ഫോണ്‍ ബെല്‍… ഉച്ചയുറക്കം കളഞ്ഞ ഈര്‍ഷ്യയിലാണ് തമ്പി ആശാന്‍ ഫോണ്‍ എടുത്തത്.

ആശാനേ, സാബുവാണ്.

ആ.. മനസ്സിലായി. നീ എന്റെ ഉറക്കം കളയാന്‍ വിളിച്ചതാണോ!

അല്ലാശാനേ. ഒരു ചതി പറ്റി.
ആശാന്‍ ഒന്ന് സഹായിക്കണം.

നീ കാര്യം പറയ്.

ആശാനേ,
സുനന്ദക്കൊച്ചിന്റെ ഒരു ഡാന്‍സ്
ഒരു മത്സരമാ..
ജയിച്ചാല്‍ കുറച്ച് പൈസ കിട്ടും.
അതിന്റെ മൂത്തതിന് കാലിനൊരു ഓപ്പറേഷന്‍ ചെയ്താല്‍ മുടന്തു മാറ്റാംന്നാ ഡോക്ടര്‍മാര്‍ പറയുന്നേ..

ഇപ്പോ എന്തുപറ്റി?
ഇതാ സാവിത്രീടെ പിള്ളേരല്ലേടാ??
നീ ഇപ്പഴും അവളെ ഓര്‍ത്തുനടന്നോ!
നല്ലൊരു നര്‍ത്തകനുവേണ്ട എല്ലാഗുണവും കണ്ടാ ഞങ്ങളെല്ലാം നീ വളരാന്‍ പരിശ്രമിച്ചത്.
അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയപോലായെന്ന് മാത്രം.
ഇങ്ങോട്ടില്ലാത്ത സ്‌നേഹം നഷ്ടക്കച്ചവടമാണെന്ന് പഠിക്കാത്തവന്‍!

ആശാനേ ദേഷ്യപ്പെടരുത്..
ആശാനറിയാല്ലോ
ഞാനും സാവിത്രീം ഒരുമിച്ചാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്.


വി. ജി. വാസന്‍

അവളെ കെട്ടിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോള്‍ വിധവയായി
ഇവിടെ തിരികെ വന്നതാ.
കുറച്ചുകാലം കഴിഞ്ഞു കാര്‍ന്നോന്മാരും പോയതോടെ അവള് തനിയെ ആയി.
കുഞ്ഞുന്നാളുമുതലുള്ള കളിക്കൂട്ടാ.
കണ്‍മുന്നില്‍ അവള് പട്ടിണി കിടക്കുന്നത് കാണാന്‍ മേല ആശാനേ. അതാ..

ഉം.
ഞാന്‍ നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല.
സ്വന്തം ജീവിതം
നശിപ്പിച്ചത് കൊണ്ട് പറഞ്ഞതാ..
നീ നല്ലതേ ചെയ്യൂ എന്നറിയാം!

ആ പെങ്കൊച്ചിന് പത്തിരുപത് വയസ്സായില്ലേ??

ഉവ്വാശാനേ.. മിടുക്കിയാ..
ആകാരവും ശൈലിയും വാസനയും ഒത്തകുട്ടി.
ദൈവം അനുഗ്രഹിച്ചാല്‍
അവളുമതി അവര് രക്ഷപെടാന്‍.

നിനക്ക് രക്ഷപടണമെന്നില്ലല്ലോ??
ആ, സ്വയംതോറ്റ് മറ്റുള്ളവരെ ജയിപ്പിക്കുന്നവരുടേതും കൂടിയാണ് കലാലോകം.
നിന്റെ ആഗ്രഹം പോലെ നടക്കട്ടെ
എന്താ ഇപ്പോ ആവശ്യം??

