രാജകുടുംബത്തില്‍ നിന്നും നേരിട്ട വംശീയാധിക്ഷേപങ്ങളെ കുറിച്ച് മേഗന്‍ മാര്‍ക്കിളും രാജകുമാരന്‍ ഹാരയും പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. മേഗന്‍ മാര്‍ക്കിളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരവും ടിവി അവതാരകയുമായ സിമി ഗരേവാള്‍.

”മേഗന്‍ പറഞ്ഞ ഒരു കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു വാക്ക് പോലും. ഇരയാണെന്ന് വിശ്വസിപ്പിക്കാന്‍ അവള്‍ കള്ളം പറയുകയാണ്. വംശീയത എന്ന മറ ഉപയോഗിച്ച് അവള്‍ സിംപതി നേടാനാണ് ശ്രമിക്കുന്നത്. പാപിയാണവള്‍” എന്നാണ് സിമി ഗരേവാളിന്റെ ട്വീറ്റ്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയതിന്റെ കാരണമാണ് മേഗനും രാജകുമാരന്‍ ഹാരിയും തുറന്നുപറഞ്ഞത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തില്‍ നിന്നും മേഗനെ സംരക്ഷിക്കുന്നതില്‍ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളര്‍ത്തിയെന്നും ഹാരി പറയുന്നു.

ഗര്‍ഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കുമോ എന്നതില്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും രാജകുടുംബത്തില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനം ഹാരിയുടേതായിരുന്നെന്നും തന്റെയും ഹാരിയുടെയും ജീവിതത്തെ ആ തീരുമാനം രക്ഷിച്ചെന്നും മേഗന്‍ പറഞ്ഞു.