്ത് ഏജന്റ് പരാതി നൽകി. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടർ ബൂത്തിനു മുൻപിൽ കുഴഞ്ഞു വീണു മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി വരിനിലം കോളനിയിൽ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണു മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ബിന്ദു, സിന്ധു.