കാരൂർ സോമൻ

മലയാള സാഹിത്യ-ചലച്ചിത്രത്തിലെ വർണ്ണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു. 1992 ൽ എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ന് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്. ആ അവതാരികയിൽ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാൾ വികൃതമായി നിലകൊള്ളുന്നു. “ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു”. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേൽ എന്നറിയുമ്പോൾ നമ്മുടെ ചലച്ചിത്ര പ്രദർശനത്തിന്റ പിതാവ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് എന്നത് പലർക്കുമറിയാത്തതുപോലെ തോപ്പിൽ ഭാസി നാടകങ്ങൾ അധികാരികൾക്ക് കല്ലിച്ചുപോയതുപോലുണ്ട്. നാടകങ്ങളിലൂടെ സാമുഹ്യ വിപ്ലവം സൃഷ്ഠിച്ച ഈ നാടകകുലപതിയുടെ കല്ലിൽതീർത്ത ഒരു പ്രതിമപോലും ജന്മനാട്ടിൽ കാണാനില്ല.

എന്റെ പഞ്ചായത്തായ താമരക്കുളത്തിന്റ അതിർവരമ്പാണ് വള്ളികുന്നം പഞ്ചായത്ത്, 1924 ഏപ്രിൽ 8 ന് പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടിയുടെ മകനായി തോപ്പിൽ ഭാസി ജനിച്ചു. ആദ്യ വിദ്യാഭ്യാസം അവിടുത്തെ എസ്.എൻ.ഡി.പി. സ്കൂൾ, ചങ്ങൻകുളങ്ങര സംസ്‌കൃത സ്കൂൾ, തിരുവനന്തപുരം ആയുർവേദ കോളേജിലായിരിന്നു. അവിടെവെച്ചാണ് വിദ്യാർത്ഥി കോൺഗ്രസിൽ ചേർന്ന് അനീതിക്കെതിരെ വിദ്യാർത്ഥി സമരങ്ങളിൽ ഏർപ്പെട്ടത്. അവിടെവെച്ച് പോലീസിന്റ ലാത്തിയടി കിട്ടിയത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ പാവങ്ങൾക്കെതിരെ നടന്നു വന്ന എല്ലാ ഹാനികരമായ സമീപനങ്ങളെയും ജാതിമതങ്ങൾ നോക്കാതെ എതിർത്തു. സ്വാതന്ത്യ സമരങ്ങളിൽ ഏർപ്പെടുക മാത്രമല്ല അനീതിക്കതിരെ പോരാടിയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പുന്നപ്ര-വയലാർ സമരം പൊട്ടിപുറപ്പെട്ടപ്പോൾ കോൺഗ്രസ്സിൽ നിന്നകന്ന് കമ്മ്യൂണിസ്റ്റായി.

 

നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് സ്വന്തം ഐശ്യര്യത്തിനായി മാത്രം ദേവാലയങ്ങളിൽ പോയി വഴിപാടുകൾ നേരുന്നവരെപോലെ സമൂഹത്തിൽ എന്ത് അനീതി നടന്നാലും അതിനെതിരെ ഒരു വാക്കുച്ചരിക്കാതെ പ്രത്വപകാരമായി ഉപഹാരങ്ങൾ, പദവികൾ മാത്രമല്ല അഭിവൃദ്ധിയും ആദരവും ഏറ്റുവാങ്ങുന്ന എത്രയോ എഴുത്തുകാരെ കാണുന്നു. സാഹിത്യ രംഗത്തുള്ളവരുടെ സ്തുതിഗീതങ്ങൾക്ക് വഴിപ്പെടാതെ പാവങ്ങളുടെയിടയിൽ തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്‌ദംപൊഴിച്ചുകൊണ്ടിരിന്ന കൈവളകളായിരിന്നു.