ആശാനേ പക്കമേളക്കാരെ പറഞ്ഞിരുന്നതാ.
സമയമായപ്പോ
മൃദംഗക്കാരന്‍ ഇല്ല.
എന്തോ കുഴപ്പംപറ്റി വരില്ലാന്ന്..
പക്ഷേ ആശാനേ, വേറേ പലരേം വിളിച്ചിട്ടും
ആര്‍ക്കും ഒഴിവില്ലത്രേ.
അതാ ഞാന്‍ ചതിയാന്ന് പറഞ്ഞത്.
കൊച്ച് കളിച്ചാല്‍ ജയിക്കുംന്ന് ഉറപ്പുള്ള ആരോ പാരവച്ചതാ.
ആശാന്‍ എന്തേലും ഒരു വഴി കാണണം.
പാട്ട് നമ്മുടെ ലളിതമൂര്‍ത്തിടീച്ചറാ.
അതിനെ കഠിനമൂര്‍ത്തീന്നാ പേരിടണ്ടത്.
അവന്റെ മൃദംഗമില്ലാതെ പാട്ടിറങ്ങിയേലെന്നും പറഞ്ഞ്
എന്നെ ശൂലത്തെ നിര്‍ത്തിയേക്കുവാ.
ആശാന്‍ ആരെയെങ്കിലും ഒന്ന് വിളിച്ചുതാ.

സാബൂ നിന്നെ സാധൂന്ന് വിളിക്കുവാ ഭേദം.
ഒരു പ്രോഗ്രാം മാനേജര്.
എടാ അവന്മാരെയൊക്കെ അങ്ങോട്ട് പേടിപ്പിച്ച് നിര്‍ത്തിയില്ലേല്‍
ഇങ്ങോട്ട് പീഡിപ്പിക്കും.
ഞങ്ങടെയൊക്കെ കാലത്ത്
ഇതുക്കൂട്ട് ചെറ്റത്തരം കാണിച്ചാല്‍
പിന്നവന്‍ സ്റ്റേജിലിരുന്നു വായനനടക്കില്ലായിരുന്നു.
മൂവാറ്റുപുഴേന്ന് അല്ലേ പറഞ്ഞത്??
തൊടുപുഴ ഭാഗത്തോട്ട് മാറി
വര്‍ക് ഷോപ്‌മെക്കാനിക് ഒരു ചന്ദ്രന്‍ ഒണ്ട്. തബലയുടെ ഉസ്താദാ!
ഞാന്‍ ഫോണ്‍നമ്പര്‍ തരാം.
പഴയ മോഹനനാശാന്റെ മകനാ.
അവിടെ ആരുടയേലും ഒരു തബല എടുത്തുവയ്ക്ക്.
എന്നിട്ട് അവനെകൂട്ടിക്കോ.
ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.

ആശാനേ മൃദംഗം ഇല്ലാതെങ്ങനാ??

എടാ ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ??
നീ പേടിക്കേണ്ട അവന്‍ മോശമല്ല!

ശരി ആശാനേ.
സാബു ഫോണ്‍വച്ചു.
ആശാന്‍ ഒരാള്‍ മോശമല്ല എന്നുപറഞ്ഞാല്‍
കൊള്ളാം എന്നാണെന്ന് സാബുവിനറിയാം.
പ്രാര്‍ത്ഥനയോടെ തന്റെ കാറിലേക്ക് അയാള്‍ കയറി.
പഴയ ആ വാഹനവും പലപ്പോഴും സാബുവിനെ വഴിയിലാക്കി വിഷമിപ്പിച്ചിട്ടുണ്ട്.
ഓരോന്നോര്‍ത്ത് സാബു ഡ്രൈവ് ചെയ്തു.

ചന്ദ്രനെ വഴിയില്‍ വച്ചാണ് കണ്ടുമുട്ടിയത്.
ഗ്രീസിലും ഓയിലിലും കരിനിറമായ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്‍.

ചന്ദ്രന്‍ തന്റെ ആശങ്ക മറച്ചുവച്ചില്ല.
സാബുച്ചേട്ടാ,
തമ്പിആശാന്‍ പറഞ്ഞാല്‍ വരാതിരിക്കാന്‍ പറ്റില്ല.
എന്നാലും
ഒരു റിഹേഴ്‌സലിനുള്ള സമയമില്ലല്ലോ??
വര്‍ക്ഷോപിലെത്തി ഡ്രസ് മാറി വരാന്‍ തന്നെ മൂക്കാല്‍ മണിക്കൂറ് പോകും.

