ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ഇന്നു രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഭ അധ്യക്ഷന്മാര് പ്രതികരിച്ചു. വളരെ സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നു കൂടിക്കാഴ്ച.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഭയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഭീമ കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മേല്‍ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നു. 83 വയസുകാരനായ വൈദികന്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചു നല്‍കിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും സഭ അധ്യക്ഷന്മാര് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ പ്രധാനമന്ത്രി അനുകൂല നിലപാടാണ് പങ്കുവച്ചതെന്നും അവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യക്തമാക്കി.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്.
രാവിലെ ഒമ്പതരയോടെ മിസോറാം ഹൗസില്‍ എത്തിയ ശേഷമാണ് കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെട്ടത്. ചര്‍ച്ചയ്ക്കായി കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാര് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും സ്വാഗതാര്‍ഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ക്രൈസ്തവര്‍ക്കു കിട്ടാതെ പോകുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Leave a Reply