ന്യൂഡൽഹി ∙ കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാർക്കു നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാം.

കഴിഞ്ഞ വർഷവും പത്താം ക്ലാസിൽ സിബിഎസ്ഇ ഇതേ രീതിയാണ് പരിഗണിച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കും. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് തീരുമാനമെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, സ്കൂൾ, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറിമാർ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കുട്ടികളുടെ ക്ഷേമമാണ് സർക്കാരിന് പരമപ്രധാനമെന്ന് പ്രധാനമന്ത്രി നിലപാടെടുത്തു. കുട്ടികളുടെ അക്കാദമിക കാര്യങ്ങളെ ബാധിക്കാതെയും ആരോഗ്യ സംരക്ഷണം നടത്തിയും വേണം മന്നോട്ടുപോകാനെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM

10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്താനാണ് സിബിഎസ്ഇ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളിലും ബോർഡ് പരീക്ഷയ്ക്കെതിരെ എതിർപ്പു ശക്തമായിരുന്നു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ ബോർഡ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.