സാബു വിഷമത്തിലായി.
ചന്ദ്രാ,
എന്റെ അവസ്ഥ ആശാന്‍ പറഞ്ഞുകാണുമല്ലോ!
ഒരു തബലവരെ അവിടെ അറേഞ്ച് ചെയ്തിട്ടാ ഞാന്‍ വരുന്നത്.
എന്റെകൂടെ ഈ കാറില്‍പോര്
മാറാന്‍ ഡ്രസ് പുതിയത് വാങ്ങാം
എങ്ങനേലും എന്നെ സഹായിക്കണം.

ഉം. ശരി വരാം.
ഞാന്‍ വീട്ടിലോട്ടൊന്ന് വിളിക്കട്ടെ.
തബലയും പ്രോഗ്രാമിനിടുന്ന ഡ്രസ്സും എത്തിക്കാന്‍ പറയട്ടെ.
എന്റെ തബലയില്‍ വായിച്ചാലേ ഒരിണക്കം വരൂ.
മൂന്നാല് മണിക്കൂര്‍ ഉണ്ടല്ലോ!
പിള്ളേരാരേലും എത്തിച്ചോളും.

തബല കണ്ടതേ ഹാലിളകി നില്‍ക്കുന്ന ലളിതമൂര്‍ത്തിട്ടീച്ചറിന്റെ മുന്നിലേക്കാണ്
കരിഓയിലില്‍ കുളിച്ചുവന്ന ചന്ദ്രനെ
തബലിസ്റ്റ് ആണെന്ന് സാബു
ചെന്നപാടെ പരിചയപ്പെടുത്തിയത്.

ടീച്ചറിന്റെ മുഖം കടന്നലു കുത്തിയമാതിരി ആയി.

എനിക്കീ നിലവാരമില്ലാത്ത ഇതിനൊന്നും പാടാന്‍ പറ്റില്ല സാബൂ..
എനിക്കിതൊന്നും ശീലവുമില്ല.

സുനന്ദയിലും ടീച്ചറിനൊപ്പിച്ചൊരു
പിണക്കഭാവം പെട്ടെന്ന് വന്നു.
സാബുച്ചേട്ടന് ഈ പറ്റാത്തകാര്യമൊക്കെ എന്തിനാ ചെയ്യാന്‍ പോണത്
നാളെ നാണക്കേട് എനിക്കല്ലേ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുനന്ദക്കൊച്ചിന്റെ വാക്കുകള്‍
സാബുവിനെ ഒന്നുലച്ചു.

ആ… കൊച്ചല്ലേ അവള്‍ക്കെന്തറിയാം
അയാള്‍ ആശ്വസിച്ചു.
എന്നിട്ട് ടീച്ചറിന്റെ കാലുപിടിത്തം ആരംഭിച്ചു.

റിഹേഴ്‌സല്‍ മുഴുവന്‍ ചന്ദ്രനെ വിഷമിപ്പിക്കാന്‍ ടീച്ചര്‍ സര്‍വ്വ അടവും എടുത്തു.
പരിചയമില്ലാത്ത കനംകുറഞ തബലയും ചന്ദ്രനെ കുറെ വിഷമിപ്പിച്ചു.

സമ്മാനപ്രതീക്ഷ നഷ്ടമായ സുനന്ദയും
ഉദാസീനയായി.

റിഹേഴ്‌സല്‍പൂര്‍ത്തിയാക്കി
എല്ലാവരും വിശ്രമത്തിന് മാറിയപ്പോള്‍
ചന്ദ്രന്‍ സുനന്ദയ്ക്കരികിലെത്തി.
അയാളുടെ മുഷിഞ്ഞവേഷം
അവളില്‍ ഒരു വെറുപ്പും ഈര്‍ഷ്യയും
മുന്നേ അവളില്‍ ഉണ്ടാക്കിയിരുന്നു.
അത് മനസ്സിലാക്കി
അയാള്‍ പറഞ്ഞു.

