ബിനോയ് എം. ജെ.

മതം ഒരു പൗരാണിക വിഷയമാണ്. അത് എന്തിനു വേണ്ടി നിലകൊള്ളുന്നു? വ്യക്തിയുടെ ക്ഷേമമാണ് മതത്തിന്റെ ലക്ഷ്യം. ഒരു പക്ഷേ വ്യക്തിയുടെ ക്ഷേമത്തെക്കുറിച്ച് ആധുനിക മനുഷ്യന് അറിയാവുന്നതിലൂം കൂടുതൽ കാര്യങ്ങൾ പൗരാണിക മനുഷ്യന് അറിയാമായിരുന്നു എന്നതാണ് സത്യം. മതത്തിൽ നിന്നും ആദ്ധ്യാത്മികതയിൽ നിന്നും ആധുനിക ലോകം വ്യതിചലിച്ചിരിക്കുന്നു. ഇതാണ് ആധുനിക ലോകത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനപരമായ കാരണം. അതീന്ദ്രിയ അനുഭവങ്ങളും, ദർശനങ്ങളും, സമാധിയും മറ്റും ഉള്ളതായി പോലും ആധുനിക സമൂഹം സമ്മതിക്കുന്നില്ല. മന:ശ്ശാസ്ത്രം ഇനിയും വളരെയധികം വളരുവാൻ കിടക്കുന്നു. മതത്തിന്റെ ശ്രദ്ധാകേന്ദ്രം ധർമ്മശാസ്ത്ര(Ethics)മാകുന്നു. എന്നാൽ ആധുനിക കാലങ്ങളിൽ മതത്തിന്റെ(ആദ്ധ്യാത്മികതയുടെ) ശ്രദ്ധാകേന്ദ്രം മന:ശ്ശാസ്ത്രത്തിലേക്ക് തിരിയുന്നു എന്നുള്ളത് കൂടുതൽ പ്രതീക്ഷകൾക്ക് വക നൽകുന്ന കാര്യമാണ്. കാരണം ഇവിടെ മതം കൂടുതൽ ശാസ്ത്രീയമാകുവാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നു. ഓഷോയും സദ്ഗുരുവും മറ്റും പ്രഗത്ഭരായ മന:ശ്ശാസ്ത്രജ്ഞന്മാരാണ്.

ആദ്ധ്യാത്മികതയെ മതത്തിൽ നിന്നും ധർമ്മശാസ്ത്രത്തിൽനിന്നും വേർപെടുത്തി, മറ്റു മാനവിക വിഷയങ്ങൾക്ക് വീതിച്ചു നൽകുക എന്നത് കാലത്തിന്റെ ആവശ്യമാകുന്നു. ഇപ്രകാരം ആദ്ധ്യാത്മികതയെ ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോൾ അത് അന്ധവിശ്വാസജഡിലമായ പഴയ മേഖലകളിൽനിന്നും മോചനം നേടി യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന വാദഗതികളെ സ്വീകരിക്കുകയും മാനവസംസ്കാരത്തിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യും. അപ്പോൾ ശാസ്ത്രം ആദ്ധ്യാത്മികതയിലൂടെയും ആദ്ധ്യാത്മികത ശാസ്ത്രത്തിലൂടെയും പുനർജ്ജനിക്കുന്നു. ഇത് സംഭവിക്കുമ്പോൾ മനുഷ്യജീവിതത്തിൽ ഗംഭീരമായ കുതിച്ചു ചാട്ടം ഉണ്ടാകുന്നു എന്നതിൽ സംശയമില്ല.

ഇനി ആദ്ധ്യാത്മികതയെ സൂഹശാസ്ത്രത്തിലേക്ക് എങ്ങനെ പരിവർത്തനം ചെയ്യാമെന്ന് നോക്കാം. ഇത് കൂടുതൽ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. സമൂഹത്തിന്റെ നന്മ രാഷ്ട്രതന്ത്രം ചർച്ച ചെയ്യുന്നു. കാറൽ മാർക്സിന്റെ സോഷ്യലിസവും കമ്മ്യൂണിസവുമൊക്കെ ആദ്ധ്യാത്മികതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഗംഭീരമായ പരിശ്രമങ്ങൾ ആകുന്നു. ഈശ്വരവിശ്വാസവും ആദ്ധ്യാത്മികതയും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലെന്നുള്ളതാണ് സത്യം. ശാസ്ത്രം ഈശ്വരനെ അംഗീകരിച്ചാലും നിഷേധിച്ചാലും അത് ശാസ്ത്രത്തിന്റെ ആദ്ധ്യാത്മികതയിലേക്കുള്ള പുരോഗതിക്ക് തടസ്സമാകുന്നില്ല എന്ന് സാരം. ഏറ്റവും സങ്കുചിതമായ രീതിയിൽ പറഞ്ഞാൽ സ്വാർത്ഥതയെ വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ തുരത്തുക എന്നതാണ് ആദ്ധ്യാത്മികതയുടെ കാതൽ. ഈയർത്ഥത്തിൽ സ്വകാര്യ സ്വത്തും അസമത്വവും ആദ്ധ്യാത്മികതയെ തകർക്കുന്ന ശക്തികളാണ്.

ഇപ്രകാരം ആദ്ധ്യാത്മികതയെ മന:ശ്ശാസ്ത്രത്തിലേക്കും സമൂഹശാസ്ത്രത്തിലേക്കും പരിവർത്തനപ്പെടുത്തിയെടുക്കുക എന്നതാകുന്നു ആധുനിക ശാസ്ത്ര ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്രകാരം മന:ശ്ശാസ്ത്രവും സാമൂഹശാസ്ത്രവും പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുമ്പോൾ മതത്തിനും ധർമ്മശാസ്ത്രത്തിനും മുമ്പുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്നു. പരീക്ഷണ-നിരീക്ഷണങ്ങൾക്കും യുക്തി ചിന്തക്കും ചേക്കേറുവാനുള്ള പുതിയ ഒരു മേഖലയായി ആദ്ധ്യാത്മികത മാറുന്നു.

ആധുനിക മനുഷ്യന്റെ ബുദ്ധിശക്തി മാത്രമേ ഉണർന്നിട്ടുള്ളൂ, ആദ്ധ്യാത്മികത ഉണർന്നിട്ടില്ല. ബുദ്ധിക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. ബുദ്ധിക്കും അപ്പുറം പോകുമ്പോൾ ആദ്ധ്യാത്മികതയിലേക്കുള്ള വാതിൽ തുറന്ന് കിട്ടുന്നു. അവനിലെ അനന്തശക്തി ഉണരുന്നു. അനന്തശക്തി എന്ന് കേൾക്കുമ്പോൾ അതെന്താണെന്ന് ശാസ്ത്രലോകം ചോദിക്കുന്നു. ബുദ്ധിക്കും അപ്പുറം പോകുവാനുള്ള ഇച്ഛാശക്തിയും മന:ക്കരുത്തുമാണ് മനുഷ്യന് ഇന്നാവശ്യം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120