കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്സ്ചേയ്ഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഡോ. ബിആര്‍ ഷെട്ടിയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി.

ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങള്‍ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്.

അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.