കുട്ടിക്ക് നല്ല ടാലന്റ് ഉണ്ടെന്ന് സാബു പറഞ്ഞു.
ഈ കണ്ടതൊന്നും കുട്ടി കാര്യമാക്കേണ്ട.
നിന്റെ വീട്ടുകാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍
നിന്നെ ഇവിടെ തോല്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍
ജയിപ്പിക്കുക എന്നത്
ഇപ്പോള്‍ എന്റെയും വാശിയാണ്.
കാരണം ഞാനും തോറ്റവനാണ്.

അതുകൊണ്ട് എന്നെ മറന്നുകളയുക.
നിന്നെ അത്ഭുതപ്പെടുത്തുന്ന കലാകാരനാണ് വായിക്കുന്നത്
എന്നോര്‍ത്ത്
ഇന്നുവരെ ചെയ്തതില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് പുറത്തെടുക്കുക.

മൈക്കിലൂടെ വരുമ്പോള്‍
തബലയുടെ നാദം നിന്നെ ത്രസിപ്പിക്കും.
അതിനെ തോല്‍പ്പിക്കും വിധം
നീ ഡാന്‍സ് ചെയ്യുക.
നീ വിജയിക്കും.
ഇന്ന് നിന്റെ ജീവിതത്തിലെ വിജയദിനമാകും.
മീഡിയായില്‍ എനിക്കാളുണ്ട്
നാളെ നിന്റെ ചിത്രവും വാര്‍ത്തയും
വരാവുന്നവിധം
ഏറ്റവും നന്നായി ചെയ്യുക.

സുനന്ദ ആകെ പകച്ചുപോയി.
തന്റെ ഉള്ള് വായിച്ച അയാളുടെ മുഖത്ത് നോക്കാനാകാതെ അവള്‍ തലകുനിച്ചു.

ചന്ദ്രേട്ടാ..
ഡ്രസ്സും തബലയും
എവിടാ വയ്‌ക്കേണ്ടത്??

സംസാരം കേട്ട് സാബു
എവിടുന്നോ ഓടിവന്ന് എല്ലാം
എടുത്ത് അകത്തുവച്ചു.
തബല കൈയ്യിലെടുത്തപ്പോള്‍
സാബു ഒന്ന് ഞെട്ടി.
ഢക്കയ്ക്ക്
കുറഞ്ഞത് ഏഴ് കിലോയെങ്കിലും ഭാരമുണ്ട്
രണ്ടരക്കിലോയാണ് ഏറ്റവും കൂടിയവെയ്റ്റിട്ട് പണിത് കണ്ടിട്ടുള്ളത്!

സാബു അറിയാതെതന്നെ
ചന്ദ്രന്റെനേരേ അല്‍പം ബഹുമാനത്തോടെ നോക്കിപ്പോയി.
വടക്കേഇന്ത്യക്കാരുടെ രീതിയില്‍
തബല നിര്‍മ്മിച്ചുപയോഗിക്കുന്ന ഇയാള്‍ ശരിക്കും ആരാ??

പേരെടുക്കാനാകാതെ എത്രപേരാ ഇങ്ങനെ കലാലോകത്ത്
എരിഞ്ഞ്തീരുന്നത്??

തിരശ്ശീലയ്ക്ക് പിന്നിലെത്തിയതും
പക്കമേളക്കാരുടെ പേരുകള്‍ക്കൊപ്പം
തബല ചന്ദ്രമോഹന്‍
എന്ന അനൗണ്‍സ്‌മെന്റ് കേട്ട്
സുനന്ദ ചന്ദ്രനു നേരേ ഒന്നു നോക്കി.
അവളുടെ കണ്ണുകള്‍ വിടര്‍ന്നുപിടഞ്ഞു.

സില്‍ക്ജുബ്ബയും മുണ്ടും കഴുത്തില്‍ വലിയ സ്വര്‍ണ്ണച്ചെയിനുമായി
ആരേയും കൂസാത്ത മുഖഭാവത്തില്‍
തബല ഒരുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് അയാള്‍.

ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല.

