തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ പ്രതിനിധിയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകൾ എന്നിവയാണ് പ്രധാന കൃതികൾ. അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം – (2010), വള്ളത്തോൾ പുരസ്കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്കാരം, പി സ്മാരക കവിതാ പുരസ്കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Leave a Reply