തണ്ണിത്തോട് (പത്തനംതിട്ട) ∙ സഹോദരന്റെ കൊലപാതകത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തൻവീട്ടിൽ ജസ്റ്റിൻ സി.എബി (28) ആണ് അറസ്റ്റിലായത്. ജസ്റ്റിന്റെ സഹോദരൻ ജെറിൻ (23) കഴിഞ്ഞ 5ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജെറിൻ ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാൻ താൽപര്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സഹോദരങ്ങൾ വാക്കുതർക്കമുണ്ടാകുകയും ജസ്റ്റിൻ വിറക് ഉപയോഗിച്ച് ജെറിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ബോധരഹിതനായ ജെറിനെ കുളിപ്പിച്ച് കിടത്തി. തണ്ണിത്തോട് ബസ് സ്റ്റാൻഡിൽ കട നടത്തുന്ന മാതാപിതാക്കൾ വൈകിട്ട് എത്തിയപ്പോൾ ജെറിന് അപസ്മാരം വന്നതാകാമെന്നു കരുതി ആശുപത്രിയിൽ കൊണ്ടുപോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജെറിന്റെ തലയ്ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടതിനെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ജെറിന്റെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളിൽനിന്നു പൊലീസ് കണ്ടെടുത്തു.

കൊലപാതകത്തിന് അറസ്റ്റിലായ ജസ്റ്റിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ബിബിൻ പ്രകാശ്, എഎസ്ഐമാരായ ജോയി, അഭിലാഷ്, ദിലീപ് ഖാൻ, സിപിഒമാരായ അരുൺ, സന്തോഷ്, സുമേഷ്, ഡബ്ല്യുസിപിഒ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.