എന്റെ അടുത്ത പഞ്ചായത്തായ ശൂരനാട്ടിൽ കർഷകത്തൊഴിലാളികളെ അണിനിരത്തി നടത്തിയ സമരത്തിൽവെച്ചാണ് പോലീസ് വെടിവെപ്പിൽ തൊഴിലാളികളും പോലീസുകാരും കൊല്ലപ്പെടുന്നത്. തോപ്പിൽ ഭാസി പ്രതിയായി ഒളുവിൽപോയി. 1952 ൽ പോലീസിന്റ വലയിലായി. പോലീസ് സ്റ്റേഷനിൽ കൊടിയ മർദ്ദനം അനുഭവിച്ചു. മനുഷ്യസ്‌നേഹിയായ ഭാസിക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്ന് കോടതിവിധിയെഴുതി വെറുതെവിട്ടു. 1957 ലെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ജയിച്ച് എം.എൽ.എ. ആയി. ഏഷ്യയിൽ ആദ്യമായി 1957 ഏപ്രിൽ 3 ന് ഇ.എം.എസിന്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലുണ്ടായിരുന്നു. അധികകാലം ഭരിക്കാൻ സാധിച്ചില്ല. രാഷ്‌ട്രപതി ഭരണകൂടത്തെ പിരിച്ചുവിട്ടു. 1967 ൽ വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി. കേരളത്തിന്റ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ സംഭവമാണ് ജന്മി-കുടിയാൻ വ്യവസ്ഥകളുടെ വേരറുത്തുമാറ്റി കൃഷിഭൂമി കൃഷിക്കാരനുള്ള (ഭൂപരിഷ്‌കരണം) നിയമമാക്കിയത്. ഇതിൽ ഭാസിയുടെ പങ്കും വലുതാണ്. ഈ രണ്ട് പ്രതിഭകളും അധികാരസേവകസാഹിത്യ സംഘത്തിലെ അല്ലെങ്കിൽ കമ്പോള സാഹിത്യത്തിലെ അംഗങ്ങളായിരുന്നില്ല. സാഹിത്യസൃഷ്ഠികൾപോലെ അവർ മനുഷ്യ ജീവിതത്തെ സൃഷ്ടിച്ചെടുത്തു. ഇവരെപോലുള്ള സർഗ്ഗ പ്രതിഭകളാണ് അധികാരത്തിൽ വരേണ്ടത് അല്ലാതെ തൻകാര്യം വൻകാര്യം നോക്കുന്നവരാകരുത്. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം ജീർണ്ണിച്ചുകൊണ്ടിരിക്കുന്നത്.

മലയാള നാടകത്തിന്റ ആരംഭം നാട്യശാസ്ത്രത്തിൽ നിന്നുള്ള ചവിട്ടുനാടകങ്ങളിലൂടെയാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ “ഭാഷാശാകുന്തളമാണ്” മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകം. പിന്നീട് വന്ന സാമൂഹ്യ നാടകം 1905 ൽ കൊച്ചീപ്പൻ തരകന്റെ “മറിയാമ്മ”, കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ബൈബിൾ കേന്ദ്രമാക്കിയുള്ള ചരിത്ര നാടകം “എബ്രായകുട്ടി”, കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം കെ.ദാമോദരന്റെ “പാട്ടബാക്കി”. ഇങ്ങനെ പലരുടെയും നാടകം തഴച്ചു വളർന്നു. തോപ്പിൽ ഭാസി 1952 ൽ ഒളുവിലിരുന്ന് എഴുതിയ നാടകം “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” കെ.പി.എ.സി വഴി അരങ്ങിൽ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയർന്നു. കെ.പി.എ.സി.യുടെ സ്ഥാപക പ്രവർത്തകരിൽ ഒരാൾ കുടിയാണ് തോപ്പിൽ ഭാസി. ആദ്യകാലങ്ങളിൽ സോമൻ എന്ന പേരിലാണ് എഴുതിയത്. തുടർന്നുവന്ന “അശ്വമേധം, സർവ്വേക്കല്ല്, ശരശയ്യ, പുതിയ ആകാശം പുതിയഭൂമി, തുലാഭാരം, മൂലധനം, കയ്യും തലയും പുറത്തിടരുത്, രജനി, പാഞ്ചാലി, ഇന്നലെ ഇന്ന് നാളെ”. 1945 ൽ മുതൽ പല നാടകങ്ങൾ അരങ്ങത്തു വന്നിരുന്നു. കാളിദാസൻെറ “അഭിജ്ഞാനശാകുന്തളം” ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി അരങ്ങിൽ അവതരിപ്പിച്ചു. 1968 ലാണ് അശ്വമേധത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. അങ്ങനെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. “ഒളിവിലെ ഓർമ്മകൾ” ആത്മകഥയാണ്. നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥകൾ എഴുതുക മാത്രമല്ല കഥകളും പതിനാറിലധികം സിനിമകളും സംവിധാനം ചെയ്തു. നാടകങ്ങളെല്ലാം സാമൂഹ്യവിഷ്കാരങ്ങളിലൂടെ ജനകീയമാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റ സഹധർമ്മിണി അമ്മിണിയമ്മ വിട്ടുമുറ്റത്തു നിന്ന് മാവിൽ നിന്ന് മാമ്പഴം പറിച്ചെടുത്തു ചെത്തിമിനുക്കി കഴിക്കാൻ തന്നതിന്റ മധുരം ഇന്നും നാവിലുണ്ട്. മക്കളായ ചലച്ചിത്ര സംവിധാന-ഛായാഗ്രാഹകൻ അജയൻ, അഡ്വ.സോമൻ, രാജൻ, സുരേഷ്, മാലയെയും ഈ അവസരം സ്മരിക്കുന്നു. തോപ്പിൽ ഭാസി അന്തരിച്ചത് 1992 ഡിസംബർ 8 നാണ്.

സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളിലൂടെ നാടകശാഖയ്ക്ക് പുനർജ്ജന്മം നൽകിയ, മനുഷ്യവകാശങ്ങളുടെ സംരക്ഷകനായിരുന്ന, ഈ ലോകസുഖത്തിന്റ ലഹരിയിൽ ആനന്ദം കണ്ടെത്താതെ നവോത്ഥാനത്തിന്റ ശബ്ദമുയർത്തിയ മനസ്സിനെ കുളിർപ്പിച്ച ക്രാന്തദർശിയായ തോപ്പിൽ ഭാസി മലയാള ഭാഷയുടെ നിറനിലാവിൽ എന്നും പ്രകാശിച്ചു നിൽക്കും. എനിക്ക് കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു സാഹിത്യ മത്സരത്തിൽ സമ്മാനം ലഭിച്ചപ്പോൾ താമരകുളത്ത് ഉദ്‌ഘാടകനായി വന്നത് തോപ്പിൽ ഭാസി സാറാണ്. അന്നത്തെ അദ്ദേഹത്തിന്റ പ്രസംഗം വിഡിയോയായി എന്റെ വെബ്‌സൈറ്റിൽ ഇപ്പോഴുമുണ്ട്. അതിൽ പറയുന്ന ഒരു വാചകം “കാരൂർ സോമൻ എന്റെ അയൽക്കാരനെന്ന് എനിക്കറിയില്ലായിരുന്നു”. അവതാരികയുടെ പ്രസക്ത ഭാഗം. ഇത് പ്രസിദ്ധീകരിച്ചത് അസെൻസ് ബുക്ക്സാണ്.

“മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവസാഹിത്യ സഖ്യ അംഗ൦ കാരൂർ സോമനെ ഞാനറിഞ്ഞത് റേഡിയോ നാടകങ്ങളിലൂടെയാണ്. ഡോ.കെ.എം. ജോർജ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്ത് ഇന്ത്യയിലെ അഞ്ച് ഭാഷകളിൽ കഥ -കവിത മത്സരം നടന്നു. മലയാളത്തിൽ കവിതയ്ക്ക് സമ്മാനം നേടിയത് കാരൂർ സോമനായിരിന്നു. അതിന്റെ അനുമോദന സമ്മേളനം ജന്മനാടായ താമരകുളത്തു വച്ച് നടന്നു. അതിൽ ഉത്ഘടകനായി ചെല്ലുവാനും കാരൂരിനെ നേരിൽ കണ്ട് അഭിന്ദിക്കാനും സാധിച്ചു.

ചെറുപ്പം മുതൽ നാടകങ്ങളും, കവിതകളുമെഴുതി നോവൽ രംഗത്തേക്ക് കടന്നുവന്നിരിക്കുന്ന കാരൂരിന്റ “കടലിനക്കരെ എംബസ്സി സ്കൂൾ” സംഗീത നാടകം ഗൾഫിലെ സ്കൂളുകളിൽ നടക്കുന്ന അഴിമതികളുടെ ചുരുളഴിക്കുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഈ നാടകം വ്യത്യസ്തമായ നവഭാവ സവിശേഷതകൾ കൊണ്ട് സംഘർഷഭരിതമാണ്. ഒപ്പം സ്‌നേഹവും പ്രണയവും നാടകത്തിന് ഉണർവ് പകരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകമെന്ന നിലയ്ക്കും ഈ നാടകം മലയാളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും”.

സ്‌നേഹപുർവ്വം ..തോപ്പിൽ ഭാസി.