നാസിക്കിലെ കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന. റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന കരസേനയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. റോയ് മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും കരസേന ആരോപിക്കുന്നു. ഒരു പ്രാദേശിക ചാനലില്‍ കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ റോയ് മാത്യു നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം കഴിഞ്ഞ 25 മുതല്‍ റോയ് മാത്യുവിനെ കുറിച്ച് കുടുംബത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. റോയ് മാത്യു ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു കരസേന നല്‍കിയിരുന്ന വിശദീകരണം. തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്. റോയ് മാത്യുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് വ്യാഴാഴ്ച മാത്രമാണ് തങ്ങളറിഞ്ഞതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. പിന്നെയെങ്ങനെ ഇതിന്റെ പേരില്‍ റോയ് മാത്യുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്നും കരസേന ചോദിക്കുന്നു. എന്നാല്‍, റോയ് മാത്യുവിന്റെ മരണം പൊലീസ് അന്വേഷിക്കണമെന്ന് സബ്കാ സംഘര്‍ഷ് സൈനിക് കമ്മിറ്റി അധ്യക്ഷന്‍ നളിന്‍ തല്‍വാര്‍ ആവശ്യപ്പെട്ടു.