വാഷിങ്ടൻ ∙ മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈന ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും. എന്നാൽ യുഎസുന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചു മുന്നോട്ടു പോകാൻ തയാറാണെങ്കിൽ ചൈനയുമായി ചേർന്നു പ്രവർത്തിക്കുന്നതിനു മറ്റു തടസ്സങ്ങളില്ലെന്നും ബൈഡൻ പറഞ്ഞു.
അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചൈനയുടെ നീക്കങ്ങളിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബൈഡന്റെ പ്രസ്താവന. ചൈന അയൽരാജ്യങ്ങൾക്കു ഭീഷണിയെങ്കിൽ ഇടപെടുമെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിന്റെ പ്രതികരണം. ഇന്ത്യ– പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ്‌രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യയ്ക്കെതിരെയും കടുത്ത ഭാഷയിലാണ് ബൈഡൻ സംസാരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ എത്രയും പെട്ടെന്നു തടവിൽനിന്നു മോചിപ്പിക്കണമെന്നു ബൈഡൻ ആവശ്യപ്പെട്ടു. യുഎസ് ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിന്റെ നടപടിയിൽ ബൈഡൻ അതൃപ്തി പരസ്യമാക്കിയത്. റഷ്യയുടെ ആക്രമണാത്മക നടപടികളെ യുഎസ് കണ്ടില്ലെന്നു നടിക്കില്ലെന്നും റഷ്യയെ ഫലപ്രദമായി നേരിടാൻ യുഎസിന് ആകുമെന്നും ബൈഡൻ പറഞ്ഞു.
രാസായുധ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട നവൽനി, ജർമനിയിൽ 5 മാസം നീണ്ട ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17 നാണു റഷ്യയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ഉടൻ അറസ്റ്റിലായ നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു റഷ്യയിലെങ്ങും പ്രക്ഷോഭം പടരുന്നതിനിടെയാണ് നവൽനി അനുകൂല പ്രസ്താവനയുമായി ബൈഡൻ രംഗത്തെത്തിയത്.
മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെയും ശക്തമായ പ്രതികരണമാണ് ബൈഡൻ നടത്തിയത്. സൈന്യം ഉടൻ തന്നെ നടപടി പിൻവലിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാൻ തയാറായില്ലെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ബൈഡൻ പ്രതികരിച്ചു. മ്യാൻമറിനെതിരെ നടപടികളിലേക്കു കടന്നാൽ ചൈന അതു മുതലെടുക്കുമെന്ന മറുവാദം ഉയരുന്നതിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ലോകരാജ്യങ്ങൾ സൈനിക അട്ടിമറിയെ തള്ളി രംഗത്തു വന്നപ്പോൾ പരോക്ഷമായി അനുകൂലിക്കുന്ന പ്രസ്താവനകളായിരുന്നു ചൈനയുടേത്.
ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും അതിനു യുഎസിന്റെ നേതൃത്വവും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റിന്റെ ചുമതലയേറ്റ ശേഷം ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മ്യാൻമർ പ്രശ്നം. റഷ്യയിലും ജനാധിപത്യ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെങ്കിലും വർഷങ്ങളായി തുടരുന്നതാണ്.
Leave a Reply