നൃത്തം ആരംഭിച്ചപ്പോള്‍
സുനന്ദയ്ക്ക് മനസ്സിലായി
തബലയുടെ നാദം ഹൃദയത്തിലേക്ക് വീഴുകയാണെന്ന്….
പിന്നീടവള്‍ നൃത്തത്തിലേക്ക് സ്വയം ഇറങ്ങി.
താളവട്ടങ്ങളുടെ ചടുലതയില്‍
ടീച്ചര്‍ സ്വയം മത്സരത്തിലേക്കുയര്‍ന്നു.
ലളിതമൂര്‍ത്തിക്കു മനസ്സിലായി
തന്റെ അരികില്‍ പരന്നൊഴുകുന്ന വിരലുകള്‍ തീര്‍ക്കുന്ന നാദപ്രകമ്പനങ്ങള്‍
നര്‍ത്തകിയെ ത്രസിപ്പിച്ചുയര്‍ത്തുമെന്ന്.
തില്ലാനയിലേക്ക് കടന്നപ്പോള്‍
അവര്‍ നോക്കി.
സുനന്ദ സ്റ്റേജാകെ നിറഞ്ഞു പറക്കുകയാണ്.
ധനുശ്രീയിലെ ഏറ്റവും ഗരിമയും
താളക്കാരനെ വിഷമിപ്പിക്കുന്ന ചൊല്ലുകള്‍ തിരഞ്ഞെടുത്ത താനും സുനന്ദയും വിയര്‍ക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

തില്ലാനയിലെ ചൊല്‍ക്കെട്ടുകളിലേക്ക് കടന്നപ്പോള്‍
തബലയിലെ ചരല്‍പ്പെരുക്കങ്ങള്‍ക്കൊപ്പം തന്റെ ഉടല്‍ ത്രസിക്കുന്നത് അവള്‍ അറിഞ്ഞു.
ഢക്കയിലെ മാന്ത്രിക ഗമകങ്ങള്‍.

തന്നെ മേഘക്കെട്ടുകള്‍ക്ക് മുകളിലേക്ക്
ഉയര്‍ത്തി എറിയുന്നത് അവള്‍ അനുഭവിച്ചു.
കാലുറപ്പിക്കാനാവാത്തവിധം
ചുവടുകളില്‍ അവളൊരു മയിലായി മാറി.
പിന്നീട് നയനങ്ങളുടെ മോഹനഭാവങ്ങളും
ചടുലമുദ്രകളുമായി
നൃത്തഭാവങ്ങളുടെ ഒരു ഗിരിശൃംഗം തീര്‍ത്ത് പ്രകമ്പനം കൊള്ളിച്ച നിമിഷങ്ങളുടെ അവസാനം ചന്ദ്രമോഹന്റെ മാന്ത്രികവിരലുകള്‍
ഒരു മുത്തായിപ്പില്‍ പമ്പരംകറക്കിയ വായന. പൂര്‍ണ്ണതയില്‍ നിറുത്തുമ്പോള്‍
വന്നുവീണ നിശബ്ദതയില്‍ നിന്നും
വലിയൊരു കരഘോഷമുയര്‍ന്നുണര്‍ന്നു.

കൈകൂപ്പി സദസ്സിനെ വണങ്ങിയ സുനന്ദ അടുത്ത നിമിഷം തളര്‍ന്നുവീഴുമെന്നോര്‍ത്തു.
ടീച്ചറിനെ മുട്ടുകുത്തി വണങ്ങിയ സുനന്ദ സജലങ്ങളായ മിഴിയോടെ
ചന്ദ്രമോഹന് നേരേ കൈകള്‍ കൂപ്പി.

