അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് അജയ് കുമാര്‍ (ഗിന്നസ് പക്രു) അവാര്‍ഡ് കരസ്ഥമാക്കിയത്.

അജയകുമാറിനെ കൂടാതെ ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും അടുത്തിടെ പക്രുവിനെത്തേടിയെത്തിയിരുന്നു.

അടുത്തിടെ ഇറങ്ങിയ ‘ഫാന്‍സി ഡ്രസ്’ എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന ഗിന്നസ് നേട്ടത്തിന് അര്‍ഹനാക്കിയത്. 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായുമാണ് മുമ്പ് ഗിന്നസില്‍ ഇടം നേടിയിട്ടുള്ളത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഈ നേട്ടം.

അജയ് കുമാര്‍ 1985ല്‍ ആദ്യമായി അഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് ഈ പേരില്‍ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.