സുനന്ദ ചേച്ചിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു സുഖമായ ശേഷമാണ്
നൃത്ത ക്‌ളാസിനും പ്രോഗ്രാമിനും ഒക്കെ
പോകാന്‍ ആരംഭിച്ചത്.
ചേച്ചിക്ക് ഇപ്പോള്‍ കൈതാങ്ങാതെ നിവര്‍ന്നു നടക്കാം.
ചെറിയൊരു മുടന്തുണ്ട്. എങ്കിലും
മുട്ട് നിവര്‍ന്ന് നേരേ നടക്കാം എന്നത്
ആ കുടുംബത്തിന് വലിയ സന്തോഷമായി.
സാവിത്രി
ചിരിക്കുന്നമുഖത്തോടെ ജീവിക്കാന്‍
മറന്നുപോയിരുന്നു
ഇപ്പോള്‍ അവരുടെമുഖത്തും സന്തോഷം വന്നിരിക്കുന്നു.

രാവിലെ സുനന്ദ മുറ്റം തൂക്കുമ്പോഴാണ്
അപ്രതീക്ഷിതമായി
ചന്ദ്രമോഹന്‍ സാബുവുമായി
അങ്ങോട്ട് കയറിവന്നത്.

ഒരുദിവസത്തെ പരിചയത്തില്‍നിന്നും
ആശുപത്രിക്കാര്യങ്ങളിലെല്ലാം ഇടപെട്ട
ഒരു കുടുംബാംഗമാകാന്‍
ചന്ദ്രേട്ടന് എത്രവേഗമാണ് സാധിച്ചത്.
അവള്‍ അത്ഭുതം കൂറി.

കുശലം പറയലിനും
രോഗീസന്ദര്‍ശനത്തിനും ശേഷം
പോകാനിറങ്ങുമ്പോള്‍
ചന്ദ്രന്‍
പൊടുന്നനേ പറഞ്ഞു.
സാവിത്രിച്ചേച്ചീ,
നമ്മുടെ രോഗിയെ ഓപ്പറേഷനു കയറ്റിയപ്പോള്‍
ഞാന്‍ ഒരു വഴിപാട് നേര്‍ന്നിരുന്നു.
പെങ്കൊച്ച് നേരേ നടന്നാല്‍
പൂര്‍ണ്ണത്രയീശന്റെ മുമ്പില്‍ കൊണ്ടുവന്നോളാമെന്നും
നന്ദിയായിട്ട്
എന്റെ വായനയ്ക്ക്
സാബുച്ചേട്ടനേം ചേച്ചിയേയും
സുനന്ദയേയും ഒരുമിച്ച്
ഒരു നൃത്തം ചെയ്യിപ്പിക്കാമെന്നും.
ഇച്ചിരി അധികമായെന്ന് അറിയാം.
പക്ഷേ, ഡോക്ടര്‍
റിസല്‍ട്ട് ഫിഫ്ടി ഫിഫ്ടി എന്ന് പറഞ്ഞപ്പോള്‍
ഭഗവാന്റെ കാരുണ്യത്തിനായി
ഞാനങ്ങ് പറഞ്ഞുപോയി.
ഇനിയിപ്പോ ചെറിയൊരു കുറവല്ലേയുള്ളൂ??

നിങ്ങള്‍ക്കൊക്കെ സമ്മതമാണേല്‍
ഞാനവളെ കൊണ്ടുപൊയ്‌ക്കോളാം.
എനിക്കിതൊന്നും പറയാനും നടത്താനും
കാര്‍ന്നോന്മാരൊന്നുമില്ല.
രണ്ടു പെങ്ങന്മാരെ അയച്ചുവന്നപ്പോള്‍
വയസ്സും മുപ്പത്തിനാലായി.

അതൊന്നും കുഴപ്പമില്ലേല്‍
അവളെ എനിക്കു തന്നേയ്ക്കൂ.

സാവിത്രി അറിയാതെ അകത്തേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി.
വീടിന്റെ ചുവരുകളില്‍ ഒതുങ്ങിപ്പോയ മകളിലേക്ക്.
അവിടെ ചുവന്നുതുടുത്ത ഒരുമുഖം
ഭൂമിയിലെന്തോ പരതുമ്പോള്‍
അമ്മയുടെ കണ്ണില്‍നിന്നും
നീര്‍ത്തുള്ളികള്‍ കുതറിച്ചാടി.
സുനന്ദ കഥയറിയാതെ പകച്ചുനിന്നു.